ന്യൂദല്‍ഹി: വ്യാപാര കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അറബിക്കടലില്‍ നാവികസേന നിരീക്ഷണം ശക്തമാക്കി. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്നാണ് മധ്യ, വടക്കന്‍ അറബിക്കടലില്‍ സൈനിക വിന്യാസം വ്യാപിപ്പിച്ചത്. ഏതാനും ആഴ്ചകളായി ചെങ്കടല്‍, ഏദന്‍ ഉള്‍ക്കടല്‍, മധ്യ-വടക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കപ്പല്പാതകളിലൂടെ സഞ്ചരിച്ച വ്യാപാര കപ്പലുകള്‍ സുരക്ഷാഭീഷണി റിപ്പോര്‍ട്ട് ചെയ്തിരുന്നു. യെമനിലെ ഇറാന് പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
ഭാരതതീരത്ത് നിന്ന് 700 നോട്ടിക്കല്‍ മൈല്‍ അകലെ എംവി റൂവന്‍ നേരെയുണ്ടായ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം, ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്ന് ഏകദേശം 220 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറായി എംവി ചെം പ്ലൂട്ടോയിലുണ്ടായ ഡ്രോണ്‍ ആക്രമണം എന്നിവ കണക്കിലെടുത്താണ് സൈനിക നടപടി. ദീര്‍ഘദൂര മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ്, റിമോട്ട് പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം എന്നിവയുടെ ആകാശ നിരീക്ഷണം കൂടുതല്‍ ശക്തമാക്കി.
സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും അപകടമുണ്ടായാല്‍ വ്യാപാര കപ്പലുകളെ സഹായിക്കാനും ഡിസ്ട്രോയറുകളും ഫ്രിഗേറ്റുകളും അടങ്ങുന്ന ടാസ്ക് ഗ്രൂപ്പുകളെയും നാവികസേന വിന്യസിച്ചിട്ടുണ്ട്. കപ്പലാക്രമണമുണ്ടായതിന് സമീപമുള്ള ഇന്ത്യന്‍ എക്സ്ക്ലൂസീവ് എക്കണോമിക് സോണിന്റെ (ഐഇഇഇഇസഡ്) നിരീക്ഷണത്തിനായി, നാവികസേനയും കോസ്റ്റ് ഗാര്‍ഡുമായി നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ട്.
നിരീക്ഷണത്തിനായി നാവികസേന പി-8 ഐ ലോങ് റേഞ്ച് പട്രോളിങ് വിമാനവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മേഖലയില്‍ യുദ്ധക്കപ്പലുകളായ ഐഎന്‍എസ് മോര്‍മുഗാവോ, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നിവയെയും വിന്യസിച്ചതായി നാവികസേനാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോസ്റ്റ് ഗാര്‍ഡുമായും ബന്ധപ്പെട്ട എല്ലാ ഏജന്‍സികളുമായും ഏകോപിപ്പിച്ച് പടിഞ്ഞാറന്‍ നേവല്‍ കമാന്‍ഡിന്റെ മാരിടൈം ഓപ്പറേഷന്‍സ് സെന്റര്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സൗദി അറേബ്യയിലെ അല്‍ ജുബൈല്‍ തുറമുഖത്ത് നിന്ന് ന്യൂമംഗളൂരു തുറമുഖത്തേക്ക് അസംസ്കൃത എണ്ണയുമായി പോയ എംവി ചെം പ്ലൂട്ടോ ഡിസംബര്‍ 23ന് പോര്‍ബന്തറില്‍ നിന്ന് 217 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: