കോട്ടയം: ബിജെപിയില്‍ ചേര്‍ന്നതിന് ഓര്‍ത്തഡോക്സ് സഭാ വൈദികന് ഫാ.ഷൈജു കുര്യനെതിരെ നടപടിയെടുത്തതിന് പിന്നാലെ സഭാ വിശ്വാസിയായ വീട്ടമ്മയോട് ലൈംഗികചുവയോടെ സംസാരിച്ചതെന്നും പരാതി. വനിതാ കമ്മീഷനിലാണ് പരാതി നല്‍കിയിട്ടുളളത്.
ഫാ.ഷൈജു കുര്യനെതിരെ നിയമനടപടിക്ക് പത്തനംതിട്ട എസ്പിക്ക് നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ പറയുന്നു.ഫാ. മാത്യൂസ് വാഴക്കുന്നമാണ് ഫാ. ഷൈജു കുര്യനെതിരെയുള്ള പരാതി നല്‍കിയത്. ഇടതു അനുകൂല നിലപാട് സ്വീകരിക്കുന്നയാളാണ് ഇദ്ദേഹം.സഭാ തെരഞ്ഞെടുപ്പില്‍ ഫോ. ഷൈജു കുര്യനോട് മത്സരിച്ച് പരാജയപ്പെട്ട വ്യക്തി കൂടിയാണ് ഫാ. മാത്യൂസ് വാഴക്കുന്നം.
ഫാ. ഷൈജു കുര്യനെ നിലവിലെ എല്ലാ ചുമതലകളില്‍ നിന്നും നീക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ പരാതികള്‍ അന്വേഷിക്കാന്‍ കമ്മീഷനേയും നിയോഗിച്ചു. ഇന്നലെ രാത്രിയില്‍ ചേര്‍ന്ന ഭദ്രാസന കൗണ്‍സിലിന്റേതാണ് തീരുമാനം. ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ നിയോഗിക്കുന്ന കമ്മീഷന് പരാതി അന്വേഷിച്ച് രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്കുവാനും തീരുമാനമായി.
അതേസമയം, തന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സഭാനേതൃത്വം അവധി അനുവദിച്ചതെന്ന് ഫാ. ഷൈജു കുര്യന് പ്രതികരിച്ചു. താന്‍ കൂടി ആവശ്യപെട്ടിട്ടാണ് അന്വേഷണമെന്നും ഷൈജു കുര്യന് പറഞ്ഞു.ഫാ ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള 47 പേരാണ് ബി ജെ പിയില്‍ അംഗത്വം എടുത്തത്.
അതിനിടെ, ഷൈജു കുര്യന് ബിജെപിയില്‍ ചേര്‍ന്നതില്‍ റാന്നി ഇട്ടിയപ്പാറയിലെ ഓര്‍ത്തഡോക്സ് സഭാ നിലയ്ക്കല്‍ ഭദ്രാസനത്തിന് മുന്നില്‍ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ പ്രതിഷേധിച്ചു.ഭദ്രാസന സെക്രട്ടറിയുടെ ചുമതലയിലിരുന്ന് ഫാ. ഷൈജു കുര്യന് ബിജെപി അംഗത്വം സ്വീകരിച്ചത് അംഗീകരിക്കില്ലെന്ന് വൈദികരടക്കം വിശ്വാസികള്‍ പറഞ്ഞു.
ഓര്‍ത്തഡോക്സ് സഭയെ അവഹേളിച്ച ഷൈജു കുര്യനെ ഭദ്രാസന ചുമതലയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികള്‍ സഭാ അധ്യക്ഷന്‍ പരാതി നല്‍കിയിരുന്നു. നടപടി വന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധം തുടരുമെന്നും അറിയിച്ചതിന് പിന്നാലെയാണ് ഫാദറിനെതിരെ നടപടിയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: