ബെംഗളൂരു: ഭാരതത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 ന് ഇനി നിര്‍ണായക നിമിഷങ്ങള്‍. ശനിയാഴ്ച വൈകിട്ടോടെ പേടകം ലഗ്രാഞ്ച് പോയിന്റിന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ലഗ്രാഞ്ച് പോയിന്റ് ഒന്നിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റെന്ന ഭ്രമണപഥത്തിലേക്കാണ് ആദിത്യ എല്‍ 1 പ്രവേശിക്കുക. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ആദിത്യ ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകര്‍ഷണ സ്വാധീനമുള്ള ലഗ്രാഞ്ച് പോയിന്റ് ഒന്നിന്റെ സമീപമെത്തിയത്.
ഭ്രമണപഥത്തിലേക്ക് മാറ്റുന്നതിനിടെ സൂര്യനില്‍നിന്ന് പുറത്തേക്കു വരുന്ന തീവ്രതയേറിയ രശ്മികളില്‍ നിന്ന് പേടകത്തിലെ പേലോഡുകളായ വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണഗ്രാഫും (വിഇഎല്‍സി) സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്കോപ്പും (എസ്യുഐടി) സംരക്ഷിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്.
വിക്ഷേപിച്ച് 127-ാം ദിവസമാണ് ആദിത്യ എല്‍1 ലക്ഷ്യസ്ഥാനമായ ഹാലോ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നത്. ഇവിടെ തുടരുന്നതാണ് പേടകത്തിന്റെ സുരക്ഷക്കും കാര്യക്ഷമതക്കും ഉത്തമം. സപ്തം. രണ്ടിന് വിക്ഷേപിച്ച പേടകം സപ്തം. 18 മുതല്‍ സൂര്യനെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയിരുന്നു.
സൂര്യന്റെ ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, കൊറോണ എന്നിവയെക്കുറിച്ചുള്ള പഠനം, സൂര്യന്റെ പ്രതലത്തെക്കുറിച്ചും അന്തരീക്ഷത്തെ കുറിച്ചും പഠിക്കുക, സൂര്യന്റെ കാന്തിക വലയത്തെ മനസിലാക്കുക, അതിനു ഭൂമിയുടെ മേലുള്ള സ്വാധീനം തിരിച്ചറിയുക എന്നതൊക്കെയാണ് ആദിത്യ എല്‍ 1 ന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഏഴ് പേലോഡുകളാണ് ഇതിനായി പേടകത്തിലുള്ളത്. ഇതില്‍ നാലെണ്ണം സൂര്യനെക്കുറിച്ചും മൂന്നെണ്ണം ലഗ്രാഞ്ച് പോയിന്റ് ഒന്നിനെ കുറിച്ചുമാണ് പഠിക്കുക. അഞ്ച് വര്‍ഷവും രണ്ടു മാസവുമാണ് ദൗത്യത്തിന്റെ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: