Categories: Kerala

കാവ്യം മനോഹരം ഈ ഭാരത നടനം…

ശ്രീരങ്ക സ്വാമിയുടെ ഭക്തനായ പെരിയാള്‍വാര്‍ പുഷ്പം ശേഖരിക്കാനായി പോയപ്പോള്‍ കിട്ടിയ ഒരു പുഷ്പമാണ് ആണ്ടാള്‍ എന്നതാണ് ഐതീഹ്യം.

Published by

സംസ്ഥാന കലോത്സവ വേദിയില്‍ ആണ്ടാള്‍ വര്‍ണത്തില്‍ കാവ്യ നടനമാടി നിരഞ്ജന്‍ ശ്രീലക്ഷ്മി. തലയില്‍ കുടുമ പോലെ ഉയര്‍ത്തി കെട്ടി അലങ്കരിക്കുന്നു എന്നതാണ് മറ്റു ഭാരതനാട്യ വേഷത്തില്‍ നിന്ന് ആണ്ടാള്‍ വര്‍ണത്തിലുള്ള വ്യത്യാസം. ശ്രീരങ്ക സ്വാമിയുടെ ഭക്തനായ പെരിയാള്‍വാര്‍ പുഷ്പം ശേഖരിക്കാനായി പോയപ്പോള്‍ കിട്ടിയ ഒരു പുഷ്പമാണ് ആണ്ടാള്‍ എന്നതാണ് ഐതീഹ്യം.

പൂങ്കോദൈ എന്നും ഈ വര്‍ണത്തെ വിശേഷിപ്പിക്കാറുണ്ട്. സുന്ദരി എന്നതാണ് ഈ വാക്കിന്റെ അര്‍ഥം. വളരെ അപൂര്‍വമായി മാത്രമാണ് ആണ്ടാള്‍ വര്‍ണത്തിലുള്ള നടനം. വശ്യമാര്‍ന്ന ചുവടുകളാലും ഹൃദ്യമാര്‍ന്ന അംഗ വിക്ഷേപങ്ങളാലും നിരഞ്ജണ്‍ ശ്രീലക്ഷ്മി സദസ്സിനെ പിടിച്ചിരുത്തി. രാഗ ഭാവ താളങ്ങളാല്‍ വേദിയില്‍ തരംഗം സൃഷ്ടിച്ചു.

വിരളമായ വര്‍ണത്തിലുള്ള നടനമായതിനാല്‍ കാണികളില്‍ നൃത്തം കൗതുകം സൃഷ്ടിച്ചു. ശാന്ത വീര്യഭാവങ്ങളാല്‍ നാട്യം നയനമനോഹരമായി. മൂന്നു വയസ് മുതല്‍ നൃത്തം അഭ്യസിക്കുന്ന നിരഞ്ജന്‍ ശ്രീലക്ഷ്മിയുടെ ഗുരുക്കന്മാര്‍ ആര്‍എല്‍എല്‍ സുബേഷ് മാസ്റ്ററും കലാക്ഷേത്രം അമല്‍നാഥും ആണ്.

തൃശൂര്‍ പേരുങ്ങോട്ടുകര ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ നിരഞ്ജന്‍ ശ്രീലക്ഷ്മി സമഗ്ര ശിക്ഷ അഭിയാന്റെ ദേശീയ കലാ ഉത്സവ അവാര്‍ഡ് ജേതാവാണ്. ഇത്തവണ മോഹിനിയാട്ടത്തിനും നാടോടിനൃത്തത്തിനുമുണ്ട്. നര്‍ത്തകനായ അനിയന്‍ മാനസ് മഹേശ്വറും മൂന്ന് ഇനങ്ങള്‍ക്ക് മത്സരിക്കുന്നു. മക്കളുടെ ആഗ്രഹങ്ങള്‍ക്കൊപ്പമുണ്ട് അച്ഛന്‍ കെ.എല്‍. മഹേഷും അമ്മ എം.എസ്. ശ്രീദേവിയും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by