പ്രാണപ്രതിഷ്ഠാ സമ്പര്‍ക്കത്തിനിടയിലായിരുന്നു ആ കൂടിച്ചേരല്‍… ആദ്യകര്‍സേവക സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ ഒരുമിച്ച് കണ്ടപ്പോള്‍ പെയ്തിറങ്ങിയതത്രയും ഓര്‍മ്മകള്‍… അയോദ്ധ്യയിലേക്കുള്ള യാത്ര, അറസ്റ്റ്, ജയില്‍, നാടൊട്ടുക്ക് നടന്ന സംഘര്‍ഷങ്ങള്‍… വര്‍ഷം 34 പിന്നിടുന്നു. ഇതാ ഇപ്പോള്‍ പ്രാണപ്രതിഷ്ഠയുടെ ആഘോഷം… കരുവിശ്ശേരിയിലെ ഈ വീട്ടില്‍ കരകവിയുകയാണ് ആവേശം… ആദ്യ കര്‍സേവയില്‍ പങ്കെടുത്ത കെ. ഗംഗാധരനും എളമ്പിലാശ്ശേരി ഗോവിന്ദനും ഓര്‍ത്തെടുത്തത് സാഹസികതയുടെ വീരഗാഥകള്‍…
ശ്രീരാമക്ഷേത്രത്തില്‍നിന്ന് പൂജിച്ച് എത്തിച്ച അക്ഷതം കൈമാറാനാണ് ഗോവിന്ദന് താമസിക്കുന്ന കരുവിശ്ശേരിയിലെ വീട്ടില്‍ ബിഎംഎസ് മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറിയും മുതിര്‍ന്ന പ്രചാരകനുമായ കെ. ഗംഗാധരന് എത്തിയത്. ആദ്യ കര്സേവകസംഘത്തെ നയിച്ചവരിലൊരാളാണ് ഗംഗാധരന്. 84-ാം വയസിലും പ്രസരിപ്പ് ഒട്ടും കുറയാതെ ഗോവിന്ദനും വര്‍ത്തമാനങ്ങളില്‍ കൂട്ടുചേര്‍ന്നു.
‘ഒക്ടോബര്‍ 21 നാണ് കോഴിക്കോട്ടുനിന്ന് കര്‍സേവകര്‍ തിരിച്ചത്. പി. രമണന്, എന്‍.പി. രാധാകൃഷ്ണന്, മധുകര്‍.വി.ഗോറെ തുടങ്ങി നിരവധി പേരുണ്ടായിരുന്നു സംഘത്തില്‍. 23ന് ഝാന്‍സി റെയില്‍വെ സ്റ്റേഷനില്‍ വച്ച് അറസ്റ്റിലായി. രാത്രി 11ന് ബുന്ദേല്‍ഖണ്ഡ് കോളജിലേക്ക് മാറ്റി. ജയിലുകള്‍ നിറഞ്ഞതിനാല്‍ കോളജുകളും സ്കൂളുകളും ജയിലുകളാക്കിയിരുന്നു.
പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും സൗകര്യമുണ്ടായില്ല. പഴകിയ ഭക്ഷണമാണ് നല്‍കിയത്. ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ പ്രതിഷേധിച്ചു. 27ന് ഗുജറാത്തില്‍ നിന്നുള്ള ഒരു കര്സേവകന് പോലീസ് കസ്റ്റഡിയില്‍ മരിച്ചതോടെ രോഷം ആളിക്കത്തി. ഡിവൈഎസ്പി ദേവിസിങ്ങിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. പോലീസ് അതിക്രമവും കര്‍സേവകന്റെ മരണവും അറിഞ്ഞ ജനങ്ങള്‍ ഹര്‍ത്താലിനാഹ്വാനം ചെയ്തു. അമ്പത് വര്‍ഷത്തിനിടയില്‍ ഝാന്‍സിയില്‍ ഉണ്ടായ ആദ്യ ഹര്‍ത്താലായിരുന്നു അത്. പോലീസുകാര്‍ ബുദ്ധിമുട്ടിച്ചെങ്കിലും നാട്ടുകാര്‍ സഹകരിച്ചു. സ്ത്രീകളടക്കമുള്ളവര്‍ കോളജിലെത്തി ചപ്പാത്തിയും മറ്റു ഭക്ഷണ സാധനങ്ങളും നല്കി.
22 രൂപ ദിവസക്കൂലിക്ക് എടുത്ത പ്രാന്തീയ രക്ഷക്ദള്‍ എന്ന പോലീസ് സേനയാണ് സ്ഥലത്തുണ്ടായിരുന്നത്. അതിനിടയില്‍ രാമജന്മഭൂമിയില്‍ കര്‍സേവ നടന്നെന്ന വിവരം എത്തി. ജയിലില്‍ ഓണമെത്തിയതുപോലെയായിരുന്നു ആ വാര്‍ത്ത. ദിവസങ്ങള്‍ക്ക് ശേഷമാണ് നാട്ടിലേക്ക് തിരിച്ചത്, നൂറ്റാണ്ടുകളുടെ അധിനിവേശത്തെ തകര്‍ത്ത് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം വാക്കുകളില്‍ നിറയുന്നു. കര്‍സേവയ്ക്ക് പോകുമ്പോള്‍ പ്രാണപ്രതിഷ്ഠ ആഘോഷത്തോടെ നടത്താന്‍ കഴിയുമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. അത്രയ്ക്കായിരുന്നു എതിര്‍പ്പ്. ക്ഷേത്രപ്രതിഷ്ഠയോടെ അഭിമാനകരമായ യുഗത്തിലേക്കാണ് ഭാരതം കടക്കുന്നത്, ഗംഗാധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: