ഇത് കൊല്ലം… അഷ്ടമുടിക്കായലിന്റെ തീരത്തോട് ചേര്‍ന്നു കിടക്കുന്ന, കായലുകളും തുരുത്തുകളും ബീച്ചുകളും ക്ഷേത്രങ്ങളും മലനിരകളുമൊക്കെ ചേര്‍ന്ന് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കാഴ്ചയുടെ വിസ്മയലോകം. കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന ചൊല്ലിനെ അന്വര്ത്ഥമമാക്കുന്ന സഞ്ചാരികളുടെ ഇഷ്ടസ്ഥലം. സഞ്ചാരികളെ ഇതിലേ… ഇതിലേ…. ഏതു സമയത്ത് എത്തിയാലും കാഴ്ചകളുടെ വസന്തം കാത്തിരിക്കുന്നു.
കശുവണ്ടിയുടെ നഗരം. ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും നാട്. കടല്‍-കായല്‍ വിഭവങ്ങള്‍ക്ക് പ്രസിദ്ധമാര്ന്നയിടം. അഷ്ടമുടിക്കായലാണ് കൊല്ലത്തെ കൂടുതല്‍ സുന്ദരമാക്കുന്നത്. തെക്കന്‍ കേരളത്തിന്റെ ചരിത്ര മഹിമ വിളിച്ചോതുന്ന ദേശിംഗനാടിന്റെ ഉള്‍നാടന്‍ ഗ്രാമഭംഗി പറഞ്ഞാല്‍ തീരില്ല. ഇവിടുള്ള വിനോദ സഞ്ചാര മേഖലകളിലെത്തിയാല് പിന്നെ മനസ്സ് ശാന്തം.
സായാഹ്ന കാഴ്ചകള്‍ക്ക് മാറ്റുകൂട്ടുവാന്‍ കൊല്ലം, തങ്കശ്ശേരി, തിരുമുല്ലാവാരം തുടങ്ങിയ ബീച്ചുകളില്‍ തിരക്കൊഴിഞ്ഞ സമയമില്ല. കായലോളത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ കണ്ണിന് ഇമ്പം നല്കുന്ന പ്രകൃതി സൗന്ദര്യവുമായി പച്ചച്ചായവുമായി പ്രകൃതിയൊരുക്കിയ തുരുത്തുകളുടെ സംഗമഭൂമിയായ മണ്‍റോത്തുരുത്തും ഹരിത മനോഹരമായ കുന്നിന് പ്രദേശങ്ങളും കുന്നുകള്‍ക്കിടയിലെ നെല്‍പ്പാടങ്ങളും കാണപ്പടുന്ന കേരളത്തിന്റെ ശുദ്ധജലതടാകമായ ശാസ്താംകോട്ട കായലും.
കൊല്ലത്തിന്റെ ഹൃദയവും വിശ്രമ ഭൂമിയുമായ ആശ്രാമം മൈതാനം. ചുവപ്പും വെള്ളയും വസ്ത്രമണിഞ്ഞ് കടലിനരുകില്‍ അധികാര മനോഭാവത്തോടെ തല ഉയര്‍ത്തി നില്ക്കുന്ന തങ്കശ്ശേരി ലൈറ്റ് ഹൗസ്. കടലിന്റെ മക്കളുടെ പച്ചയായ ജീവിത വൈവിധ്യങ്ങള്‍ തൊട്ടറിയാന്‍ നീണ്ടുപരന്നു കിടക്കുന്ന നീണ്ടകര തുറമുഖം. രാജഭരണത്തിന്റെ അവശേഷിപ്പുകളായ കുതിരലായവും കല്‍മണ്ഡപവും നിലനില്‍ക്കുന്ന പതഞ്ഞൊഴുകുന്ന പാലരുവി. ചരിത്രം ഉറങ്ങിക്കിടക്കുന്ന പുനലൂര്‍ തൂക്കുപാലം.
മലനിരയില്‍ വിസ്മയം ഒരുക്കി ജഡായു പാറ. തണുപ്പും കായല്‍ക്കാറ്റും പായല്‍ പച്ചപ്പും ഇടയ്ക്ക് വിരുന്നിനെത്തുന്ന ഇളം വെയിലും ഒത്തുകൂടിയ വശ്യസുന്ദരമായ സാമ്പ്രാണിക്കോടിയും. അങ്ങനെ അനന്തമായി നീളുകയാണ് കൊല്ലത്തിന്റെ ശാലീന സൗന്ദര്യം. കൊതിയൂറും വിഭവങ്ങളുടെ രുചിക്കൂട്ടിലും ഒട്ടും പിന്നിലല്ല കൊല്ലം. കാഴ്ചകള്‍ക്ക് നിറം കൂട്ടാന്‍ എത്തുന്നവര്‍ക്ക് രുചികള്‍ കൊണ്ട് മനവും നിറയ്ക്കാം. കായല്‍ക്കര ആയതു കൊണ്ട് നാടന്‍ രുചി പ്രദാനം ചെയ്യുന്ന മത്സ്യങ്ങളും സുലഭം. സ്വര്‍ഗം തീര്‍ക്കുന്ന ഈ തീരം കൗമാരകലാകേരളത്തെ കാത്തിരിക്കുകയാണ്, അഞ്ചുനാള്‍ ആടിത്തിമിര്‍ക്കാന്‍.
അഷ്ടമുടിക്കായല്‍
എട്ടു മുടികള്‍ ചേര്‍ന്നതാണ് വലിപ്പത്തില്‍ രണ്ടാമതായ അഷ്ടമുടിക്കായല്‍. കേരളത്തിലെ ശുദ്ധജല തടാകങ്ങളിലേക്കുളള കവാടമെന്നും അഷ്ടമുടിക്കായലിനെ വിശേഷിപ്പിക്കാറുണ്ട്. കൊല്ലം-ആലപ്പുഴ ജലപാത കായല്‍ സവാരിക്ക് പ്രസിദ്ധമാണ്. പച്ചത്തുരുത്തുകളും കായലോര ഗ്രാമങ്ങളും ചീനവലകളും കണ്ടാസ്വദിച്ചുള്ള ഇതുവഴിയുള്ള ബോട്ടുയാത്ര ഹൃദ്യമാണ്.
2002 ലാണ് അന്താരാഷ്ട്ര പ്രാധാന്യമുള്ള നീര്‍ത്തടമായി അഷ്ടമുടിയെ പ്രഖ്യാപിച്ചത്. 614 ചതുരശ്ര കിലോമീറ്റര്‍ ആണ് അഷ്ടമുടിക്കായലിന്റെ വിസ്തീര്‍ണം. കാഞ്ഞിരോട്ടു കായലിലെ കരിമീന്‍ വിശേഷവും കണ്ടല്‍ക്കാടുകളും ദേശാടന പക്ഷികളുടെ ഇടത്താവളവും പൈതൃക ജൈവ വൈവിധ്യ മേഖലയും ഒക്കെ ചേര്‍ന്നു പറഞ്ഞാല്‍ തീരാത്ത പ്രത്യേകതകളുണ്ട് അഷ്ടമുടിക്കായലിന്.
അഷ്ടമുടിക്കായലിന്റെ ദൃശ്യഭംഗി ആസ്വദിക്കാനായി ജലഗതാഗതവകുപ്പിന്റെ സീ അഷ്ടമുടി ബോട്ട് സര്‍വീസ് നിലവിലുണ്ട്. ദിവസവും പകല്‍ 11.30ന് കൊല്ലം ബോട്ട് ജെട്ടിയില്‍നിന്നു പുറപ്പെടുന്ന സര്‍വിസ് അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്ര ബോട്ട് ജെട്ടിവഴി കല്ലടയാറ്റിലൂടെ കണ്ണങ്കാട്ടുകടവ് (മണ്ട്രോത്തുരുത്ത്), പെരുങ്ങാലം ധ്യാനതീരം, ഡച്ചുപള്ളി, പെരുമണ്‍ പാലം, കാക്ക തുരുത്തുവഴി പ്രാക്കുളം സാമ്പ്രാണിക്കോടിയിലെത്തും.
സഞ്ചാരികള്‍ക്ക് സാമ്പ്രാണിത്തുരുത്തിലിറങ്ങി കായല്‍ക്കാഴ്ചകള്‍ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് വൈകിട്ട് നാലരയോടെ കൊല്ലത്ത് തിരിച്ചെത്തും. നിരവധി മലയാളം എഴുത്തുകാര്‍ക്ക് പ്രചോദനം നല്കിയ കായല്‍ കൂടിയാണ് അഷ്ടമുടി. അഷ്ടമുടിക്കായലിനേക്കുറിച്ച് നിരവധി മലയാള സിനിമകളിലും സിനിമാഗാനങ്ങളിലും പരാമര്‍ശമുണ്ട്.
ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്ക്
കൊല്ലം നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു അര്‍ബന്‍ ഉദ്യാനമാണ് ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്ക്. അഷ്ടമുടിക്കായലിന്റെ തീരത്ത് 48 ഏക്കറിലായുള്ള പാര്‍ക്ക് 1980-ലാണ് സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കിയത്. ജില്ലാ ടൂറിസം പ്രൊമോഷന് സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഉദ്യാനം പിക്നിക് വില്ലേജ് എന്ന പേരിലും അറിയപ്പെടാറുണ്ട്.
നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഇവിടെ അഷ്ടമുടിക്കായലിന്റെ ഭംഗി ആസ്വദിക്കാന്‍ പറ്റിയ സ്ഥലം കൂടിയാണിത്. കുട്ടികള്‍ക്കുള്ള ട്രാഫിക് പാര്‍ക്ക്, ബോട്ട് ക്ലബ്, കേരള ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ എന്നിവ സഞ്ചാരികള്‍ക്കായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
കായലിലൂടെയുള്ള ബോട്ട് യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണിത്. കൊല്ലം ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ കീഴില്‍ ഇവിടെ ഒരു ബോട്ട് ക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്. ഹൗസ്ബോട്ടുകള്‍ക്ക് പുറമെ ആഡംബര ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍, പവര്‍ ബോട്ടുകള്‍ എന്നിവയും സഞ്ചാരികള്‍ക്ക് ആവശ്യാനുസരണം പ്രയോജനപ്പെടുത്താം. ഈ പാര്‍ക്കില്‍ ബണ്ടില്‍ ഓഫ് സ്ലോഗന്, സ്റ്റോറി ടെല്ലര്‍ തുടങ്ങി പത്ത് പ്രതിമകള്‍ വിവിധ ശില്‍പ്പികള്‍ നിര്‍മിച്ചിട്ടുണ്ട്.
മണ്‍റോത്തുരുത്ത്
പ്രകൃതി നല്കിയ വരദാനത്താല്‍ മണ്‍റോത്തുരുത്ത് സഞ്ചാരികള്‍ക്ക് നല്‍കുന്നത് അതിശയങ്ങളുടെ തീരാക്കാഴ്ചയാണ്. എട്ടോളം ചെറുദ്വീപുകളുടെ കൂട്ടമാണ് അഷ്ടമുടിക്കായലിലെ മണ്‍റോത്തുരുത്ത്. കൊല്ലത്തു നിന്ന് 27 കിലോമീറ്റര്‍ ദൂരമുണ്ട്. ചെറുതോടുകളും, കായലും, കനാലുകളും പരസ്പരം വേര്‍തിരിക്കുന്ന ദ്വീപുകള്‍ തെങ്ങിന് തോപ്പുകളുടെയും മത്സ്യ സമ്പത്തിന്റെയും കേന്ദ്രമാണ്.
തിരുവിതാംകൂറിലെ പഴയ റെസിഡന്റ് ആയിരുന്ന കേണല്‍ മണ്‍റോയുടെ പേരിലാണ് ഈ തുരുത്ത് അറിയപ്പെടുന്നത്. കൊല്ലത്ത് ചിതറിക്കിടന്ന പല പ്രദേശങ്ങളെയും കനാലുകള്‍ നിര്‍മിച്ച് ജലമാര്‍ഗം യോജിപ്പിച്ച വ്യക്തിയാണ് കേണല്‍ മണ്‍റോ. ഓണാഘോഷത്തിന്റെ ഭാഗമായി കല്ലടയാറ്റില്‍ നടക്കുന്ന ജലോത്സവം ഈ മേഖലയിലെ പ്രധാന ആഘോഷമാണ്. മണ്റോതുരുത്തിലൂടെയുളള ജലയാത്രകള്‍ ഗ്രാമീണ ജീവിതം അടുത്തറിയാനും സ്വച്ഛമായ ഉല്ലാസത്തിനും യോജിച്ചവയാണ്.
സാമ്പ്രാണിക്കൊടി
ബ്രിട്ടീഷ് ഭരണകാലത്തുതന്നെ പേരെടുത്ത മണ്‍റോതുരുത്തിന് ശേഷം കൊല്ലം ജില്ലയുടെ വിനോദസഞ്ചാര പട്ടികയിലിടം പിടിച്ച ഭൂമി… അതാണ് സാമ്പ്രാണിക്കോടി അഥവാ സാമ്പ്രാണി തുരുത്ത്. തൃക്കരുവ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡാണു സാമ്പ്രാണിക്കോടി. സാമ്പ്രാണിക്കോടി എന്ന വ്യത്യസ്തമായ പേര് എങ്ങനെയാണ് ഉണ്ടായത്…അതിനെക്കുറിച്ച് രസകരമായ ഒരു വസ്തുത പ്രചരിക്കുന്നുണ്ട്. ഈ പ്രദേശം കണക്കാക്കിയാണ് പണ്ട് ചെറു കപ്പലുകള്‍ ചരക്കു കയറ്റാനും ഇറക്കാനും അടുപ്പിച്ചിരുന്നത്.
ധാരാളം ചൈനക്കാരുടെ കപ്പലുകള്‍ അവിടെ എത്തുമായിരുന്നു. ചൈനാക്കാരുടെ ചെറു കപ്പലുകളെ തദ്ദേശീയരായ ജനങ്ങള്‍ വിളിച്ചിരുന്നത് ചാമ്പ്രാണി എന്ന പേരിലായിരുന്നു. ഇതില്‍ നിന്നാണ് ഇന്നത്തെ സാമ്പ്രാണി എന്ന പേര് എത്തിയതെന്നാണ് പറയപ്പെടുന്നത്. രണ്ടേക്കറോളം ഭൂമിയില്‍ കണ്ടല്‍ക്കാടുകള്‍ സമൃദ്ധമായി വളരുന്ന ഇടംകൂടിയാണിവിടം. ബോട്ടില്‍ കയറി വേണം ഇവിടെയെത്താന്‍. കാവനാട് ബോട്ട് ജെട്ടിയില്‍ നിന്ന് ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസ് സാമ്പ്രാണി കടവിലേക്കുണ്ട്. അതല്ല റോഡ് വഴിയാണ് വരുന്നതെങ്കില്‍ ബൈപസിലെ കടവൂര്‍ സിഗ്നലില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് അഞ്ചാലുംമൂട്ടിലെത്തി പ്രാക്കുളം വഴി വരാം.
കരയില്‍ നിന്ന് ബോട്ടില്‍ യാത്ര ചെയ്ത് കണ്ടല്‍ക്കാടുകള്‍ തണല്‍ വിരിച്ച കായല്‍ മേധ്യേ മുട്ടറ്റം വെള്ളത്തില്‍ ഇറങ്ങി നില്‍ക്കുന്നത് സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമാണ്.
മനോഹരമായ കണ്ടല്‍ കാടുകള്‍ക്കിടിയില്‍ ശാന്തമായ കായലിലൂടെ നടക്കുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടെങ്കില്‍, സാമ്പ്രാണിക്കോടി അത് യാഥാര്‍ഥ്യമാക്കും.
കൊല്ലം ബീച്ച്
അറബിക്കടലിന്റെ വിശാലദൃശ്യം പ്രദാനം ചെയ്യുന്ന കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചുകളിലൊന്നാണിത്. ഒരു കാലത്ത് ചൈനീസ് കപ്പലുകള്‍ വ്യാപാരത്തിനായി എത്തിയിരുന്ന തിരക്കേറിയ തുറമുഖമായിരുന്നു കൊല്ലം ബീച്ച്. ഇതിന്റെ അടയാളങ്ങളായി ചൈനീസ് മത്സ്യബന്ധന വലകളും ചൈനീസ് വാട്ടര്‍ പാത്രങ്ങളും സാമ്പാന്‍ പോലുള്ള ബോട്ടുകളും ഇന്നുമുണ്ട്.
മഹാത്മാഗാന്ധി കടപ്പുറം എന്ന കൊല്ലം കടപ്പുറത്തോടനുബന്ധിച്ച് ഉദ്യാനവും മറ്റും ഉണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മഹാത്മാഗാന്ധി പാര്‍ക്ക് 1967 ജനുവരി 1ന് അന്നത്തെ ഉപരാഷ്ട്രപതിയായിരുന്ന സക്കീര്‍ ഹുസൈനാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ ഏറ്റവും വലിയ വിളക്കുമാടമായ തങ്കശ്ശേരി ഇതിനു സമീപത്തായാണ്. ലൈഫ് ഗാര്‍ഡ് ഔട്ട്പോസ്റ്റുള്ള കേരളത്തിലെ ചുരുക്കം ചില ബീച്ചുകളില്‍ ഒന്നാണ് കൊല്ലം ബീച്ച്.
തിരുമുല്ലവാരം ബീച്ച്
കൊല്ലത്തെ കാഴ്ചകളിലൊന്നാണ് തിരുമുല്ലവാരം ബീച്ച്. മനോഹരമായ പത്തു ബീച്ചുകളിലൊന്നായി അറിയപ്പെടുന്ന ഇത് കൊല്ലത്തു നിന്നും 8.5 കിലോമീറ്റര്‍ അകലെയാണുള്ളത്. അധികം ആഴമില്ലാത്ത കടലായ ഇവിടെ സ്കൂബാ ഡൈവിംഗിന് പേരുകേട്ട ഇടം കൂടിയാണ്. ആളൊഴിഞ്ഞ കടല്‍ത്തീരവും മനോഹരമായ ഒരു പിക്നിക് കേന്ദ്രവുമാണിത്. കടലിലേക്ക് ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെയായുള്ള ഞായറാഴ്ച പാറ (സണ്‍ഡേ റോക്ക്) ഇവിടുത്തെ പ്രത്യേകതയാണ്. ഇത് വേലിയേറ്റത്തില്‍ തീരത്ത് നിന്ന് കാണാന്‍ കഴിയും. ബീച്ചിനടുത്തുള്ള തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രവും ഏറെ പ്രശസ്തമാണ്.
കൊല്ലം ക്ലോക്ക് ടവര്‍
ജില്ലയുടെ ഒരു അനൗദ്യോഗിക ചിഹ്നം എന്ന നിലയില്‍ പ്രാധാന്യം നേടിയിട്ടുള്ള ക്ലോക്ക് ടവറിന് 70 വര്‍ഷത്തോളം പഴക്കമുണ്ട്. നഗരത്തിന്റെ ഹൃദയഭാഗത്തായി ചിന്നക്കടയില്‍ സ്ഥിതി ചെയ്യുന്ന കൊല്ലം ക്ലോക്ക് ടവര്‍ (കൊല്ലം മണിമേട) ഏറെ ആകര്‍ഷണം ഉയര്‍ത്തുന്നതാണ്. കൊല്ലം നഗരസഭയില്‍ 1932 മുതല്‍ 1948 വരെ ചെയര്‍മാനായിരുന്ന ‘രാജ്യസേവാനിരത കെ.ജി. പരമേശ്വരന് പിള്ളയോടുള്ള’ ആദരസൂചകമായാണ് ഈ ചതുരാകൃതിയിലുള്ള ഗോപുരം നിര്‍മിച്ചത്.
കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്തായി ദേശീയപാത-544ന്റെ ഓരത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1941-ല്‍ നിര്‍മാണമാരംഭിച്ച ഗോപുരം, 1944-ല്‍ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. തിരുവിതാംകൂറിലെ ആദ്യകാല ക്ലോക്ക് ടവറുകളില്‍ ഒന്നായ ഇതിന്റെ നിര്‍മാണത്തിന് ചുടുകട്ടകളും വൈറ്റ് സിമന്റുമാണ് ഉപയോഗിച്ചിരിക്കുന്നത്. വശങ്ങളിലുപയോഗിച്ച നാല് വലിയ ശിലകള്‍ കൊല്‍ക്കൊത്തയില്‍ നിന്നാണ് കൊണ്ടു വന്നത്.
തങ്കശ്ശേരി ലൈറ്റ് ഹൗസ്
രാജ്യത്തെ പ്രധാന ലൈറ്റ് ഹൗസികളിലൊന്നാണ് തങ്കശ്ശേരിയിലേത്. 1902ല്‍ നിര്‍മിച്ച ഈ വിളക്കുമാടത്തിനു 144 അടി ഉയരം ഉണ്ട്. കേരളത്തിലെ ഏറ്റവും ഉയരമുള്ള ഈ വിളക്കുമാടത്തില്‍ നിന്ന് 13 മൈല്‍ അകലെ നിന്നുമുള്ള കാഴ്ചകള്‍ പോലും കാണാന്‍ സാധിക്കും. ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച വിളക്കുമാടം നമ്മുടെ വിദേശ ആധിപത്യത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നു.
തൊട്ടടുത്തു തകര്‍ന്നു കിടക്കുന്ന ഡച്ചു കോട്ടയുടെ അവശിഷ്ടങ്ങള്‍ കയ്പ്പേറിയ അടിമത്വത്തിന്റെ ഭൂതകാലത്തെ ഓര്‍മപ്പെടുത്തും. ലൈറ്റ് ഹൗസിന് മുകളില്‍ നിന്നാല്‍ കൊല്ലം നഗരത്തിന്റെ വലിയ പ്രദേശം ദൃശ്യമാകും. പണ്ട് കൊല്ലം തുറമുഖത്തേക്ക് എത്തിയിരുന്ന കപ്പലുകള്‍ക്ക് സിഗ്നലും അപായ അറിയിപ്പുകളും നല്‍കാനാണ് മുഖ്യമായും ഉപയോഗിച്ചിരുന്നത്.
മണ്ണെണ്ണ വിളക്കിനു പകരമായി വൈദ്യുതിവിളക്കുകള്‍ വന്നു എന്നതൊഴിച്ചാല്‍ എടുത്തുപറയേണ്ട മാറ്റങ്ങള്‍ ഒന്നും ലൈറ്റ് ഹൗസിന് സംഭവിച്ചിട്ടില്ല. തങ്കശ്ശേരി, തിരുമുല്ലവാരം എന്നീ പ്രദേശങ്ങളോട് അടുത്തുള്ള കല്ലുകള്‍ നിറഞ്ഞ കടല്‍ത്തട്ടിനെയും കടലിലേക്ക് നീണ്ടു നില്ക്കുന്ന മുനമ്പിനെയും കുറിച്ച് ഈ വിളക്കുമാടം കപ്പലുകള്‍ക്ക് അപായസൂചന നല്കുന്നു. ലൈറ്റ്ഹൗസ് റോഡിലൂടെ യാത്ര ചെയ്താല്‍ സൂര്യാസ്തമനവും ചന്ദ്രോദയവും ഒരുമിച്ച് കാണാനാകുമെന്ന പ്രത്യേകതയുമുണ്ട്.
വിളക്കേന്തിയ വനിത
അഷ്ടമുടിക്കായലിന്റെ തീരത്ത് സഞ്ചാരികളെ വരവേല്‍ക്കുന്ന ഒരു പ്രതിമയാണ് വിളക്കേന്തിയ വനിത. അമേരിക്കയിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി എന്ന പ്രതിമയെ അനുസ്മരിപ്പിക്കുന്നതാണ് ഈ പ്രതിമ. ഈ പ്രതിമയ്ക്ക് താഴെ ഗോഡെസ് ഓഫ് ലൈറ്റ് അഥവ പ്രകാശത്തിന്റെ ദേവത എന്ന് എഴുതിയിട്ടുണ്ട്.
ചരിത്രം പേറുന്ന തങ്കശ്ശേരി കോട്ട
1516 സെപ്തംബറില്‍ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ ലോപ്പോ ഡോറസും കൊല്ലം റാണിയും തമ്മില്‍ ഒരു വ്യാപാര കരാര്‍ ഒപ്പിട്ടു. കൊല്ലത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന ഒന്നായി ആ കരാര്‍ മാറി. കരാറിന്റെ അടിസ്ഥാനത്തില്‍ കൊല്ലത്ത് ഒരു പണ്ടക ശാല നിര്‍മിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ക്ക് റാണി അനുമതി കൊടുത്തു. പണ്ടകശാലയ്ക്കാണ് അനുമതി ലഭിച്ചതെങ്കിലും രണ്ട് വര്‍ഷം കൊണ്ട് പോര്‍ച്ചുഗീസുകാര്‍ പടുത്തുയര്‍ത്തിയത് ഒരു കോട്ടയ്ക്ക് സമാനമായ കെട്ടിടമായിരുന്നു. പിന്നീട് കൊല്ലം റാണി വ്യാപാര കരാര്‍ പാലിച്ചില്ലെന്ന് ആരോപിച്ച് പണ്ടകശാലയെ പോര്‍ച്ചുഗീസുകാര്‍ ഒത്ത ഒരു കോട്ടയായി രൂപാന്തരപ്പെടുത്തി.
തങ്കമ്മശ്ശേരിയെന്ന പേര് ലോപിച്ചാണ് ഇന്നത്തെ തങ്കശ്ശേരിയായതെന്നാണ് വാമൊഴി ചരിത്രം. 505 വര്‍ഷത്തെ ചരിത്രം പേറിയാണ് തങ്കശ്ശേരി കോട്ട നില്‍ക്കുന്നത്. അതിനിടെ കടല്‍ കടന്നും കരകടന്നും എത്തിയ നിരവധി യുദ്ധങ്ങള്‍ക്ക് തങ്കശ്ശേരി കോട്ട സാക്ഷിയായി. മറ്റ് കോട്ടകളില്‍ നിന്ന് വ്യത്യസ്തമായി തറ മുതല്‍ മുകളിലേക്ക് വെട്ടുകല്ലും സുര്‍ക്കിയും മാത്രമുപയോഗിച്ചാണ് കോട്ടയുടെ നിര്‍മാണം. കോട്ടയുടെ അവശേഷിക്കുന്ന ചുമരിന്റെ ഉയരം 20 അടിയാണ്. എട്ട് കൊത്തളങ്ങള്‍, വിശാലമായ ഇടനാഴിയും ഈ കോട്ടയ്ക്ക് ഉണ്ടായിരുന്നു.
ജടായു എര്‍ത്ത്സ് സെന്റര്‍
ജില്ലയിലെ ചടയമംഗലം ജടായുപ്പാറയില്‍ 64 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഒരു പരിസ്ഥിതി ഉദ്യാനമാണ് ജടായു എര്‍ത്ത്സ് സെന്റര്‍ അഥവാ ജടായു നേച്ചര്‍ പാര്‍ക്ക്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മ്മിച്ച കേരളത്തിലെ ആദ്യവിനോദസഞ്ചാര പദ്ധതിയാണിത്.
രാമായണത്തിലെ ജടായുവിന്റേതായി നിര്‍മിച്ചിരിക്കുന്ന പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിപ്രതിമയാണ്. ജടായു-രാവണയുദ്ധം ജടായുപ്പാറയില്‍ വെച്ചാണ് നടന്നതെന്നാണ് വിശ്വാസം. വെട്ടേറ്റു വീണ ജടായുവിനെ ഓര്‍മപ്പെടുത്തും വിധമാണ് ശില്പം. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട് പക്ഷിശില്‍പത്തിന്. പാറയുടെ മുകളില്‍ ഇരുനൂറ്റന്പത് അടി ഉയരത്തില്‍ ജഡായു ശില്‍പ്പവും ഒരുക്കിയിട്ടുണ്ട്.
പ്രതിമയുടെ ഉള്‍ഭാഗം ബഹുനിലകളുള്ള കെട്ടിടത്തിന്റെ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. ചുമരുകള്‍ വലിയ സ്ക്രീനുകളാണ്. മൂന്നാം നിലയില്‍ ജഡായുവിന്റെ കണ്ണിന്റെ ദ്വാരത്തിലെത്തുമ്പോള്‍ 360 ഡിഗ്രി ആംഗിളില്‍ മലനാടിന്റെ ഭംഗി കാണാം എന്നതും ഏറ്റവും വലിയ സവിശേഷതയാണ്.
ജഡായു ശില്‍പ്പത്തിന്റെ ഉള്ളില്‍ മ്യൂസിയവും 6 ഡി തിയേറ്ററും സജ്ജമാക്കിയിട്ടുണ്ട്. ഇടതു ചിറകറ്റ് വലതു ചിറകു വിടര്‍ത്തി കൊക്കും കാല് നഖങ്ങളുമുയര്‍ത്തി കിടക്കുന്ന രൂപത്തിലാണ് ജഡായു ശില്‍പ്പം. പുറത്തു നിന്നു നോക്കിയാല്‍ ശില്‍പ്പമെന്നും അകത്തു കയറിയാല്‍ വലിയൊരു സിനിമാ തിയേറ്ററെന്നും തോന്നുംവിധമാണ് ഇതിന്റെ സൃഷ്ടി.
കൊല്ലത്തെ അടയാളപ്പെടുത്തുന്നവയില്‍ ഇവയും…
കേരളത്തിലെ തന്നെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നായ പാലരുവി വെള്ളച്ചാട്ടവും ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക് മനോഹര കാഴ്ചകളാണ് സമ്മാനിക്കുന്നത്. ജില്ലയിലെ ഏക വന്യജീവി സംരക്ഷിത മേഖലയായ തെന്മലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ശെന്തുരുണി വന്യജീവി സങ്കേതം തെക്കന്‍ കേരളത്തിലെ പ്രകൃതി മനോഹരമായ വനമേഖലയാണ്. ഏഷ്യയിലെ ആദ്യത്തെ ചിത്രശലഭ പാര്‍ക്കും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
ചെങ്കോട്ട-അച്ചന്‍കോവില്‍ പാതയില്‍ വനത്തില്‍ സ്ഥിതി ചെയ്യുന്ന കുംഭാവുരുട്ടി വെള്ളച്ചാട്ടവും സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാണ്. കാഴ്ചകളുടെ വിസ്മയലോകമായ മരുതിമല ടൂറിസം ഭൂപടത്തില്‍ ഇടംനേടിയിട്ട് നാളുകളേറെയായി. പുനലൂര്‍ തൂക്കുപാലം, പതിമൂന്ന് കണ്ണറപാലം, അച്ചന്‍കോവില്‍, മീന്‍പിടിപ്പാറ, പിനാക്കിള്‍ വ്യൂ പോയിന്റ് തുടങ്ങിയവയെല്ലാം കൊല്ലത്തിന്റെ വിനോദ സഞ്ചാര മേഖലയെ ലോകത്തിന്റെ മുന്നില്‍ അടയാളപ്പെടുത്തുന്നു.
തയാറാക്കിയത്: രഞ്ജിത്ത് മുരളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: