Categories: Business

ഇന്ത്യയുടെ നടപ്പു സാമ്പത്തിക വളര്‍ച്ച 2022-23നേക്കാള്‍ മുന്നിലെന്ന് ആദ്യ മുന്‍കൂര്‍ മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ട്; ഇന്ത്യയുടെ വളര്‍ച്ച 7.3 ശതമാനം

Published by

മുംബൈ: ഇന്ത്യയുടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മെച്ചപ്പെട്ടതാകുമെന്ന് ആദ്യ മുന്‍കൂര്‍ മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ട്. (ഫസ്റ്റ് അഡ് വാന്‍സ് എസ്റ്റിമേറ്റ്- First Advanced Estimate). നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് (NSO) ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2022-23ല്‍ ഇന്ത്യയുടെ വളര്‍ച്ച 7.2 ശതമാനമായിരുന്നെങ്കില്‍ 2023-24ല്‍ ഇത് 7.3 ശതമാനമാകുമെന്നാണ് വിലയിരുത്തല്‍. ഉല്‍പാദന വ്യവസായരംഗത്തെ കുതിപ്പാണ് ഇന്ത്യയ്‌ക്ക് കരുത്താവുന്നത്. ഇന്ത്യയെ സേവന രംഗത്തെന്നത് പോലെ ഉല്‍പാദനരംഗത്തും നിര്‍ണ്ണായകശക്തിയായി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മോദി സര്‍ക്കാര്‍ പിഎല്‍ഐ (ഉല്‍പാദനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക സൗജന്യങ്ങള്‍) പദ്ധതി കൊണ്ടുവന്നത്. ഇത് ഇലക്ട്രോണിക് വ്യവസായ രംഗത്ത് വലിയ കുതിപ്പ് ഇന്ത്യയ്‌ക്ക് നല്‍കി. അതുപോലെ മൊബൈല്‍, മൊബൈല്‍ അനുബന്ധ വ്യവസായങ്ങളിലും ഇന്ത്യ കുതിക്കുകയാണ്. ചൈനയ്‌ക്ക് പകരം ഇന്ത്യ എന്ന മുദ്രാവാക്യം വികസിത പാശ്ചാത്യരാജ്യങ്ങളുടെ മുന്‍പില്‍ ഇന്ന് ഒരു സാധ്യതയായി മാറിയിരിക്കുകയാണ്. ആപ്പിള്‍ ഐ ഫോണ്‍ ചൈനയ്‌ക്ക് പുറമെ ഇന്ന് ഇന്ത്യയെയും ഉല്‍പാദനകേന്ദ്രമായി കണക്കാക്കുന്നു. ഗൂഗിള്‍, ആമസോണ്‍, ടെസ് ല തുടങ്ങി ആഗോളഭീമന്മാര്‍ ഇന്ത്യയില്‍ വലിയ നിക്ഷേപസാധ്യതയും ഉപഭോഗസാധ്യതയും മുന്നില്‍ കാണുന്നു.

ഉല്‍പാദന വ്യവസായരംഗത്തെ വളര്‍ച്ച നടപ്പുസാമ്പത്തിക വര്‍ഷം 6.5 ശതമാനമായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. 2022-23ല്‍ ഇത് വെറും 1.3 ശതമാനമായിരുന്നു. ഇന്ത്യയുടെ ആകെ ജിഡിപിയുടെ 17 ശതമാനമാണ് ഈ മേഖലയുടെ സംഭാവന.

അതേ സമയം കാര്‍ഷിക, കന്നുകാലികള്‍, വനം, മീന്‍പിടുത്തരംഗം എന്നിവയില്‍ ഇന്ത്യയുടെ നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ക്ഷീണമുണ്ട്. 2022-23ലെ വളര്‍ച്ച നാല് ശതമാനമായിരുന്നെങ്കില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ (2023-24) അത് 1.8 ശതമാനമാണ്. അതേ സമയം ഖനനം, ക്വാറി മേഖലകള്‍ 4.6 ശതമാനമായിരുന്നു 2022-23ലെ വളര്‍ച്ചത്തോതെങ്കില്‍ ഇപ്പോഴത് ഏകദേശം ഇരട്ടിയുടെ അടുത്തായി 8.1 ശതമാനത്തില്‍ എത്തിയിരിക്കുന്നു. അതേ സമയം വ്യാപാരം, ഹോട്ടല്‍, ഗതാഗതം, വാര്‍ത്താവിനിമയം, സേവനം എന്നീ രംഗങ്ങള്‍ 2022-23ല്‍ 14 ശതമാനം വളര്‍ച്ച നേടിയിരുന്നെങ്കില്‍ 2023-24ല്‍ അത് 6.3 ശതമാനം മാത്രമാണ്.

എന്തായാലും സാമ്പത്തിക വിദഗ്ധരും വിശകലനക്കാരും ഏഴ് ശതമാനം വളര്‍ച്ചയാണ് നടപ്പു സാമ്പത്തിക വര്‍ഷം പ്രവചിച്ചിരുന്നത്. അതുതന്നെ നേരത്തെ സര്‍ക്കാര്‍ തന്നെ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്കായിരുന്നു. പക്ഷെ അതാണിപ്പോള്‍ ആദ്യ മുന്‍കൂര്‍ മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ടില്‍ 7.3 ശതമാനമായി ഉയര്‍ന്നിരിക്കുന്നത്. ഇത് പ്രതീക്ഷ ഉണര്‍ത്തുന്നു. റിസര്‍വ്വ് ബാങ്ക് തന്നെയും ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെ സംബന്ധിച്ചുള്ള പ്രതീക്ഷയില്‍ ശോഭനമായ തിരുത്തല്‍ വരുത്തിയിരുന്നു. ആദ്യം 2023-24ല്‍ 6.5 ശതമാനം മാത്രം വളര്‍ച്ച പ്രവചിച്ചിരുന്ന റിസര്‍വ്വ് ബാങ്കാണ് പിന്നീട് ഏഴ് ശതമാനമാക്കി സാമ്പത്തിക വളര്‍ച്ചാനിരക്കിനെ ഉയര്‍ത്തിയത്. ഇതിന് കാരണം പല നിര്‍ണ്ണായകരംഗങ്ങളിലും ഇന്ത്യ നേടിയ കുതിപ്പാണ്.

2023-24ലെ സെപ്തംബറില്‍ ത്രൈമാസ പാദത്തില്‍ (ജൂലായ്, ആഗസ്ത്-സെപ്തംബര്‍ ഉള്‍പ്പെടുന്ന മൂന്ന് മാസങ്ങള്‍) 7.6 ശതമാനമായിരുന്നു വളര്‍ച്ച. 2023-24ലെ ജൂണ്‍ ത്രൈമാസ പാദത്തില്‍ (ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങള്‍ ഉള്‍പ്പെടുന്ന ത്രൈമാസ കാലയളവ്) ഇന്ത്യയുടെ വളര്‍ച്ച ശോഭനമായ 7.8 ശതമാനമായിരുന്നു. ഇതാണ് റിസര്‍വ്വ് ബാങ്കിനെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് പുതിയ പ്രതീക്ഷാനിര്‍ഭരമായ മൂല്യനിര്‍ണ്ണയത്തിന് പ്രേരിപ്പിച്ചത്.

ആദ്യ മുന്‍കൂര്‍ മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ട് കണക്കാക്കുന്നതെങ്ങിനെ?
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അടിസ്ഥാന ഘടകങ്ങളെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ടോ മൂന്നോ ത്രൈമാസ സാമ്പത്തികപാദങ്ങളുമായി താരതമ്യം ചെയ്താണ് ആദ്യ മുന്‍കൂര്‍ മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഉപഭോക്തൃ നാണ്യപ്പെരുപ്പം, വ്യവസായികോല്‍പാദന സൂചിക, സാമ്പത്തിക കണക്കുകളുടെ പരിഷ്കരിച്ച മൂല്യനിര്‍ണ്ണയം, ലിസ്റ്റ് ചെയ്ത കമ്പനികളുടെ സാമ്പത്തിക ഫലങ്ങള്‍ തുടങ്ങിയ ഉയര്‍ന്ന മൂല്യങ്ങളുള്ള സൂചനകള്‍ കണക്കിലെടുത്താണ് ഇത് ചെയ്യുന്നത്.

ബജറ്റ് തയ്യാറാക്കുമ്പോള്‍ സഹായകരമായ ‍ഡേറ്റ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ 2016-17 മുതലാണ് എല്ലാ വര്‍ഷവും ജനവരിയില്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കള്‍ ഓഫീസ് ആദ്യ മുന്‍കൂര്‍ മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. ജിഡിപിയുടെ അനുപാതം കണക്കാക്കി ബജറ്റ് നമ്പറുകള്‍ കണക്കാക്കാന്‍ ആദ്യ മുന്‍കൂര്‍ മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ട് സഹായിക്കും. ബജറ്റ് തയ്യാറാക്കുന്ന സമയത്ത് നികുതി പിരിവന്റെ അനുപാതം, പരിഷ്കരിച്ച സാമ്പത്തിക കമ്മി എന്നിവ കണക്കുകൂട്ടാനും ഈ റിപ്പോര്‍ട്ട് സഹായകരമാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക