ന്യൂദല്‍ഹി: വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച കോണ്‍ഗ്രസ് നേതാവ് പവന് ഖേരയ്ക്കെതിരായ ക്രിമിനില്‍ മാനനഷ്ടക്കേസ് റദ്ദാക്കാന്‍ സുപ്രീംകോടതി ഡിവിഷന് ബെഞ്ച് വിസമ്മതിച്ചു. മുമ്പ് പല മാനനഷ്ടക്കേസുകളും ഖേരയ്ക്കെതിരേ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം മാപ്പുപറഞ്ഞ് തലയൂരുകയായിരുന്നു. അങ്ങനെ കേസിനെ തടയാനാണ് നിങ്ങളുടെ ശ്രമം. അതുവേണ്ട, കോടതി ചൂണ്ടിക്കാട്ടി.
2023 ഫെബ്രുവരിയിലാണ് വാര്‍ത്താ സമ്മേളനത്തില്‍ ഖേര, മോദിയെ അവഹേളിച്ചത്. അദാനി ഹിന്‍ഡന്‍ബെര്‍ഗ് വിവാദം പരാമര്‍ശിച്ച ഖേര, നരസിംഹ റാവുവിന് സംയുക്ത പാര്‍ലമെന്റി സമിതി (ജെപിസി) രൂപീകരിക്കാമെങ്കില്‍, വാജ്പേയിക്കു ജെപിസിയുണ്ടാക്കാമെങ്കില്, പിന്നെന്താണ്, നരേന്ദ്ര ഗൗതം ദാസ്… സോറി, ദാമോദര്‍ ദാസ് മോദിക്ക് പ്രശ്നം, എന്നായിരുന്നു ഖേരയുടെ ചോദ്യം. മനഃപൂര്‍വമായിരുന്നു ഇത്. വലിയ വിവാദമായതോടെ ഇതിനെതിരേ ആസാമില്‍ ബിജെപിപ്രവര്‍ത്തകന്‍ മാനനഷ്ടക്കേസ് നല്കി. റായ്പൂരില്‍ കോണ്‍ഗ്രസ് സമ്മേളനത്തിനു പോകുംവഴി ഫെബ്രുവരി 23ന് ഖേരയെ ദല്‍ഹി വിമാനത്താവളത്തില്‍ വിമാനത്തില്‍ നിന്നിറക്കി ആസാം പോലീസ് അറസ്റ്റുചെയ്തു. ഖേര സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതോടെ ഇടക്കാല ജാമ്യമേകി വിട്ടയച്ചു. തുടര്‍ന്ന് യുപിയിലെ മൂന്നു കേസും ആസാമിലെ കേസും യോജിപ്പിച്ച് ലഖ്നൗവിലേക്കു മാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. പിന്നീട് കേസ് റദ്ദാക്കാന്‍ ഖേര അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി കോടതി തള്ളി. തുടര്‍ന്നാണ് കേസുകള്‍ റദ്ദാക്കാന്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ബി.ആര്. ഗവായ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരാണ് കേസ് പരിഗണിച്ചത്. ഖേരയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ സല്മാന് ഖുര്‍ഷിദ് മറുപടിക്ക് കൂടുതല്‍ സമയം തേടിയെങ്കിലും കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: