സാംസ്കാരിക പൈതൃകത്തിനു മാതൃകാപരമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രൊഫ. കെ. കെ. കൃഷ്ണന് നമ്പൂതിരി നവതിയുടെ നിറവില്‍.
വൈദിക സംസ്കാരം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് സാഹിത്യം, അദ്ധ്യാപനം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പ്രതിഭ തെളിയിച്ച കൃഷ്ണന് നമ്പൂതിരി, ജന്മഭൂമി സംസ്കൃതി പേജില്‍ ഉള്‍പ്പെടെ ദിനപത്രങ്ങളിലും മറ്റു പല ആനുകാലികങ്ങളിലും, ഭാരതീയ പാരമ്പര്യത്തിന്റെ മൂല്യം പരിചയപ്പെടുത്തി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
ഹിന്ദി, മലയാളം, ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകളില്‍ 20 ലധികം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ‘ ഗണിത് കെ അദ്ഭുത് മനീഷി ശ്രീനിവാസ രാമാനുജന്’ എന്ന കൃതിക്ക് മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മയില്‍ നിന്നും 1993ല്‍ ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. വേദങ്ങള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുക്കള്‍, ശാസ്ത്രങ്ങള്‍, ദര്‍ശനങ്ങള്‍, സ്മൃതികള്‍, ഇതിഹാസങ്ങള്‍ ഇങ്ങനെ അനേക ഗ്രന്ഥങ്ങളിലായി വ്യാപിച്ചു കിടന്നിരുന്ന സംസ്കാരത്തെ ക്രോഡീകരിച്ച് എഴുതിയ ‘ ഹിന്ദു ധര്‍മ്മ സ്വരൂപം ‘ എന്ന കൃതി വൈജ്ഞാനിക സാഹിത്യലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
സര്‍ക്കാര്‍ കോളേജുകളില്‍ ഹിന്ദി അധ്യാപകനായിരുന്നു. 30ലധികം വര്‍ഷങ്ങള്‍ രാഷ്ട്രഭാഷയായ ഹിന്ദി പഠിപ്പിച്ചിട്ടുള്ള അദ്ദേഹം ഏകദേശം 50,000 ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്ന്നുനല്കിയിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഹിന്ദി വകുപ്പ് മേധാവിയായി വിരമിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല, ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും അദ്ധ്യാപനം നടത്തി. വിവിധ മന്ത്രാലയങ്ങളില്‍ ഉപദേഷ്ടാവ് , ശ്രീ ശങ്കര ട്രസ്റ്റിന്റെ കൗണ്‍സില്‍ അംഗം, ശ്രീ രാഘവേശ്വരം ദേവസ്വത്തിന്റെയും വേദപാഠശാലയുടെയും രക്ഷാധികാരി തുടങ്ങിയ സ്ഥാനം വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ഹിന്ദു സീനിയേഴ്സ് സിറ്റിസണ്‍സ് ഫോറം, ഭാരതീയ വിചാരകേന്ദ്രം,പ്രാചീന വൈദിക സംസ്കാരം പ്രചരിപ്പിക്കുന്ന ഹിന്ദു പാര്‍ലമെന്റ് എന്നിവയിലും സജീവമായിരുന്നു.
യജുര്‍വേദം സാധ്യായം ചെയ്യുന്ന ചുരുക്കം ചിലരില്‍ ഒരാളായ കൃഷ്ണന് നമ്പൂതിരി വേദപാഠശാലയുടെ രക്ഷാധികാരിയുമാണ്. ആത്മീയ പ്രചാരണം , വേദങ്ങള്‍, വിവിധ മത സാംസ്കാരിക പൈതൃകം, ധാര്‍മിക മൂല്യങ്ങള്‍ എന്നിവയില്‍ അദ്ദേഹത്തിന്റെ വിലയേറിയ സംഭാവനകള്‍ പ്രാദേശികമായും സംസ്ഥാനവ്യാപകമായും ദേശീയ അന്തര്‍ദേശീയമായും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വേദങ്ങളിലും പുരാണങ്ങളിലും താല്‍പ്പര്യം വളര്‍ത്തിയെടുക്കുക മാത്രമല്ല, അറിവ് നല്‍കുന്നതിനും ശ്രദ്ധിച്ചിരുന്ന കൃഷ്ണന് നമ്പൂതിരി, ധര്‍മ്മം, സംസ്കാരം, എന്നിവയുടെ പ്രചരണത്തില്‍ നിസ്വാര്‍ത്ഥമായ ജീവിത യാത്രയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
വേദങ്ങളെക്കുറിച്ചുള്ള അഗാധമായ അറിവിന് പുറമേ ഭാരതീയ സംസ്കൃതിയുടെ വാഹകന് കൂടിയായ കൃഷ്ണന് നമ്പൂതിരി ആത്മീയ മേഖലയിലും സാമൂഹിക മേഖലയിലും സാഹിത്യ മേഖലയിലും ഔദ്യോഗിക മേഖലയിലും എല്ലാം ഒരേപോലെ നിറഞ്ഞു വിളങ്ങുന്ന അപൂര്‍വ്വ വ്യക്തിത്വം ആണ് .
ലീലാദേവി ആണ് പത്നി. ഹരികൃഷ്ണന് നമ്പൂതിരി, ശ്രീലത, മഞ്ജു എന്നിവര്‍ മക്കള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: