സിഡ്നി: സ്വന്തം നഗരമായ സിഡ്നിയില്‍ ഡേവിഡ് വാര്‍ണര്‍ ഇന്ന് കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങും. കഴിഞ്ഞ ദിവസം ഏകദിന ക്രിക്കറ്റില്‍ നിന്നു കൂടി വിരമിക്കല്‍ പ്രഖ്യാപിച്ച അദ്ദേഹം ഇന്ന് പാകിസ്ഥാനെതിരെ തുടങ്ങുന്ന ടെസ്റ്റ് മത്സരം പൂര്‍ത്തിയാകുന്നതോടെ രാജ്യാന്തര ക്രിക്കറ്റില്‍ മുന്താരമായിമാറും.
ഓസ്ട്രേലിയന്‍ പര്യടനത്തിനെത്തിയ പാകിസ്ഥാന് മൂന്ന് ടെസ്റ്റുകളാണുണ്ടായിരുന്നത്. അതില്‍ ആദ്യ രണ്ട് ടെസ്റ്റുകളും പരാജയപ്പെട്ട് പരമ്പര അടിയറവച്ചിരുന്നു. പരമ്പര നേടിയ സ്വന്തമാക്കിയ സാഹചര്യത്തില്‍ മൂന്നാം ടെസ്റ്റില്‍ അല്‍പ്പം ആയാസത്തോടെ കളിക്കാമെന്ന ഭാവത്തിലല്ല ഓസ്ട്രേലിയന്‍ ക്യാമ്പ്. കഴിഞ്ഞ 14 വര്‍ഷത്തോളം ടീമിന്റെ ഭാഗമായിരുന്ന ഡേവിഡ് വാര്‍ണര്‍ക്ക് മികച്ച യാത്രയയപ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് അവര്‍. ടീമിന്റെ വിജയത്തോടെ താരത്തിന് വിട നല്കാന് എന്ത് വില കൊടുത്തും വിജയിക്കുമെന്ന ഭാവത്തിലാണ് ഓസ്ട്രേലിയ. അതിനാല്‍ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഈ കളി വാര്‍ണര്‍ക്ക് വേണ്ടിയുള്ളതാണെന്ന് ഓസീസ് ഒന്നടങ്ങം പ്രഖ്യാപിച്ചിരിക്കുകയാണ്.
പാകിസ്ഥാന് ആകട്ടെ പരമ്പര കൈവിട്ട് നില്‍ക്കുമ്പോഴും പുതുവര്‍ഷത്തില്‍ ജയത്തോടെ തുടങ്ങാനുള്ള അവസരമായാണ് സിഡ്നിയില്‍ തുടങ്ങുന്ന ഇന്നത്തെ ടെസ്റ്റിനെ കാണുന്നത്. രണ്ടാം ടെസ്റ്റില്‍ ചെറിയ ചില പാളിച്ചകളാണ് പാകിസ്ഥാനെ 79 റണ്‍സിന്റെ പരാജയത്തിലേക്ക് തള്ളിവിട്ടത്. ആ കുറവ് മനസിലാക്കിയാണ് പാക് ക്യാമ്പും ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: