കൊച്ചി: നടപ്പാകില്ലെന്ന് ഉറപ്പായ സില്‍വര്‍ലൈന്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുലച്ചത് 65.65 കോടി രൂപ. കണ്‍സള്‍ട്ടിങ് ഫീസിനത്തില്‍ 33 കോടിയും പാരിസ്ഥിതിക പഠനത്തിനായി 79 ലക്ഷവും സര്‍വേയ്ക്കായി മൂന്നു കോടിയും സര്‍വേക്കല്ല് ഇടുന്നതിന് ഒരു കോടിയും മണ്ണുപരിശോധനയ്ക്ക് 75 ലക്ഷവും പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് ആറു കോടിയും ഭൂമി ഏറ്റെടുക്കുന്നതിന് 19 കോടിയും ചെലവിട്ടു.
65,000 കോടി രൂപയ്ക്കു നിര്‍മിക്കുമെന്നു പറഞ്ഞ പദ്ധതിയാണ് എവിടെയുമെത്താതെ മുടങ്ങിക്കിടക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിക്കാവശ്യമായ കേന്ദ്രാനുമതിയോ പരിസ്ഥിതി പഠനമോ പ്രോജക്ട് റിപ്പോര്‍ട്ടോ ഇല്ലാതെയാണ് ഈ കോടികള്‍ പാഴാക്കിയതെന്നാണ് വ്യക്തമാകുന്നത്.
സില്‍വര്‍ലൈനിന് ഭൂമി വിട്ടുകൊടുക്കാനാകില്ലെന്ന് ദക്ഷിണ റെയില്‍വെ വ്യക്തമാക്കിയതോടെ പദ്ധതി നടപ്പാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ഭൂമി വിട്ടുകൊടുക്കുന്നത് റെയില്‍വെ വികസനത്തെയും ട്രെയിനുകളുടെ വേഗം കൂട്ടലിനെയും ബാധിക്കുമെന്ന് റെയില്‍വെ ബോര്‍ഡിന്, ദക്ഷിണ റെയില്‍വെ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 183 ഹെക്ടര്‍ റെയില്‍വെ ഭൂമിയാണ് പാത കടന്നുപോകുന്നതിനു വേണ്ടത്. കോഴിക്കോട്ടും കണ്ണൂരും സില്‍വര്‍ലൈന്‍ സ്റ്റേഷനു കണ്ടെത്തിയ സ്ഥലം മറ്റു പദ്ധതികള്‍ക്കായി മുമ്പേ നിശ്ചയിച്ചിട്ടുള്ളതാണ്.
സില്‍വര്‍ലൈന്‍ ഭാഗമായി മഞ്ഞക്കുറ്റികള്‍ സ്ഥാപിച്ചതോടെ ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാതെ ബുദ്ധിമുട്ടുകയാണ് പല കുടുംബങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: