തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) കേന്ദ്ര ഫണ്ടുപയോഗിച്ച് തയാറാക്കിയ വിവിധോദ്ദേശ്യ സോഫ്റ്റ്‌വെയറായ കെ സ്മാര്‍ട്ട് കേരളത്തിന്റേതാക്കി മാറ്റി. ഉദ്ഘാടനത്തില്‍ നിന്ന് കേന്ദ്രമന്ത്രിമാരെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍. കെ സ്മാര്‍ട്ടിന്റെ സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാനത്തിന്റെ പുതുവര്‍ഷ സമ്മാനമെന്ന് പ്രഖ്യാപിച്ച് ഇന്ന് എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി കേന്ദ്രം 48,000 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. രാജ്യത്തെ 100 പ്രധാന പട്ടണങ്ങളെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലൂടെ വികസിപ്പിക്കുകയാണ് ലക്ഷ്യം. കൊച്ചിയും തിരുവനന്തപുരവും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കരാര്‍ പ്രകാരം കേന്ദ്രവും കേരളവും തുല്യമായി തുക വിനിയോഗിക്കണം. കേന്ദ്ര നഗര ഭവനകാര്യ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുക.കേന്ദ്രത്തില്‍ നിന്നുള്ള വിഹിതം കൊച്ചിന്‍ സ്മാര്‍ട്ട് സിറ്റി മിഷന്‍ ലിമിറ്റഡിന് ഇതിനകം ലഭിച്ചു. കേന്ദ്രം തുക അനുവദിച്ചെങ്കിലും സംസ്ഥാനം വിഹിതം അടച്ചിട്ടില്ല. കൊച്ചിന്‍ സ്മാര്‍ട്ട് സിറ്റി മിഷന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ച തുകയില്‍ നിന്ന് 23 കോടി രൂപ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് നല്കിയാണ് കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ രൂപകല്പന ചെയ്തത്.
തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത. 36 മൊഡ്യൂളുകളാണ് ഇതില്‍. ഏഴ് എണ്ണം മാത്രമാണ് പൂര്‍ത്തിയായത്. ഇന്നു മുതല്‍ കോര്‍പറേഷന്‍, നഗരസഭാ സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പാക്കും. ഏപ്രില്‍ മുതല്‍ പഞ്ചായത്ത് തലത്തിലും എന്നാണ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കിയത്. എന്നാല്‍ പകുതി മൊഡ്യൂളുകള്‍ പോലും പൂര്‍ത്തിയാക്കാത്തതിനാല്‍ പദ്ധതി അടുത്തിടെയൊന്നും നടപ്പാക്കാനുള്ള സാധ്യത കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: