കണ്ണൂര്‍ : കഴിഞ്ഞ ദിവസം നടന്ന നഴ്സുമാരുടെ സംഘടനയുടെ കളക്ടറേറ്റ് മാര്‍ച്ചിനിടെ എം വിജിന് എംഎല്‍എയുടെ ശകാര വര്‍ഷം ഏറ്റുവാങ്ങേണ്ടി വന്ന ടൗണ്‍ എസ്ഐ പി പി ഷമീലിനെതിരെ അന്വേഷണത്തിന് ഉത്തരവ്. എം എല്‍ എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്.
കണ്ണൂര്‍ എസിപിക്കാണ് അന്വേഷണ ചുമതല. എസ്ഐക്കെതിരെ സി പി എമ്മും രംഗത്ത് വന്നു.
കണ്ണൂരില്‍ കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷന് സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ചിനിടെ സമരക്കാര്‍ കളക്ടറേറ്റ് വളപ്പില്‍ കടന്നുകയറിയതാണ് പ്രശനങ്ങള്‍ക്ക് കാരണം. കളക്ടറേറ്റില്‍ കടന്ന് സമരം നടത്താന്‍ അനുവാദമില്ലെന്നിരിക്കെയാണ് സംഭവം.
നേരത്തേ അറിയിച്ചിട്ടാണ് മാര്‍ച്ച് നടത്തിയതെങ്കിലും ഗേറ്റില്‍ പൊലീസ് തടയാത്തതാണ് സമരക്കാര്‍ കളക്ടറേറ്റ് വളപ്പില്‍ കടക്കാന്‍ കാരണമെന്ന് പറഞ്ഞാണ് വിജിന് എം എല്‍ എ എസ് ഐയോട് തട്ടിക്കയറിയത്. കടന്നുകയറി സമരം നടത്തിയവര്‍ക്കെതിരെ നിയമപ്രകാരം കേസെടുക്കാന്‍ തുനിഞ്ഞതാണ് എം എല്‍ എയെ പ്രകോപിപ്പിച്ചത്. എം എല്‍ എ ആയിരുന്നു ഉദ്ഘാടകന്‍.
സംഭവത്തിന് പിന്നാലെ എസ് ഐയെ കുറ്റപ്പെടുത്തി ഇടതുമുന്നണി കണ്‍വീനര്‍ പി ജയരാജനും രംഗത്തുവന്നിരുന്നു. സമരക്കാരെ കളക്ടറേറ്റ് വളപ്പില്‍ തടയാത്തത് പൊലീസിന്റെ വീഴ്ചയാണെന്നാണ് ആരോപണം.
സമരം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും എം എല്‍ എയെ ഒഴിവാക്കിയെന്ന കൗതുകവും ഇന്നുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: