തെരഞ്ഞെടുപ്പില്‍ അനിയന്ത്രിതമായി സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന രീതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ് രാഷ്ട്രീയപാര്‍ട്ടികള്‍ ഗൗരവത്തിലെടുക്കണം. എങ്ങനെയും അധികാരം പിടിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്തിടെയായി പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് വലിയ തോതില്‍ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനെതിരെ പല കോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി നോക്കി വേണം സൗജന്യങ്ങള്‍ പ്രഖ്യാപിക്കാനെന്നും, അല്ലാത്തപക്ഷം അത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്കയും യോഗം രേഖപ്പെടുത്തി. സമീപകാലത്ത് ശ്രീലങ്കയിലുണ്ടായ വന്‍ സാമ്പത്തികക്കുഴപ്പങ്ങളെ ഓര്‍മപ്പെടുത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് വിജയത്തിനായി ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലൂടെ ചില സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുണ്ടെന്നും, ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെയും അതു ബാധിക്കുമെന്നും ചീഫ് സെക്രട്ടറിമാരുടെ യോഗം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മൂലധനനിക്ഷേപത്തില്‍ വന്‍ വര്‍ധന വരുത്തണമെന്നും, ബജറ്റിനു പുറത്തുനിന്നുള്ള കടമെടുപ്പുകള്‍ നിയന്ത്രിക്കണമെന്നും നിര്‍ദേശിച്ച യോഗം, രാജ്യത്ത് പൊതുവികസന അജണ്ട തയ്യാറാക്കണമെന്നും, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ക്ഷേമപദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ്. നിരുത്തരവാദപരമായി സൗജന്യങ്ങള്‍ വാരിവിതറുന്നതിനു പകരം വീട്, വൈദ്യുതി, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയില്‍ ശ്രദ്ധയൂന്നിയുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി ഒട്ടും അപ്രതീക്ഷിതമല്ല. തെരഞ്ഞെടുപ്പു വേളയില്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചിരുന്നു. വോട്ടര്‍മാരെ വിലയ്ക്കെടുക്കുന്നതിന് തുല്യമായ ഈ നടപടി ജനാധിപത്യ സംവിധാനത്തെ പ്രഹസനമാക്കുകയും, വലിയ അഴിമതിക്ക് വഴിയൊരുക്കുകയും ചെയ്യുമെന്ന് ഹര്‍ജിയില്‍ പറയുകയുണ്ടായി. 2013 ല്‍ സമാനമായ ഒരു ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നത് തടയാനാവില്ലെന്നും, ജനപ്രാതിനിധ്യ നിയമപ്രകാരം അത് അവരുടെ അവകാശമാണെന്ന് വിധിക്കുകയുമാണ് കോടതി ചെയ്തത്. ഈ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് പുതിയ ഹര്‍ജിയില്‍ ഉന്നയിച്ചത്. പ്രശ്നം വളരെ ഗുരുതരമാണെന്നു വിലയിരുത്തിയ കോടതി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കണമെന്ന് പറയുകയും ചെയ്തിരുന്നു. സൗജന്യ വാഗ്ദാനങ്ങള്‍ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഒരു പൊതുതീരുമാനമുണ്ടാവണമെന്നും, അവരാണിത് ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. പ്രശ്നം ഗുരുതരമായതിനാല്‍ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഒരു സര്‍വകക്ഷി യോഗം വിളിക്കാത്തതെന്നും കോടതി ചോദിച്ചിരുന്നു. കോടതിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയുള്ള പ്രതികരണം ഉണ്ടായശേഷവും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ സൗജന്യ വാഗ്ദാനങ്ങളുടെ പെരുമഴ തന്നെ സൃഷ്ടിക്കുകയുണ്ടായി. ഇതിലൂടെ കര്‍ണാടകയിലും ഹിമാചല്‍പ്രദേശിലുമൊക്കെ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുകയും ചെയ്തു. അധികാരത്തില്‍ വരാനുള്ള കുറുക്കുവഴി ഇതാണെന്ന തീരുമാനത്തില്‍ പല പാര്‍ട്ടികളും എത്തിച്ചേര്‍ന്നിരിക്കുകയാണ്.
തുടര്‍ച്ചയായി രണ്ട് പൊതുതെരഞ്ഞെടുപ്പുകളില്‍ വര്‍ധിച്ച ഭൂരിപക്ഷത്തോടെയും നിരവധി നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി അധികാരത്തില്‍ വന്നത് പ്രതിപക്ഷ പാര്‍ട്ടികളെ കുറച്ചൊന്നുമല്ല അമര്‍ഷംകൊള്ളിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളാണ് ബിജെപിക്ക് നിരന്തരം വിജയങ്ങള്‍ സമ്മാനിക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അറിയാം. സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ കുപ്രചാരണങ്ങളൊന്നും ജനങ്ങള്‍ക്കിടയില്‍ വിലപ്പോവുന്നില്ല. ഈ സാഹചര്യത്തിലാണ് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്ത് ജനങ്ങളുടെ പിന്തുണ നേടാന്‍ കോണ്‍ഗ്രസ്സിനെയും എഎപിയെയും പോലുള്ള പാര്‍ട്ടികള്‍ തീരുമാനിച്ചത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇങ്ങനെ ചില വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ചെങ്കിലും ജനങ്ങള്‍ അതില്‍ വീണില്ല. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ വരാന്‍ കഴിഞ്ഞത് സൗജന്യ വാഗ്ദാനങ്ങളുടെ ബലത്തിലാണെന്ന വിലയിരുത്തലില്‍ അടുത്തിടെ നടന്ന മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, തെലങ്കാന, മിസ്സോറാം നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ഈ തന്ത്രം ആവര്‍ത്തിച്ചു. എന്നാല്‍ തെലങ്കാനയിലൊഴികെ വന്‍ തിരിച്ചടിയാണ് ലഭിച്ചത്. കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കിയ കോണ്‍ഗ്രസ് സൗജന്യങ്ങള്‍ നല്കാന് പണം കണ്ടെത്താനാവാത്ത സ്ഥിതിയിലാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കേണ്ട പണം നിരുത്തരവാദപരമായി ചെലവഴിക്കുന്നതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അധികാരത്തിനുവേണ്ടി ജനങ്ങളെ വിലയ്ക്കെടുക്കാന്‍ ശ്രമിക്കുന്നതിനെതിരെ അവര്‍ക്കിടയില്‍ വന്‍ബോധവല്‍ക്കരണവും നടക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: