കന്നഡ സിനിമയിലെ സൂപ്പര്‍ താരമാണ് ശിവ രാജ്കുമാര്. ഈയ്യടുത്തിറങ്ങിയ രജനീകാന്ത് ചിത്രം ജയിലറിലെ ശിവ രാജ്കുമാറിന്റെ അതിഥി വേഷം വന്‍ ഹിറ്റായി മാറിയിരുന്നു. ഇതിലൂടെ കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം വലിയ തരംഗമായി മാറാനും അദ്ദേഹത്തിന് സാധിച്ചു. ഒരു ഡയലോഗ് പോലുമില്ലാതെ വന്ന് മോഹന്‍ലാലും രജനീകാന്തുമുളള രംഗത്തില്‍ കയ്യടി നേടിയെടുക്കാന്‍ ശിവ രാജ്കുമാറിന് സാധിച്ചിരുന്നു.
കന്നഡ സിനിമയുടെ ഇതിഹാസ താരം രാജ്കുമാറിന്റെ മൂത്ത മകനാണ് ശിവ രാജ്കുമാര്. ഇപ്പോഴിതാ രാജ്കുമാറിനെ വീരപ്പന് തട്ടിക്കൊണ്ടു പോയ സംഭവത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ശിവ രാജ്കുമാര്. പുതിയ സിനിമയായ ക്യാപ്റ്റന്‍ മില്ലറിന്റെ പ്രൊമോഷന് വേണ്ടി നല്കിയ അഭിമുഖത്തിലായിരുന്നു ശിവണ്ണ മനസ് തുറന്നത്.
‘അച്ഛനെക്കുറിച്ചും അപ്പുവിനെക്കുറിച്ചും ചിന്തിക്കാത്ത ദിവസങ്ങളില്ല. എല്ലായിപ്പോഴും അവരെക്കുറിച്ചുള്ള ചിന്തകള്‍ വരും. ഒരു ദിവസം രണ്ടോ മൂന്നോ തവണ ആ ഫ്ളാഷ്ബാക്കുകള്‍ വന്നു പോകും. വീരപ്പനെക്കുറിച്ച് ഓര്‍ക്കാനേ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അത് വളരെ പ്രയാസകരമായിരുന്നു. ഞങ്ങള്‍ക്ക് മാത്രമായിരുന്നില്ല. ഇന്‍ഡസ്ട്രിയ്ക്കാകെ തന്നെ. കന്നഡ സിനിമ ആ സമയത്ത് പ്രവര്‍ത്തിച്ചിരുന്നില്ല. ഒരുപാട് പേര് ആ സമയത്ത് വിളിക്കുമായിരുന്നു. രജനി സാറും അര്ജുന് സര്‍ജയും മുരളിയും കമല്‍ ഹാസന്, അമിതാഭ് ബച്ചന്, ശിവാജി ഗണേശന്, ചിരഞ്ജീവി എല്ലാവരും വിളിച്ചിരുന്നു. അവര്‍ക്കെല്ലാം കരുതലും സ്നേഹവുമുണ്ടായിരുന്നു” ശിവ രാജ്കുമാര് പറയുന്നു.
അവര്‍ അവരെയൊക്കെ വഴക്ക് പറയാന്‍ സാധിക്കുന്ന ബന്ധമുള്ള വ്യക്തിയായിരുന്നു. അത്ര സ്നേഹമായിരുന്നു. അവരുടെയൊക്കെ സ്നേഹവും കരുതലും കാരണമാണ് ഞങ്ങള്‍ക്ക് ആ സമയം കടന്നു പോകാനായത്. ആളുകളുടെ മാനസിക പിന്തുണ വളരെ പ്രധാനപ്പെട്ടതായിരുന്നു. അതേസമയം അദ്ദേഹം തിരികെ വരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. പക്ഷെ ആ സമയത്ത് അവര്‍ക്ക് കാല് മുട്ടിന് പ്രശ്നമുണ്ടായിരുന്നു. ഒരുപാട് ദൂരം വീരപ്പന് നടത്തിപ്പിച്ചു. അതായിരുന്നു ഞങ്ങളുടെ ആശങ്ക. ആരോഗ്യം എന്തായിരിക്കുമെന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.
തിരികെ വന്നതിന് ശേഷം അച്ഛന് പറഞ്ഞത് വെളിച്ചം കാണുന്നത് ഇപ്പോഴാണെന്നാണ്. വെറും ഇരുട്ടായിരുന്നു കാട്ടില്‍. കാടിന്റെ കടും പച്ചയും. അരുവുയുണ്ടായിരുന്നു. തുറസായ സ്ഥലത്തു കൂടെ പോയിട്ടേ ഇല്ലായിരുന്നുവെന്നും പറഞ്ഞു. പക്ഷെ അച്ഛന് യോഗയൊക്കെ ചെയ്തിരുന്നു. അതിനാലാണ് പിടിച്ചു നില്ക്കാന് സാധിച്ചത്. കില്ലിംഗ് വീരപ്പന് ചെയ്യുമ്പോള്‍ റിവഞ്ച് ഫീല്‍ രാം ഗോപാല്‍ വര്‍മ്മ കൊണ്ടു വന്നിരുന്നു. ചെറിയൊരു സംതൃപ്തി ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: