ചങ്ങനാശ്ശേരി: ജന്മംകൊണ്ടല്ല, കര്‍മംകൊണ്ട് മഹാനായ വ്യക്തിയാണ് മന്നത്ത് പത്മനാഭനെന്ന് മുന്‍ എംപി തെന്നല ബാലകൃഷ്ണപിള്ള. പെരുന്നയില്‍ മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരെങ്കിലും മോശം പരാമര്‍ശം നടത്തിയാല്‍ അപ്പോള്‍തന്നെ അദ്ദേഹം മറുപടി നല്‍കുമായിരുന്നു. നായര്‍ സമുദായത്തെ സ്നേഹിക്കുകയും അതിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്തു.
രണ്ട് സന്ദര്‍ഭത്തിലാണ് അദ്ദേഹം രാഷ്ട്രീയ രംഗത്ത് സജീവമായി ഇടപെട്ടത്. സര് സിപിയുടെ ഭരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയപ്പോള്‍ മനസുകൊണ്ട് ഇടപെടാന്‍ തയാറായി. അക്കാലത്ത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തായിരുന്നു. സമുദായത്തില്‍ പലര്‍ക്കും എതിര്‍പ്പുണ്ടായെങ്കിലും അദ്ദേഹം പറഞ്ഞത് എന്‍എസ്എസ് ഇപ്പോള്‍ സ്വയം പ്രവര്‍ത്തിക്കാനുള്ള നിലയില്‍ എത്തിയിട്ടുണ്ട് എന്നാണ്. എന്റെ അഭാവം അതിന് ക്ഷീണം ഉണ്ടാക്കില്ല. എന്‍എസ്എസിന് രാഷ്ട്രീയമില്ല. അവരവരുടെ രാഷ്ട്രീയത്തിന് അംഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം എന്നായിരുന്നു മന്നത്തിന്റെ മറുപടി.
നീതിക്കുവേണ്ടി നിലകൊള്ളുകയും അതിന് സ്വന്തം കാര്യത്തിന് എന്ത് നഷ്ടം ഉണ്ടായാലും അതൊന്നും കാര്യമാക്കാതെ മുന്നോട്ടുപോകുന്നതിനും മന്നത്തിനായെന്ന് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.
എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷനായി. കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗം സി. രാധാകൃഷ്ണന് മുഖ്യപ്രഭാഷണവും എന്‍.കെ. പ്രേമചന്ദ്രന് എംപി അനുസ്മരണ പ്രഭാഷണവും നടത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, ട്രഷറര്‍ എന്‍.വി. അയ്യപ്പന്‍പിള്ള, വൈസ് പ്രസിഡന്റ് എം. സംഗീത്കുമാര്‍, രജിസ്ട്രാര്‍ വി.വി. ശശിധരന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: