കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ നവകേരള ബസ്സിന് നേരെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാര്‍ക്ക് മര്‍ദ്ദനമേറ്റതിന്റെ ഉത്തരവാദിത്തം പോലീസിനാണെന്ന് സിപിഎം നേതാവ്. സംസ്ഥാന പോലീസിന് വേണ്ടത്ര കാരിശേഷി ഇല്ലാതിരുന്നത് കൊണ്ടാണ് പഴയങ്ങാടിയില്‍ പ്രശ്നങ്ങളുണ്ടായത്. സിപിഎമ്മിനോ, ഡിവൈഎഫ്ഐക്കോ അല്ല അതിന്റെ ഉത്തരവാദിത്തമെന്നും സിപിഎം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി വി. വിനോദ് അറിയിച്ചു. സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഈ പ്രസ്താവന.
പരിപാടിയില്‍ അപകടമുണ്ടാക്കാന്‍ പോലീസ് ശ്രമമുണ്ടാകുമെന്ന് പോലീസിനെ നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്നും വേണ്ടത്ര നടപടികളൊന്നും ഉണ്ടായില്ല. പോലീസ് ചെയ്യേണ്ടത് ചെയ്യാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പയ്യന്നൂര്‍ ഡിവൈഎസ്പിക്കും പഴയങ്ങാടി പോലീസിനും എതിരെയാണ് വിമര്‍ശനം.
കരിങ്കൊടിയുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ അറസ്റ്റിലായവര്‍ക്ക് സിപിഎം സ്വീകരണം നല്‍കിയത് തെറ്റ് ചെയ്തില്ലെന്ന ബോധ്യം കൊണ്ടാണ്. ഔചിത്യത്തോടെയുള്ള ഇടപെടല്‍ നടത്തിയതുകൊണ്ടാണ് സ്വീകരണം നല്‍കിയതെന്നും വിനോദ് പറഞ്ഞു.
കണ്ണൂര്‍ പഴയങ്ങാടിയില്‍ നവകേരള ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. പഴയങ്ങാടിയിലേത് മാതൃകാ രക്ഷാപ്രവര്‍ത്തനമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. വാഹനത്തിന് മുന്നില്‍ ചാടിയവരുടെ ജീവന് രക്ഷിക്കാനായാണ് ഡിവൈഎഫ്ഐ ഇടപെടലുകള്‍ നടത്തിയതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഈ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: