തൃശ്ശൂർ : നാരീ ശക്തിയുടെ ഉജ്ജ്വലമായ പ്രകടനമായിരിക്കും തൃശൂരിൽ കാണാൻ സാധിക്കുകയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത്തരത്തിലൊരു പരിപാടി സംസ്ഥാനത്ത് ആദ്യമായാണ് നടക്കുന്നത്. ഏതാണ്ട് പതിനായിരത്തോളം മഹിളകളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സമ്മേളന നഗരിയിൽ പുരുഷന്മാർക്ക് പങ്കാളിത്തമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
തൃശൂരിലെ പൗരാവലിയിൽ നിന്നും മനസ്സിലായിട്ടുളളത് സ്വമേധയാ തന്നെ ആയിരക്കണക്കിന് പൊതുപ്രതിനിധികൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്നാണ്. നരേന്ദ്ര മോദിയുടെ സ്വീകാര്യതയും അദ്ദേഹത്തിന്റെ നേതൃത്വവും കേരളം അംഗീകരിക്കുന്നു എന്ന സന്ദേശമാണ് ഈ സമ്മേളനം നൽകുന്നത്. സ്നേഹ യാത്ര എന്ന പ്രധാനമന്ത്രിയുടെ ആഗ്രഹം സാധിക്കുന്നതിനുളള രീതിയിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മതന്യൂനപക്ഷങ്ങൾ, പട്ടിക ജാതി-പട്ടിക വർഗ വിഭാഗം അടക്കം സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളേയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
സ്ഥാനാർഥിത്വം സമ്മേളനങ്ങളിൽ പ്രഖ്യാപിക്കുന്ന പാർട്ടിയല്ല ബിജെപി. സുരേഷ് ഗോപിയെക്കുറിച്ച് വല്ലാതെ വേവലാതി വേണ്ട. തോറ്റിട്ടും തൃശൂരിനായി പ്രവർത്തിച്ചയാളാണ് അദ്ദേഹം. ചുവരെഴുത്തുകൾ മാധ്യമങ്ങൾ നന്നായി വായിക്കണമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ സീറ്റ് കൊടുക്കുന്ന പാർട്ടിയാണ് ബിജെപി എന്നും കെ സുരേന്ദ്രൻ പറഞ്ഞു. 33 ശതമാനം ഭാരവാഹിത്വം 10 കൊല്ലമായി സംസ്ഥാനത്ത് സ്ത്രീകൾക്ക് നൽകുന്ന പാർട്ടിയാണ് ബിജെപി. പാർലമെൻറ് തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ഉണ്ടാകും.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ചില സംഘടനകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ചില സംഘടനകൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ തന്നെ കാണാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. മഹിളാ സംഗമം പരിപാടിക്ക് ശേഷമായിരിക്കും കൂടിക്കാഴ്ച എന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: