ചാരപ്രവര്‍ത്തനം ചെയ്തുവെന്ന കുറ്റം ആരോപിച്ച് ഖത്തര്‍ വധശിക്ഷയ്‌ക്ക് വിധിച്ച ഭാരതീയരായ എട്ട് മുന്‍ നാവികോദ്യോഗസ്ഥരുടെ ശിക്ഷ റദ്ദാക്കിയ നടപടി ഇവരുടെ കുടുംബത്തിനും രാജ്യത്തിനും വലിയ ആശ്വാസമായിരിക്കുകയാണ്. കീഴ്‌ക്കോടതിവിധിച്ച ഇവരുടെ വധശിക്ഷ അപ്പീലില്‍ ജയില്‍ ശിക്ഷയായി കുറച്ചിരിക്കുകയാണ്. എന്നാല്‍ ഇത് എത്രകാലത്തേക്കാണെന്നും, ഇവര്‍ക്ക് എന്ന് ജയില്‍ മോചിതരാവാന്‍ കഴിയുമെന്നുമുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്. ഇപ്പോഴത്തെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നാണ് നാവികോദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. ഇതിന് കുറഞ്ഞത് മൂന്ന് മാസമെടുക്കും. ശിക്ഷാ ഇളവ് ലഭിക്കാത്ത പക്ഷം ഇവര്‍ക്ക് ഏറെക്കാലം ജയിലില്‍ കഴിയേണ്ടിവരും. ഭാരത സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇനിയും എന്തൊക്കെ നടപടികളാണ് ഉണ്ടാകാന്‍ പോകുന്നതെന്നും അറിയാനിരിക്കുന്നതേയുള്ളൂ. ഇസ്രായേലിനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കുറ്റമാരോപിച്ചാണ് മുന്‍ നാവികോദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്. ഖത്തര്‍ ഇറ്റലിയില്‍നിന്ന് ഒരു അന്തര്‍വാഹിനി വാങ്ങാന്‍ പോകുന്ന വിവരം ഇസ്രായേലിന് ചോര്‍ത്തി നല്‍കിയെന്നാണ് കേസ്. ഈ ആരോപണം ഇവരുടെ കുടുംബക്കാര്‍ നിഷേധിക്കുകയാണ്. ദോഹ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍-ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് എന്ന കമ്പനിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന വിരമിച്ച നാവികോദ്യോഗസ്ഥരെ കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് അറസ്റ്റു ചെയ്തത്. എന്നാല്‍ ഇവര്‍ക്കെതിരായ ആരോപണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഖത്തര്‍ അധികൃതര്‍ തയ്യാറായില്ല. വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിധി കേള്‍ക്കാന്‍ ഭാരത സ്ഥാനപതി കോടതിയില്‍ ഹാജരായിരുന്നു. കുറച്ചുകാലമായി ഭാരതത്തിന്റെ നയതന്ത്ര പ്രതിനിധികള്‍ ഈ കേസിനു പിന്നാലെയാണ്. കേസിന്റെ നടപടിക്രമങ്ങള്‍ വളരെ സങ്കീര്‍ണമായതിനാല്‍ ഈ ഘട്ടത്തില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് വിദേശമന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നത്. അടുത്തനടപടി എന്തായിരിക്കണമെന്നതിനെക്കുറിച്ച് നിയമവിദഗ്‌ദ്ധരുമായും വീട്ടുകാരുമായും സംസാരിച്ചുവരികയാണ്.
ഭാരത നാവികസേനയില്‍ ക്യാപ്റ്റന്മാരായും മറ്റും സേവനമനുഷ്ഠിച്ചവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഖത്തറിന്റെ സായുധ സേനയ്‌ക്ക് പരിശീലനം നല്‍കിവരികയായിരുന്നു ഇവര്‍. ഖത്തറിന്റെ നാവികസേനയെ കെട്ടിപ്പടുത്ത് ആ രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ക്കൊരിക്കലും ചാരപ്രവര്‍ത്തനം നടത്താനാവില്ലെന്ന് കുടുംബങ്ങള്‍ ഉറപ്പിച്ചു പറയുന്നു. ചാരപ്രവര്‍ത്തനം ചെയ്തു എന്നതിന് യാതൊരു തെളിവുമില്ല. പാക് ചാരസംഘടനയായ എഎസ്‌ഐ ഇക്കാര്യത്തില്‍ ചില കള്ളക്കളികള്‍ നടത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇവരുടെ തെറ്റായ ഉപദേശമനുസരിച്ചാണത്രേ ഭാരത പൗരന്മാര്‍ക്കെതിരെ ഖത്തര്‍ കേസെടുത്തത്. വളരെ തിടുക്കത്തിലാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്. ജയിലിലായിരുന്നപ്പോഴും വിചാരണക്കാലത്തും ജാമ്യാപേക്ഷകള്‍ തുടര്‍ച്ചയായി നിരസിക്കപ്പെട്ടു. കഴിഞ്ഞമാസമാണ് ഖത്തര്‍ കോടതി കേസിന്റെ അപ്പീല്‍ സ്വീകരിച്ചത്. ഖത്തറില്‍ മുന്‍ നാവികോദ്യോഗസ്ഥര്‍ അറസ്റ്റിലായെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഇവരെ മോചിപ്പിക്കാന്‍ സാധ്യമായതെന്തും ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം കുടുംബങ്ങളുമായി നിരന്തരം ബന്ധം സ്ഥാപിക്കുകയും, നിയമപരമായും നയതന്ത്രപരമായുമുള്ള സഹായം നല്‍കുകയും ചെയ്തിരുന്നു. ഖത്തര്‍ അധികൃതരുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. കേസുകളില്‍ ശിക്ഷയനുഭവിക്കുന്നവരെ പരസ്പരം കൈമാറണമെന്ന് ഭാരതവും ഖത്തറും തമ്മില്‍ കരാറുണ്ട്. ഖത്തറില്‍ ശിക്ഷിക്കപ്പെടുന്നവരെ ഭാരതത്തിലെത്തിച്ച് അവശേഷിക്കുന്ന ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. ഭാരതത്തില്‍ ശിക്ഷിക്കപ്പെടുന്ന ഖത്തര്‍ പൗരന്മാര്‍ക്കും ഇത് ബാധകമാണ്.
നയതന്ത്ര ബന്ധമുണ്ടെങ്കിലും ഭാരതവുമായി നല്ല സൗഹൃദം സൂക്ഷിക്കുന്ന രാജ്യമല്ല ഖത്തര്‍. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയില്‍ ഭാരതത്തിനെതിരെ നിലപാടെടുക്കുന്ന രാജ്യമാണിത്. മാനനഷ്ടക്കേസുകളിലും മതസ്പര്‍ധ സൃഷ്ടിച്ചുവെന്ന കേസുകളിലും പ്രതിയായി രാജ്യംവിട്ട ചിത്രകാരന്‍ എം.എഫ്.ഹുസൈന് രാഷ്‌ട്രീയ അഭയം നല്‍കിയത് ഖത്തറാണ്. കാശിവിശ്വനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ചാനല്‍ ചര്‍ച്ചയില്‍ മുഹമ്മദ് നബിക്കെതിരെ ഉണ്ടായ പരാമര്‍ശത്തിന്റെ പേരില്‍ ഭാരതത്തിനെതിരെ വലിയ കോലാഹലമുണ്ടാക്കിയ നാടുമാണ് ഖത്തര്‍. ഇങ്ങനെയൊരു രാജ്യം ഭാരത പൗരന്മാര്‍ക്ക് വധശിക്ഷ വിധിച്ചപ്പോള്‍ അത് വലിയ തിരിച്ചടിയായി ചിത്രീകരിക്കപ്പെട്ടു. പ്രതിപക്ഷം പ്രശ്‌നം നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഉപയോഗിച്ചു. സര്‍ക്കാരിന്റെ വീഴ്ചയാണ് വധശിക്ഷയ്‌ക്കിടയാക്കിയതെന്ന് പ്രചരിപ്പിച്ചു. മുന്‍ നാവികോദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കിയതോടെ ഇക്കൂട്ടര്‍ക്ക് കനത്ത തിരിച്ചടി ലഭിച്ചിരിക്കുകയാണ്. മോദി പ്രധാനമന്ത്രിയായതിനുശേഷം സൗദി അറേബ്യപോലുള്ള മുസ്ലിം രാജ്യങ്ങളുമായി വളരെയടുത്ത സൗഹൃദമാണ് സൃഷ്ടിച്ചത്. ചില ഇസ്ലാമിക രാജ്യങ്ങള്‍ പ്രധാനമന്ത്രി മോദിയെ പരമോന്നത ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി. നാവികോദ്യോഗസ്ഥരായിരുന്നവര്‍ക്ക് വധശിക്ഷ വിധിച്ച സംഭവം ഉയര്‍ത്തിക്കാട്ടി കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമം നടന്നു. വധശിക്ഷ റദ്ദാക്കിയ നടപടിയിലൂടെ ഇതൊക്കെ അല്‍പ്പായുസ്സായിരിക്കുകയാണ്. പ്രധാനമന്ത്രി മോദി ഖത്തര്‍ ഭരണാധികാരിയായ തമീം ബിന്‍ ഹമദുമായി കൂടിക്കാഴ്ച നടത്തി ആഴ്ചകള്‍ കഴിഞ്ഞപ്പോഴാണ് ഇപ്പോഴത്തെ വിധി വന്നിരിക്കുന്നത്. സമീപകാലത്ത് ഭാരതം രാജ്യാന്തര രംഗത്ത് നേടിയ കരുത്തിന്റെയും നയതന്ത്ര സ്വാധീനത്തിന്റെയും വിജയം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: