Categories: Kerala

മന്ത്രി സജിയുടെ ക്രൈസ്തവ അവഹേളനം മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: കെ. സുരേന്ദ്രന്‍

Published by

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ക്രൈസ്തവ അവഹേളനത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വീഞ്ഞും കേക്കും പരാമര്‍ശം മാത്രമാണ് സജി ചെറിയാന്‍ പിന്‍വലിച്ചത്. തന്റെ നിലാപാടില്‍ മാറ്റമില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ക്രൈസ്തവ നേതൃത്വത്തിനോടും വിശ്വാസികളോടും സിപിഎമ്മിനുള്ള പുച്ഛമാണ് മന്ത്രിയുടെ വാക്കുകളിലൂടെ പുറത്തെത്തിയത്. സഭാ നേതൃത്വം പ്രധാനമന്ത്രിയോട് എന്ത് പറയണമെന്ന് തീരുമാനിക്കേണ്ടത് മന്ത്രിയല്ലെന്ന് സജി ചെറിയാന്‍ മനസിലാക്കണം. മന്ത്രിക്ക് അത് മനസിലായില്ലെങ്കില്‍ മുഖ്യമന്ത്രി പറഞ്ഞുകൊടുക്കണം.

നേരത്തെ ഭരണഘടനയെ അവഹേളിച്ചതിന് രാജിവയ്‌ക്കേണ്ടി വന്ന വ്യക്തിയാണ് സജി ചെറിയാന്‍. ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ പതിവാക്കിയ മന്ത്രിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ക്രൈസ്തവര്‍ തങ്ങള്‍ക്ക് അനുകൂലമായ രാഷ്‌ട്രീയ നിലപാട് മാത്രമേ സ്വീകരിക്കാവൂ എന്നാണ് മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റെയും നിലപാട്. പാലാ ബിഷപ്പിനെതിരെയും തലശ്ശേരി ആര്‍ച്ച് ബിഷപ്പിനെതിരെയും നേരത്തെയും സിപിഎം നേതാക്കള്‍ ഇത്തരം അവഹേളനം നടത്തിയിരുന്നു. കേരളത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന ലൗജിഹാദിനെതിരെയും ലാന്‍ഡ് ജിഹാദിനെതിരെയും ക്രൈസ്തവ പുരോഹിതന്‍മാര്‍ ശബ്ദിക്കരുതെന്നാണ് സിപിഎമ്മിന്റെ തിട്ടൂരം. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലും ഇങ്ങനെ വിഷം തുപ്പണമെങ്കില്‍ സിപിഎമ്മിന്റെ ക്രൈസ്തവ വിരുദ്ധതയുടെ ആഴം ഊഹിക്കാവുന്നതേയുള്ളൂ.

എന്നാല്‍, ഇത്രയും വലിയ അധിക്ഷേപം നടന്നിട്ടും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് മിണ്ടാതിരിക്കുന്നത് അത്ഭുതപ്പെടുത്തുന്നു. മുസ്ലിം മതമൗലികവാദികളുടെ താത്പര്യങ്ങള്‍ മാത്രമാണ് കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും സംരക്ഷിച്ചു പോരുന്നത്. ന്യൂനപക്ഷ ആനുകൂല്യങ്ങളില്‍ 80:20 അനുപാതം തിരുത്തണമെന്നും ക്രിസ്ത്യാനികള്‍ക്ക് ജനസംഖ്യാടിസ്ഥാനത്തില്‍ അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്കണമെന്നും ബിജെപി ആവശ്യപ്പെടുമ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും അതിനെ എതിര്‍ക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by