അരുണാചലിലെ ലിക്കാബലിയില് സിയാങ് പര്‍വത താഴ്വരയില്, ബ്രഹ്മപുത്രാ നദിക്കരയിലുള്ള പുരാതന ക്ഷേത്രമാണ് ‘മാലിനിതന്‍’. പാര്‍വതീ ദേവിയാണ് പ്രധാന ആരാധനാമൂര്‍ത്തി. കാലഹരണപ്പെട്ടു തുടങ്ങിയ ക്ഷേത്രത്തിന്റെ വാസ്തുവൈഭവം ഇന്നും ചേതോഹരമാണ്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള ക്ഷേത്രത്തിന്റെ ഗതകാലപ്രൗഢിയറിയിക്കുന്ന ഒട്ടേറെ ശില്പവൈഭവങ്ങള് ഇപ്പോഴും ഇവിടെ ദൃശ്യമാണ്. മയില്‍വാഹനനായ കാര്ത്തികേയന്, ഐരാവതത്തിനു മീതെ ഇരിക്കുന്ന ഇന്ദ്രന്, മൂഷികവാഹനനായ ഗണേശന്, ഭീമാകാരമായൊരു നന്ദി വിഗ്രഹം, രഥത്തിലെഴുന്നള്ളുന്ന സൂര്യഭഗവാന് തുടങ്ങിയ ദേവതാവിഗ്രഹങ്ങള്‍, പൂക്കളും പക്ഷിമൃഗാദികളും നിറയുന്ന ശില്പാലംകൃത തൂണുകള്‍ എന്നിവയെല്ലാം ക്ഷേത്രാവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്തവയാണ്. ചൂട്ടിയ രാജവംശത്തിലെ രാജാവായിരുന്ന ലക്ഷ്മീനാരായണ് പണിതതാണ് ക്ഷേത്രമെന്ന് ചരിത്രരേഖകള്‍ പറയുന്നത്.
13ാം നൂറ്റാണ്ടില്‍ പണിത മാലിനിതനിന്റെ പൂര്‍വകാലം ശക്തി ആരാധനയുമായി ബന്ധപ്പെട്ടതാണ്. രുഗ്മിണീ സ്വയംവരമാണ് ക്ഷേത്ര ഐതിഹ്യത്തിന് ആധാരം. സ്വയംവരം കഴിഞ്ഞ് ദ്വാരകയിലേക്കുള്ള യാത്രാമധ്യേ വിവാഹസംഘം ശിവപാര്‍വതിമാരെ കാണാനിടയായി. വധുവായ രുഗ്മിണിയെ പാര്‍വതീദേവി പൂമാലയിട്ട് സ്വീകരിച്ചു. രുഗ്മിണിയെ ‘മാലിനി’ എന്നാണ് പാര്‍വതി അഭിസംബോധന ചെയ്തത്. ആ പ്രദേശം
പിന്നീട് ‘മാലിനിതന്‍’ എന്നറിയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: