ന്യൂഡല്‍ഹി: രാജ്യത്ത് ഒരു മാസത്തിനിടെ 71 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ച് മെറ്റ. കഴിഞ്ഞ നവംബര്‍ ഒന്ന് മുതല്‍ 30 വരെ 71,96,000 അക്കൗണ്ടുകള്‍ക്കാണ് വാട്സ്ആപ്പ് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് പ്രതിമാസ സുതാര്യതാ റിപ്പോര്‍ട്ടില്‍ പറയുന്നു.
50 കോടി ഉപയോക്താക്കളുള്ള ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഇത്രയും അക്കൗണ്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. അശ്ലീല അക്കൗണ്ടുകള്‍, സാമ്പത്തിക തട്ടിപ്പ്, വ്യാജ വാര്‍ത്ത, വിദ്വേഷ പ്രചാരണം തുടങ്ങിയവയ്ക്ക് വേണ്ടി ഉപയോഗിച്ച അക്കൗണ്ടുകള്‍ എന്നിവയ്ക്കെതിരെയാണ് നടപടി.
ഒക്ടോബറില്‍ 71 ലക്ഷം അക്കൗണ്ടുകളും സെപ്റ്റംബറില്‍ 75 ലക്ഷം അക്കൗണ്ടുകളും വാട്!സ്ആപ് നീക്കം ചെയ്തിരുന്നു. ഓഗസ്റ്റില്‍ വിലക്കേര്‍പ്പെടുത്തിയ അക്കൗണ്ടുകളുടെ എണ്ണമാവട്ടെ 74 ലക്ഷമാണ്.
ഉപയോക്താക്കളില്‍ നിന്നും പരാതി ലഭിക്കുന്നതിന് മുമ്പ് തന്നെ 19,54,000 അക്കൗണ്ടുകള്‍ വിലക്കിയതായി മെറ്റ വ്യക്തമാക്കി. നവംബറില്‍ 8,841 അക്കൗണ്ടുകള്‍ക്കെതിരെ പരാതി ലഭിച്ചെങ്കിലും അതില്‍ ആറെണ്ണത്തിനെതിരെ മാത്രമാണ് നടപടി സ്വീകരിച്ചത്.
തങ്ങളുടെ സേവന ചട്ടങ്ങള്‍ ലംഘിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുന്നതെന്ന് കമ്പനി തങ്ങളുടെ വെബ്സൈറ്റില്‍ വിശദീകരിക്കുന്നുണ്ട്. ഉപയോക്താക്കളെ ശല്യം ചെയ്യുന്ന തരത്തിലുള്ള അനാവശ്യ സന്ദേശങ്ങള്‍ അയക്കുക, തട്ടിപ്പുകള്‍ നടത്തുക, വാട്സ്ആപ് ഉപയോക്താക്കളുടെ സുരക്ഷ അപകടത്തിലാക്കുന്ന മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടുക തുടങ്ങിയവയൊക്കെയാണ് അക്കൗണ്ടുകള്‍ നിരോധിക്കുന്നതിനുള്ള കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: