അഡ്വ. ടി.പി.സിന്ധുമോള്‍
ബിജെപി സംസ്ഥാന വക്താവ്
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെ സ്ത്രീ സമൂഹത്തെ അഭിസംബോധന ചെയ്യാന്‍ തൃശ്ശൂരിലെത്തുകയാണ്. സ്ത്രീശാക്തീകരണത്തിന് ഏറ്റവും കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കിയ പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിന് ഇത്തരുണത്തില്‍ പ്രസക്തിയേറെയാണ്. ജന്‍ധന്‍ അക്കൗണ്ടുകള്‍ മുതല്‍ തെരഞ്ഞെടുപ്പിലെ സ്ത്രീസംവരണം വരെ, സ്ത്രീകേന്ദ്രീകൃത പദ്ധതികളിലൂടെ മോദി സൃഷ്ടിക്കുന്ന വിപ്ലവം ഭാരതീയ സ്ത്രീസമൂഹത്തിന് കരുത്തും ആത്മവിശ്വാസവുമാണ് നല്‍കുന്നത്.
ലോകസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കാനുള്ള ചരിത്രപരമായ നിയമം സൃഷ്ടിച്ചശേഷം ആദ്യമായാണ് നരേന്ദ്രമോദി ഇത്രവലിയൊരു സ്ത്രീ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതെന്ന പ്രത്യേകതകൂടി തൃശ്ശൂര്‍ സമ്മേളനത്തിനുണ്ട്. രണ്ടുലക്ഷം വനിതകള്‍ അണിചേരുന്ന മഹാശക്തി സംഗമത്തിനാണ് വടക്കുംനാഥന്റെ മണ്ണ് ഒരുങ്ങിയിരിക്കുന്നത്.
രാജ്യത്തെ ജനസംഖ്യയില്‍ പകുതിയിലധികം വരുന്ന സ്ത്രീസമൂഹത്തെ രാഷ്ട്രീയ ശാക്തീകരണത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന വനിതാ സംവരണ ബില്‍ 2023, അഥവാ നാരീശക്തി വന്ദന്‍ അധിനിയം സപ്തംബര്‍ മാസം 19നാണ് സന്സദ്ഭവനിലെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ഇരുസഭകളും ബില്‍ പാസാക്കുകയും ചെയ്തു. സപ്തംബര്‍ മാസം 28ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പിട്ട ബില്‍ നിയമമായി. ലിംഗവിവേചനം, ലിംഗ അസമത്വം എന്നിവ കുറയ്ക്കുവാനും, സ്ത്രീയുടെ അന്തസ്സും, പദവിയും ഉയര്‍ത്തുവാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ അക്ഷീണ പ്രയത്നത്തിന്റെ ഫലപ്രാപ്തിയാണ് നാരീശക്തി വന്ദന്‍ അധിനിയം 2023.
സ്ത്രീ ശാക്തീകരണത്തിനുവേണ്ടി മോദിസര്‍ക്കാര്‍ നടപ്പിലാക്കിയ കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളാവാന്‍ കഴിഞ്ഞു എന്നുള്ള സന്തോഷം ഭാരതത്തിലെ ഓരോ സ്ത്രീയിലുമുണ്ട്. പ്രധാനമന്ത്രിയെ കാണുന്നതിലൂടെ, അദ്ദേഹത്തെ നേരിട്ടു കേള്‍ക്കുന്നതിലൂടെ ആ സന്തോഷം ഇരട്ടിക്കുകയാണുണ്ടാകുന്നത്.
2014 ല്‍ അധികാരമേറ്റ മോദിസര്‍ക്കാര്‍ സ്ത്രീ ശാക്തീകരണമെന്നത് വാക്കുകളിലോ, പ്രകടന പത്രികയിലോ ഒതുക്കേണ്ട വിഷയമല്ലന്ന് തിരിച്ചറിഞ്ഞു. രാജ്യത്തെ സ്ത്രീ സമൂഹത്തെ ബഹുമാനിക്കാനും, ആദരിക്കാനും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. അവര്‍ക്കായി ആവിഷ്കരിച്ച പദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടായതും പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചതും രണ്ടാംമോദി സര്‍ക്കാരിന്റെ കാലത്താണ്. കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി പോലും എന്‍ഡിഎയ്ക്ക് പാര്‍ലമെന്റില്‍ ഇല്ലാതിരുന്നിട്ടും ഇവിടെ നടപ്പിലാക്കിയ കേന്ദ്രപദ്ധതികള്‍ യഥാര്‍ത്ഥത്തില്‍ വികസന മുരടിപ്പില്പ്പെട്ട് ശിലാഹൃദയയായിത്തീര്ന്ന കൈരളിക്ക് ആശ്വാസത്തിന്റെ, പ്രതീക്ഷയുടെ പുതുവെളിച്ചമാണ് പ്രദാനം ചെയ്തത്. പുരോഗതിയിലേക്ക് മുന്നേറാന്‍ കേരളത്തെ സഹായിച്ചതും ഇപ്പോഴും സഹായിച്ചുകൊണ്ടിരിക്കുന്നതുമായ കേന്ദ്ര പദ്ധതികളെ മറച്ചുവയ്ക്കാനും, പൂഴ്ത്തിവയ്ക്കാനും പിണറായി വിജയന് സര്‍ക്കാരിനും, നിയമസഭാ പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഒരേമനസ്സാണ്.
കേരളത്തില്‍ സ്ത്രീശാക്തീകരണം മോദി സര്‍ക്കാര്‍ ഉറപ്പാക്കിയപ്പോള്‍ നാമറിഞ്ഞും, അറിയാതെയും, പാതി അറിഞ്ഞും നമ്മുടെ വനിതകളുടെ കൈകളിലേക്കെത്തിയത് നിരവധി ക്ഷേമപദ്ധതികളാണ്. കേന്ദ്ര ഗവണ്മെന്റിന്റെ ഒട്ടുമിക്ക പദ്ധതികളും കേരളത്തില്‍ എത്തുമ്പോള്‍ എല്‍ഡിഎഫിന്റെ അച്ചില്‍ വാര്‍ത്തെടുത്ത് പേരുമാറ്റി ഇടതുസര്‍ക്കാരിന്റെ പദ്ധതികളായി വീടുകളിലേക്കെത്തിയപ്പോള്‍, നമ്മുടെ സഹോദരിമാര്‍ ഈ പദ്ധതികളുടെ ഉത്ഭവം എവിടെനിന്നാണെന്നുള്ള വാസ്തവമറിയാതെ തെറ്റിദ്ധാരണയില്പ്പെട്ട ഒരു സമയം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് കേരളത്തിലെ പ്രിയപ്പെട്ട മറിയക്കുട്ടിമാര്‍ ഇതെല്ലാം മനസ്സിലാക്കി പ്രതികരിക്കാന്‍ തുടങ്ങിയിടത്താണ് പിണറായി വിജയന് സര്‍ക്കാരിന്റെ സമനില തെറ്റിത്തുടങ്ങിയത്.
കോടികള്‍ മുടക്കി സ്ത്രീകളെ പൊതുനിരത്തില്‍ ഇറക്കി നവോത്ഥാന മതിലുപണിതുകൊണ്ടോ, നവകേരള ബസ് നിര്‍മ്മിച്ചുകൊണ്ടോ ആയിരുന്നില്ല മോദി സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനം. സ്ത്രീകളെ അമ്മമാരായി ആദരിക്കുന്ന നമ്മുടെ രാജ്യത്ത് അവരുടെ ആത്മാഭിമാന സംരക്ഷണത്തിനുവേണ്ടി, അവരുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി, അവരുടെ കര്‍ത്തവ്യബോധം ഉയര്‍ത്തുന്നതിനുവേണ്ടി, മാതൃശക്തിയെ പ്രബുദ്ധരും, സ്വാശ്രയശീലരുമാകുന്നതിനുവേണ്ടി എത്രയോ പദ്ധതികള്‍ മോദിജി നടപ്പിലാക്കിക്കഴിഞ്ഞു.
കേരളത്തിലെ ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നുള്ള വനിതകള്‍ക്ക് 3.4 ലക്ഷം സൗജന്യ എല്‍പിജി കണഷനുകള്‍ പ്രധാനമന്ത്രി ഉജ്വല യോജന വഴി നല്കി. കേരളത്തില്‍ അനുവദിക്കപ്പെട്ട 1.4 കോടിയിലധികം വരുന്ന മുദ്രാവായ്പകളില്‍ 68% വും വനിതകള്‍ക്കാണ് ലഭ്യമായത്. 11.41 ലക്ഷം പെണ്‍കുട്ടികളുടെ പേരില്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകള്‍ തുറന്നു. പോഷണ്‍ അഭിയാനുകീഴില്‍ 22.87 ലക്ഷം വനിതകളും, കുട്ടികളും പ്രയോജനം നേടിയിരുന്നു. വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ആവാസ് യോജനയ്ക്കുകീഴില്‍ ഗ്രാമീണ, അര്‍ബന്‍ മേഖലയില്‍ 1.55 ലക്ഷത്തിലധികം വീടുകള്‍ നിര്‍മിച്ചുകഴിഞ്ഞിരിക്കുന്നു. കുടിവെള്ളം നല്കുന്നതിനുവേണ്ടി കേരളത്തിലെ ജനങ്ങള്‍ക്ക് 36 ലക്ഷം ടാപ് വാട്ടര്‍ കണക്ഷനുകള്‍ ജല്‍ജീവന്‍ പദ്ധതി പ്രകാരം നല്‍കിക്കഴിഞ്ഞു. സ്ത്രീകളുടെ, പെണ്‍കുട്ടികളുടെ ആത്മാഭിമാനത്തിനും അന്തസിനും കോട്ടം തട്ടാതിരിക്കുവാന്‍ സ്വച്ച്ഭാരത് അഭിയാന് പദ്ധതി പ്രകാരം കേരളത്തിന്റെ 2,39360 ശൗചാലയങ്ങള്‍ വീടുകള്ക്കനുബന്ധമായി നിര്‍മിച്ചുനല്‍കി. സ്ത്രീ സുരക്ഷയ്ക്കായി പ്രധാനമന്ത്രി മാതൃവന്ദനം യോജന എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയിലൂടെ സ്ത്രീകള്‍ക്കും, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 5000 രൂപ മൂന്നു ഗഡുക്കളായി അവരുടെ അക്കൗണ്ടിലേക്ക് നേരിട്ടുനല്‍കുന്നു. കേരളത്തില്‍ ഇതിനുവേണ്ടി മാത്രം എത്തിയത് 412 കോടി രൂപയാണ്. ഇതിന്റെ ഗുണഭോക്താക്കളായി കേരളത്തില്‍ 9,28,104 അമ്മമാര്‍ ഉണ്ടെന്നുള്ളതാണ് ഈ പദ്ധതിയുടെ സ്വീകാര്യത എത്രത്തോളമെന്ന് വ്യക്തമാക്കുന്നത്. സ്ത്രീകളുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കേരളത്തില്‍ 14 വണ്‍സ്റ്റോപ്പ് സെന്ററുകള്‍ പ്രവര്‍ത്തനക്ഷമമാണ്. 2023 ഏപ്രില്‍ വരെ 13,053 കേസുകള്‍ ഈ ഏകജാലക കേന്ദ്രം വഴി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നു.
കേന്ദ്രാവിഷ്കൃത സ്ത്രീപക്ഷ പദ്ധതികള്‍ ഉള്ളപ്പോള്‍ തന്നെ മറ്റു പദ്ധതികളിലും ഏറിയപങ്കും സ്ത്രീകള്‍ തന്നെ ഗുണഭോക്താക്കളാകുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് സൗജന്യവും, സാര്‍വത്രികവും പ്രാഥമിക ആരോഗ്യപരരക്ഷ ലഭ്യമാക്കുന്നതിന് 6081 ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ സജ്ജമാണ്. 986 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ കേരളത്തില്‍ സജ്ജമാക്കിക്കൊണ്ട് ഗുണമേന്മയുള്ള മരുന്നുകള്‍ താങ്ങാനാവുന്നവിലയ്ക്ക് നല്കുന്നു. പി.എം.ഗരീബ് കല്യാണ്‍ അന്നയോജനക്ക് കീഴില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിക്കൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് ഏപ്രില്‍ 2020 മുതല്‍ ഒക്ടോബര്‍ 2023 വരെ 28.33 ലക്ഷം മെട്രിക് ടണ്ണില്‍ അധികം ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തിരിക്കുന്നു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുള്ള സാമൂഹ്യസുരക്ഷാ പദ്ധതിയായ പി.എം. ജന്‍ധന്‍ യോജന വഴി ജനങ്ങളുടെ സാമ്പത്തിക ഉള്‍പ്പെടുത്തലിനായി 60 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. പി.എം. സ്വനിധി യോജന വഴി 41,000 ലധികം ഗുണഭോക്താക്കള്‍ക്ക് പ്രവര്‍ത്തന മൂലധന വായ്പക്കായി 62.58 കോടി രൂപ നല്കിയിരിക്കുന്നു. പി.എം.ജന്‍ ആരോഗ്യയോജനയായ ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം 73.76 ലക്ഷത്തിലധികം ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ടുകള്‍ കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്നു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ഭാഗമായി 4872 അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ ആരംഭിച്ചപ്പോള്‍ 1916 സ്റ്റാര്‍ട്ടപ്പുകള്‍ വനിതകളുടെ നേതൃത്വത്തിലാണെന്നുള്ളതാണ് സവിശേഷത.
സര്‍വ്വ സ്പര്‍ശിയായി സര്‍വവ്യാപിയായി കേന്ദ്രപദ്ധതികള്‍ വികസനത്തിന്റെ ഊടുംപാവും നെയ്യുമ്പോള്‍ ഏറിയപങ്കും ഗുണങ്ങള്‍ എത്തിച്ചേരുന്നത് സ്ത്രീസമൂഹത്തിലേക്കാണെന്നുള്ളതാണ് നരേന്ദ്രമോദി എന്ന രാഷ്ട്രതന്ത്രജ്ഞന്റെ ഗരിമ വര്‍ധിപ്പിക്കുന്നത്. ലോകമംഗളത്തിനായി നിലകൊള്ളേണ്ടവളാണ് സ്ത്രീ. നന്മയുടെ നല്ല നാളുകള്‍ക്കായി സ്ത്രീ സമൂഹം ശാക്തീകരിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് മറ്റാരേക്കാളും ഉത്തമബോധ്യമുള്ള നമ്മുടെ പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കേണ്ടത് സ്വന്തം കടമയാണെന്ന് ഇവിടുത്തെ മഹിളകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഓരോ അമ്മമാരും, സഹോദരിമാരും മോദിജിയെ വരവേല്‍ക്കാന്‍ സ്വമേധയാ തൃശൂരില്‍ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: