നാലുമാസം കഴിയുമ്പോള്‍ ലോകസഭാ തെരഞ്ഞെടുപ്പായി. അതിനുമുന്നേ അഭിപ്രായ വോട്ടെടുപ്പുകള്‍ പലതും നടക്കുന്നു. അതിലൊന്നില്‍പോലും കോണ്‍ഗ്രസോ മുന്നണിയോ മുന്നിലെത്തുന്നില്ല. ആളും തരവും നിറവും ചായ്വുമുള്ള പല സര്‍വെകളും വന്നു. അതിലെല്ലാം നരേന്ദ്രമോദിക്കാണ് മേല്‍ക്കൈ കല്‍പ്പിക്കുന്നത്. അതിനുള്ള ആളും തരവും തഞ്ചവും മറ്റാര്‍ക്കുമില്ല. കഴിഞ്ഞ ഒന്പതേമുക്കാല് കൊല്ലത്തെ ഭരണം തന്നെ മതി മോദിക്ക് മതിപ്പു നല്കാന്. ഏറ്റവും ഒടുവില്‍ ഒരു സര്‍വ്വേ ഫലം വന്നു.
ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പു നടന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ 295-335 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നവര്‍ പറയുന്നു. എബിപി ന്യൂസ്-സീ വോട്ടര്‍ അഭിപ്രായ വോട്ടെടുപ്പു ഫലമാണിത്. രാജ്യത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നുമായി 13,115 പേരുടെ അഭിപ്രായം ശേഖരിച്ചു നടത്തിയ സര്‍വേയിലാണ് ഈ ഫലം.
‘ഇന്ത്യ’ മുന്നണിക്ക് 165-205 സീറ്റുകള്‍ ലഭിച്ചേക്കാമെന്നാണ് കണക്ക്. ദക്ഷിണേന്ത്യയില്‍ ‘ഇന്ത്യ’ ശക്തമാണെങ്കിലും മറ്റു മേഖലകളില്‍ ബിജെപിക്ക് ഒപ്പമെത്തില്ല. എന്നാല്‍ ബിഹാര്‍, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റു നേടിയേക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ബിജെപി 22-24 സീറ്റുകള്‍ നേടിയേക്കും. കോണ്‍ഗ്രസിന് 4-6 സീറ്റുകളേ ലഭിക്കൂ എന്നാണ് കണക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തില്‍ 47.2% ആളുകളും തൃപ്തരാണ്. 30.2% പേര് ഒരു പരിധിവരെ തൃപ്തരും 21.3% പേര് അതൃപ്തരുമാണ്. അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും 2024തെരഞ്ഞെടുപ്പു വരെ ‘ഇന്ത്യ’ മുന്നണി നിലനില്‍ക്കുമെന്നു കരുതുന്നില്ലെന്നതാണ് കൗതുകകരം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിഗത യുട്യൂബ് ചാനലിനു 2 കോടി വരിക്കാര്‍. ലോകനേതാക്കളില്‍ കൂടുതല്‍ വരിക്കാരുള്ള ചാനല്‍ മോദിയുടേതാണ്. ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ ആണു രണ്ടാം സ്ഥാനത്ത്. 64 ലക്ഷം. മോദിയുടെ ചാനലിനു 450 കോടി വിഡിയോ വ്യൂ ഉണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തില്‍ ബിജെപി. നിലവില്‍ രാജ്യസഭാംഗങ്ങളായ നിരവധി പേരെ ലോക്സഭയിലേക്ക് മത്സരിപ്പിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. സ്ഥാനാര്‍ഥി പട്ടിക നേരത്തെ പ്രഖ്യാപിക്കാനുള്ള പരീക്ഷണം, സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഇന്ത്യാ മുന്നണി സീറ്റു വിഭജന ചര്‍ച്ച ഉടന്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ട് ആഴ്ചകളായി. പക്ഷേ അതെളുപ്പം നടക്കാനിടയില്ല.
സ്ഥാനാര്‍ഥി പട്ടിക നേരത്തെ പ്രഖ്യാപിച്ചതിലൂടെ എതിരാളികളെക്കാള്‍ മെച്ചപ്പെട്ട തുടക്കമുണ്ടാക്കാനും സ്ഥാനാര്‍ഥിത്വം നല്കാത്തവരുടെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനും ബിജെപിക്ക് കഴിഞ്ഞതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കൂടി കണക്കിലെടുത്താണു തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് വളരെ മുന്‍പുതന്നെ ലോക്സഭാ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാന്‍ ബിജെപി ഒരുങ്ങുന്നത്. രണ്ടു ദിവസത്തെ ബിജെപി ദേശീയ ഭാരവാഹി യോഗത്തില്‍ മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാന അധ്യക്ഷര്‍ മുന്‍രീതിയില്‍ നിന്ന് മാറി സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചത് എങ്ങനെ വിജയമായെന്ന് വ്യക്തമാക്കിയിരുന്നു.
ആദ്യ രണ്ടു പട്ടികയിലും സ്ഥാനാര്‍ഥികളായ വലിയൊരു വിഭാഗം വിജയിച്ചു. ഫെബ്രുവരിയിലോ മാര്‍ച്ചിലോ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള തീയതികള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി അവസാനത്തോടെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തുടങ്ങിയേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. അതിനിടെ ആരെതിര്‍ത്താലും വിജയിക്കുമെന്ന വീമ്പടിച്ച് ചില എംപിമാര്‍ രംഗത്തുണ്ട്. തിരുവനന്തപുരത്തുനിന്നുള്ള ശശിതരൂരാണ് അതിന് മുന്നില്‍ നില്‍ക്കുന്നത്. നരേന്ദ്രമോദി തന്നെ എതിരായി വന്നാലും താന്‍ ജയിച്ചു കയറുമെന്ന് പറയുന്നുണ്ടെങ്കിലും രഹസ്യസംഭാഷണം വേറെയാണ്. മോദി നില്‍ക്കുന്നതാണ് എനിക്ക് ഭയമെന്ന് അദ്ദേഹം സുഹൃത്തുക്കളോടെല്ലാം പറഞ്ഞിട്ടുണ്ട്. കേരളത്തിലെ 19 യുഡിഎഫ് എംപിമാര്‍ക്കും സംശയമാണ്. ഒന്നിലും ഒരു നിശ്ചയവുമില്ലാത്ത അവസ്ഥ.
അതിനിടയില്‍ കോണ്‍ഗ്രസിന് ഒരു ഉപദേശവുമായി സമസ്ത രംഗത്തിറങ്ങി. സമസ്തയുടെ പത്രത്തിലാണ് ഉപദേശവും ഒപ്പം താക്കീതും. ഉപദേശിച്ചാല്‍ നന്നാകുന്ന പാര്‍ട്ടിയാണെന്ന് വിശ്വസിക്കുന്ന മൂഢന്മാര് ഇപ്പോഴും ജീവിച്ചിരിക്കുന്നല്ലോ എന്നതാണ് സങ്കടം. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് ‘പള്ളി പൊളിച്ചിടത്ത് കാലു വയ്ക്കുമോ കോണ്‍ഗ്രസ്’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം. ഇടതുപാര്‍ട്ടികളുടെ നിലപാടാണ് അവര്‍ക്ക് സന്തോഷമുളവാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍, ഉത്തരേന്ത്യയിലെ ഹിന്ദുവോട്ടുകള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ ക്ഷേത്രോദ്ഘാടനത്തില്‍ പങ്കെടുക്കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് പുനര്‍ചിന്തനം ഉണ്ടായില്ലെങ്കില്‍ 2024ലും ബിജെപി തന്നെ രാജ്യം ഭരിക്കുമെന്നും സമസ്തയുടെ മുഖപത്രം പറയുന്നു. പ്രതിഷ്ഠാചടങ്ങ് രാജ്യത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്നതാണെന്നാണ് പത്രം പറയുന്നത്.
പങ്കെടുക്കില്ലെന്ന് യെച്ചൂരിയും ഡി.രാജയും അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയ കാര്യമാണ്. ആ ആര്‍ജവവും സ്ഥൈര്യവുമാണ് സോണിയ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ പ്രതീക്ഷിക്കുന്നതത്രെ. മുഖപ്രസംഗം വ്യക്തമാക്കുന്നു. മൃദു ഹിന്ദുത്വ നിലപാടാണ് മൂന്നു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത്. മതേതര ജനാധിപത്യകക്ഷികളെ ഒരുമിപ്പിച്ചു നിര്‍ത്താനുള്ള നിലപാടിലേക്ക് ഇനിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം തിരിച്ചുപോകണമെന്നും ഉപദേശിക്കുന്നു. യച്ചൂരിക്കു പുറമെ മുലയംസിങ് യാദവും നിതീഷ്കുമാറും അയോധ്യക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കോണ്‍ഗ്രസില്‍ അമ്പരപ്പും ഉളവാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന മോഹം എന്നന്നേക്കുമായി കെട്ടടങ്ങുമോ എന്ന ഭീതി. നിതീഷ്കുമാറാണോ അതോ മമത ബാനര്‍ജിയാകുമോ അതുമല്ല ലാലുപ്രസാദ് യാദവിന്റെ പേരാകുമോ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുക എന്നുമാത്രം നോക്കിയാല്‍മതി. ഏതായാലും സംഗതി കുശാല്‍ തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: