കല്‍പ്പറ്റ: പ്രസീത അഴീക്കോടിനെതിരെ ആഞ്ഞടിച്ച് ഗീതാനന്ദനും സി.കെ. ജാനുവും. ജോഗി സ്മൃതി മണ്ഡപത്തിന്റെ പേരില്‍ സംസ്ഥാനവ്യാപകമായി പണപ്പിരിവ് നടത്തുന്ന സ്‌നേഹക്കൂട് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ഗോത്ര സമൂഹ സമിതിയുടെയും പേരില്‍ പോലീസ് കേസെടുക്കണമെന്നും ആദിവാസി ഗോത്രസഭാ നേതാക്കളായ സി.കെ. ജാനു, എം. ഗീതാനന്ദന്‍, ജോഗിയുടെ മകന്‍ ശിവന്‍ എന്നിവര്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജോഗിയുടെ കുടുംബത്തിന്റെയോ, ചാലിഗദ്ദ നിവാസികളുടെയോ, ആദിവാസി ഗോത്രമഹാസഭയുടെയോ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രസീത അഴീക്കോടിന്റെ നേതൃത്വത്തിലാണ് ജോഗി സ്മൃതിമണ്ഡപം സ്ഥാപിക്കുമെന്ന് പരസ്യപ്പെടുത്തി പണപ്പിരിവ് നടത്തുന്നത്. പണപ്പിരിവ് നടത്തുന്നവര്‍ ചാലിഗദ്ദ ഊരില്‍ മണ്ഡപം സ്ഥാപിക്കുമെന്നാണ് പ്രഖ്യാപിച്ചത്. ഊര് നിവാസികളോ ജോഗിയുടെ കുടുംബമോ ഇതറിഞ്ഞിട്ടില്ല. പണപ്പിരിവ് നടത്തുന്നവര്‍ക്ക് മുത്തങ്ങ ഭൂ സമരവുമായി യാതൊരു ബന്ധവുമില്ല.
മുത്തങ്ങയിലാണെങ്കില്‍ നിലവില്‍ ഒരു സ്മൃതി മണ്ഡപം ഉണ്ട്. വ്യാജമായ രീതിയില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗമായാണ് ഇതിനെ ആദിവാസികളും ബഹുജനങ്ങളും കാണുന്നത്. ധനസമാഹരണവുമായി ജനങ്ങള്‍ സഹകരിക്കരുതെന്നും ജോഗിയുടെ കുടുംബത്തെയും ആദിവാസികളെയും അപമാനിക്കുന്ന സ്‌നേഹക്കൂട് ചാരിറ്റബിള്‍ സൊസൈറ്റിക്കാര്‍ക്കെതിരെ കേസെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നിരവധി സാമ്പത്തിക തട്ടിപ്പുകളുടെയും പോക്‌സോ ഉള്‍പ്പെടെയുള്ള കേസുകളുടെയും പശ്ചാത്തലമുള്ള ആളാണ് പ്രസീത അഴീക്കോട്.
സി.കെ. ജാനുവിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണമുണ്ടാക്കാന്‍ കുറേക്കാലമായി ഇവരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ശ്രമിച്ചുവരുന്നുണ്ട്. പോക്‌സോ കേസില്‍ പിടികിട്ടാപ്പുള്ളിയായിട്ടും പ്രസീതക്ക് വയനാട്ടിലുള്ള റിസോര്‍ട്ടുകളില്‍ താമസിച്ച് പണപ്പിരിവ് നടത്താന്‍ എങ്ങിനെ കഴിയുന്നു എന്നതില്‍ ദുരൂഹതയുണ്ട്. ഈ സാമൂഹിക വിരുദ്ധ സംഘത്തെ നിലക്ക് നിര്‍ത്താന്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇവര്‍ പറഞ്ഞു.












