തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വീണ്ടും നേതാക്കളുടെ വിഴുപ്പലക്കല്‍. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും മുന്‍ മന്ത്രി വി എം സുധീരനും തമ്മിലാണ് ഇപ്പോള്‍ പോരടിക്കുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന കെ പി സി സി എക്‌സിക്യൂട്ടീവില്‍ ഏറെ കാലത്തിന് ശേഷം പങ്കെടുത്ത സുധീരന്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. എന്നാല്‍ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ സുധീരന്‍ അദ്ദേഹത്തിന് പറയാനുളളത് പറഞ്ഞിട്ട് പോയെന്നും നേരത്തേ പാര്‍ട്ടി വിട്ടെന്ന് പറഞ്ഞയാളാണ് അദ്ദേഹമെന്നും സുധാകരന്‍ പരിഹസിച്ചിരുന്നു.
ഇതിന് മറുപടിയുമായാണ് വി എം സുധീരന്‍ ഇന്നെത്തിയത്.കൂടിയാലോചനകളിലൂടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിരുന്നെങ്കില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഫലം വ്യത്യസ്തമാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പണ്ട് രണ്ടു ഗ്രൂപ്പുകളുടെ താല്‍പ്പര്യം സംരക്ഷിച്ചാല്‍ മതിയായിരുന്നെങ്കില്‍ ഇപ്പോള്‍ അഞ്ചു ഗ്രൂപ്പുകളെ പരിഗണിക്കേണ്ട സ്ഥിതിയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
ഡിസിസി അധ്യക്ഷ പദവി ഉള്‍പ്പെടെയുള്ള പദത്തിലേക്ക് പേരുകള്‍ പരിഗണിക്കുമ്പോള്‍ അവര്‍ ആ സ്ഥാനത്തിന് അനുയോജ്യരാണോ അല്ലയോ എന്ന് കൂട്ടായി ചര്‍ച്ച ചെയ്യണമെന്ന് രാഷ്‌ട്രീയകാര്യ സമിതി യോഗത്തില്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ രീതിയിലല്ല കാര്യങ്ങള്‍ പോയത്. ഇതോടെയാണ് ഫേസ്ബുക്കില്‍ വിയോജനക്കുറിപ്പ് ഇട്ടത്. ഇതിനു പിന്നാലെയാണ് സുധാകരന്‍ കാണാന്‍ വന്നതെന്നും സുധീരന്‍ വെളിപ്പെടുത്തി.
നിങ്ങളുടെ രീതി ശരിയല്ലെന്നും, മെറിറ്റിന്റെ അടിസ്ഥാനത്തില്‍ വേണം ഓരോരോ സ്ഥാനങ്ങളിലേക്കും ആളുകളെ നിയോഗിക്കേണ്ടതെന്നും സുധാകരനോട് പറഞ്ഞു. ഹൈക്കമാന്‍ഡ് ഇടപെടല്‍ ആവശ്യപ്പെട്ടും കത്തയച്ചു. ഒരു പ്രതികരണവും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്നും എഐസിസി അംഗത്വത്തില്‍ നിന്നും രാജിവച്ചത്. എന്നാല്‍ ഒട്ടുമിക്ക ഡിസിസി പരിപാടികളിലും കോണ്‍ഗ്രസ് പരിപാടികളിലും താന്‍ പങ്കെടുക്കാറുണ്ടെന്നും വി.എം സുധീരന്‍ പറഞ്ഞു.
എന്നിട്ടാണ് താന്‍ പാര്‍ട്ടി വിട്ടുവെന്നാണ് കെപിസിസി കെ സുധാകരന്‍ പറഞ്ഞത്. അദ്ദേഹം പറയുന്ന പല കാര്യങ്ങളും അദ്ദേഹത്തിന് തന്നെ പലപ്പോഴും തിരുത്തേണ്ടി വരുന്നുണ്ട്. ഈ കാര്യവും അദ്ദേഹത്തിന് തിരുത്തേണ്ടി വരും. കെപിസിസി യോഗത്തില്‍ താന്‍ പറഞ്ഞ കാര്യത്തില്‍ ആ യോഗത്തില്‍ പ്രതികരിക്കാതെ പരസ്യമായി പ്രതികരിച്ച കെ സുധാകരന്റെ നടപടി ഔചിത്യക്കുറവാണെന്ന് വി എം സുധീരന്‍ വിമര്‍ശിച്ചു. കേരളത്തിന്റെ ചുമലതലയുളള ദീപ ദാസ് മുന്‍ഷിയും ഔചിത്യം കാട്ടിയില്ല.
ഇവരൊക്കെ കോണ്‍ഗ്രസില്‍ വരുന്നതിന് മുമ്പേ താന്‍ കോണ്‍ഗ്രസുകാരനാണ്. 16 വയസില്‍ കെഎസ് യുവിന്റെ സംസ്ഥാന കമ്മിറ്റിയില്‍ അംഗമായ ആളാണ് ഞാന്‍. അന്നു മുതല്‍ കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നും വി.എം സുധീരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: