സംസ്കാരത്തിന്റെ നിര്‍മിതി പാരമ്പര്യങ്ങളിലും വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും അധിഷ്ഠിതമാണ്. ഭാരതം മഹത്തായ ചരിത്രമുറങ്ങുന്ന പുണ്യഭൂമിയാണ്. ഈ മണ്ണിലും ഇവിടെ ജീവിച്ച മനുഷ്യരിലും ജന്മമെടുത്ത് വികസിച്ചുവന്ന ചിന്താധാരകളാണ് നമ്മുടെ കാവ്യചിന്താപദ്ധതിയില്‍ അടങ്ങിയിരിക്കുന്നത്. ഭാവനാമയവും വിശ്വാസ ധാര്ഢ്യമുള്ക്കൊള്ളുന്നതുമായ കാവ്യചിന്തകള്‍. അതിന്റെ മൂലാധാരം ഇതിഹാസകാവ്യങ്ങളാണ്; രാമായണവും മഹാഭാരതവുമാണ്. നമ്മുടെ ആദര്‍ശങ്ങളും ആരാധനാമൂര്‍ത്തികളും അവയില്‍ വ്യക്തത തേടുന്നുവെന്നും ഡോ. ജോര്‍ജ്ജ ഓണക്കൂര്‍ പറഞ്ഞു.
രാമായണം നമുക്കൊരു കാവ്യം മാത്രമല്ല. ഉന്നതമായ ജീവിത സംഹിത തന്നെയാണ്. ശ്രീരാമചന്ദ്രന് ഭാരതീയ കാവ്യചിന്തയില്‍ ആദര്‍ശോജ്ജ്വലമായ വ്യക്തിപ്രഭാവത്തിന്റെ പൂര്‍ണതയായി ശോഭിക്കുന്നു. ആ ജീവന്റെ ഉറവിടമായ ഭൂമിക-രാമ ജന്മക്ഷേത്രഭൂമി ഏതു ഭാരതീയനും തീര്‍ത്ഥാടന കേന്ദ്രമാണ്. അവിടെ സമര്‍ത്ഥമായ രീതിയില്‍ പുണ്യക്ഷേത്രം പുനര്‍ നിര്‍മ്മിക്കുന്നത് ഏതു ഭാരതീയന്റെയും അഭിമാനമഹൂര്ത്തമാണ്.
വിദേശാക്രമണങ്ങളില്‍ വിവിധ കാലഘട്ടങ്ങളില്‍ നഷ്ടപ്പെട്ട സാംസ്കാരിക പ്രതീകങ്ങള്‍ പുനഃസൃഷ്ടിക്കാനുള്ള മഹോദ്യമത്തിന് പ്രാര്‍ത്ഥനാപൂര്‍വം ആശംസകള്‍ നേരുന്നു. രാമനും അയോദ്ധ്യാപുരിയും രാമായണ സംസ്കൃതിയും ഭാരത സംസ്കാരത്തിന്റെ യശഃസ്തംഭങ്ങളായിട്ടാണ് തിരിച്ചറിയേണ്ടത്. അതിന് ജാതിയുടെയോ മറ്റേതെങ്കിലും സങ്കുചിത ചിന്തകളുടേയോ വേഷപ്പകര്‍ച്ച നല്കി നമ്മുടെ സംസ്കാര ധാരയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഇനിയൊരിക്കലും കഴിയാതിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: