തൃശ്ശൂര്‍: വികസനത്തിനും ക്ഷേമത്തിനും മോദിയുടെ ഗ്യാരന്റിയെന്ന് വടക്കുംനാഥനെ സാക്ഷിനിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ലക്ഷങ്ങള്‍ അണിനിരന്ന സ്ത്രീശക്തി സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീശക്തിയുടെ വികസനമാണ് രാജ്യത്തിന്റെ വികസനം. ദരിദ്രര്‍, കര്‍ഷകര്‍, യുവാക്കള്‍, വനിതകള്‍ എന്നീ നാല് വിഭാഗങ്ങളുടെ വികാസമാണ് പുരോഗതിക്കടിസ്ഥാനം.
വനിതാ സംവരണം നിയമമാക്കുമെന്നത് മോദിയുടെ ഗ്യാരന്റിയായിരുന്നു. മുത്തലാഖിന്റെ അനീതിയില്‍ നിന്ന് മുസ്ലീം സഹോദരിമാരെ രക്ഷിക്കുമെന്നത് മോദിയുടെ ഗ്യാരന്റിയായിരുന്നു. പത്ത് കോടി വീടുകളില്‍ സൗജന്യപാചക വാതകമെത്തിച്ചു. 12 കോടി വീടുകളില്‍ കുടിവെള്ളമെത്തിച്ചു. ഒരു രൂപയ്ക്ക് സാനിട്ടറി നാപ്കിന് നല്കി. സൈന്യത്തില്‍ വനിതകള്‍ കമ്മിഷന്‍ഡ് ഓഫീസര്‍മാരായി. പ്രസവാവധി 27 ആഴ്ചയായി വര്‍ധിപ്പിച്ചു. ഇതെല്ലാം മോദിയുടെ ഗ്യാരന്റിയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നിരവധി വനിതാ ക്ഷേമ പദ്ധതികള്‍ അക്കമിട്ട് ചൂണ്ടിക്കാട്ടിയാണ് മോദിഗ്യാരന്റിയുടെ കരുത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
സംസ്ഥാനങ്ങളുടെ അടിസ്ഥാന വികസനത്തിന് വേണ്ടി കേന്ദ്രം നടപ്പാക്കുന്ന ക്ഷേമ പദ്ധതികള്‍ക്ക് കോണ്‍ഗ്രസ് ഇടത് സഖ്യം എതിര് നില്ക്കുന്നു. വികസനത്തിന് നല്കുന്ന ഫണ്ടിന്റെ കണക്ക് ചോദിക്കരുതെന്നാണ് ഇവരുടെ നയം. അഴിമതിയിലും അക്രമത്തിലും കുടുംബ വാഴ്ചയിലും ഇന്‍ഡി മുന്നണിക്കാര്‍ക്ക് ഒരേ മനസാണ്.
സ്വര്‍ണക്കടത്ത് പോലുള്ള കാര്യങ്ങള്‍ ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ക്ഷേത്രങ്ങളെയും ഉത്സവങ്ങളേയും പോലും സാമ്പത്തിക നേട്ടത്തിനായി തകര്‍ക്കുകയാണ്. ശബരിമലയിലെ ദുരവസ്ഥ സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടാണ്. തൃശ്ശൂര്‍ പൂരത്തിനെതിരെയുള്ള നീക്കങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്, മോദി പറഞ്ഞു. കഴിഞ്ഞ ദിവസം മന്നം ജയന്തി ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, മന്നത്ത് പദ്മനാഭന്റെ പേര് പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു.
എല്ലാ മതവിശ്വാസങ്ങളേയും ആദരവോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. അതുകൊണ്ടാണ് രാജ്യത്തെ ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത്. ക്രിസ്മസിന് ക്രൈസ്തവ ആത്മീയ നേതാക്കള്‍ക്കും പണ്ഡിതര്‍ക്കും വിരുന്നൊരുക്കാനും അനുഗ്രഹം ഏറ്റുവാങ്ങാനും ഭാഗ്യമുണ്ടായെന്നും മോദി പറഞ്ഞു.
നിശ്ചയിച്ചതില്‍ നിന്നും ഒരുമണിക്കൂര്‍ വൈകി നാല് മണിയോടെയാണ് പ്രധാനമന്ത്രി വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ സമ്മേളന നഗരിയിലെത്തിയത്. മൂന്ന് മണിയോടെ കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ കുട്ടനെല്ലൂരിലെത്തിയ പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് റോഡ് മാര്‍ഗം തൃശ്ശൂരിലെത്തി.
സ്വരാജ് റൗണ്ടില്‍ പ്രവേശിക്കുന്ന ജനറല്‍ ആശുപത്രി ജങ്ഷനില്‍ നിന്ന് റോഡ് ഷോ ആരംഭിച്ചു. തൃശ്ശൂര്‍ പൂരത്തിന് സമാനമായ ജനസാഗരമാണ് മോദിയെ സ്വീകരിക്കാന്‍ എത്തിയത്. ഇരുപുറവും നിന്നവരെ കൈവീശി അഭിവാദ്യം ചെയ്ത് തുറന്ന വാഹനത്തില്‍ നീങ്ങിയ പ്രധാനമന്ത്രി സമ്മേളന നഗരിയിലെത്തിയപ്പോള്‍ വാഹനത്തില്‍ നിന്നിറങ്ങി ജനസഞ്ചയത്തിന് നടുവിലൂടെ നടന്ന് വേദിയിലേക്ക്.
കെ. സുരേന്ദ്രന് സമ്മേളനത്തില്‍ അധ്യക്ഷനായി. കേന്ദ്രമന്ത്രി വി. മുരളീധരന് പ്രസംഗം പരിഭാഷപ്പെടുത്തി. കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവ്ദേക്കര്‍, സഹപ്രഭാരി രാധാ മോഹന്‍ദാസ് അഗര്‍വാള്‍, പി.ടി. ഉഷ എംപി, സുരേഷ്ഗോപി, ശോഭന, മിന്നുമണി, വൈക്കം വിജയലക്ഷ്മി, ഡോ. ശോശാമ്മ ഐപ്പ്, ബീന കണ്ണന്, ഡോ.എം.എസ്. സുനില്‍, മറിയക്കുട്ടി, ഉമാ പ്രേമന്, ശോഭ സുരേന്ദ്രന്, ഡോ.ജെ. പ്രമീളാ ദേവി, ടി.പി. സിന്ധുമോള്‍, പ്രൊഫ.വി.ടി.രമ, അഡ്വ.സി. നിവേദിത, നവ്യ ഹരിദാസ്, സിനി മനോജ്, തുഷാര്‍ വെള്ളാപ്പള്ളി, കുമ്മനം രാജശേഖരന്, എ.പി. അബ്ദുള്ളക്കുട്ടി, അനില്‍ ആന്റണി, പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്, എം.ടി. രമേശ്, സി. കൃഷ്ണകുമാര്‍, ജോര്‍ജ് കുര്യന്, പി. സുധീര്‍, അഡ്വ.കെ.കെ. അനീഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: