തിരുവനന്തപുരം : ജസ്ന മരിയ ജെയിംസ് തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കില്ല. ജസ്ന മതപരിവര്‍ത്തനവും നടത്തിയിട്ടില്ലെന്ന് സിബിഐ. തിരോധാനക്കേസില്‍ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ തള്ളിക്കൊണ്ട് സിബിഐ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.
ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സൂചനകളും ലഭിച്ചിട്ടില്ല. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിച്ചു. എന്നാല്‍ ഒരു തെളിവുകളും കണ്ടെത്താനായില്ല. മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടോയെന്ന് കേരളത്തിലേയും സംസ്ഥാനത്തിന് പുറത്തുള്ളതുമായ മതപരിവര്‍ത്തനകേന്ദ്രങ്ങള്‍ പരിശോധിച്ചു. പൊന്നാനി, ആര്യസമാജം അടക്കമുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തി. അയല്‍ സംസ്ഥാനങ്ങളിലും മുംബൈയിലും അന്വേഷിച്ചു.
പിതാവിനെയും സുഹൃത്തിനെയും ബിഇഒഎസ് ടെസ്റ്റിന് വിധേയമാക്കി. അവര്‍ നല്കിയ മൊഴിയെല്ലാം സത്യമാണ്. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പതിവ് ജസ്നയ്ക്കില്ല. കോവിഡ് കാലത്തെ വാക്സിന് വിതരണവുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തി. ജസ്ന കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കേരളത്തിലെ ആത്മഹത്യ നടക്കാറുള്ള മേഖലകളിലും അന്വേഷണം നടത്തി. എന്നാല്‍, ജസ്ന മരിച്ചതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
നിലവില്‍ ജസ്നയ്ക്കായി ഇന്റര്‍പോളിന്റെ സഹായവും അധികൃതര്‍ തേടിയിട്ടുണ്ട്. 191 രാജ്യങ്ങളില്‍ ജസ്നയ്ക്കായി യെല്ലോ നോട്ടീസ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും വിവരം ലഭിച്ചാല്‍ മാത്രമേ ഇനി തുടരന്വേഷണത്തിന് സാധ്യതയുള്ളൂവെന്നാണ് സിബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2018 മാര്‍ച്ച് 22-നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് വിദ്യാര്‍ത്ഥിനിയായ ജെസ്ന മരിയ ജയിംസിനെ എരുമേലിയില്‍നിന്ന് കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ജസ്ന വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീടങ്ങോട്ട് ജസ്നയ്ക്കായുള്ള വ്യാപക അന്വേഷണമായിരുന്നു. 2021 ഫെബ്രുവരിയില്‍ ഹൈക്കോടതിയാണ് കേസന്വേഷണം സിബിഐയ്ക്ക് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: