അയോധ്യ: ബാലക രാമനും സഹോദരന്മാര്‍ക്കും വസ്ത്രം തുന്നുകയാണ് ശങ്കര്‍ലാലും സഹോദരന്‍ ഭഗവത് പ്രസാദ് പഹാരിയും. 1985ല്‍ അയോധ്യയിലെ തര്‍ക്കമന്ദിരത്തില്‍ രാംലല്ലയുടെ ആരാധന നടക്കവേ ആരംഭിച്ചതാണ് ശങ്കര്‍ലാലിന്റെ കുടുംബം ഇത്.
അന്ന് തര്‍ക്കമന്ദിരത്തിന്റെ താഴികക്കുടത്തിന് കീഴെയിരുന്ന് അച്ഛന്‍ രാംലല്ലയ്ക്ക് വസ്ത്രമൊരുക്കുന്നത് ശങ്കര്‍ലാലിന്റെ ഓര്‍മ്മയിലുണ്ട്. ബാലകരാമന്റെ അന്നത്തെ പൂജാരി ലാല്‍ദാസ്ജി അച്ഛന് ഒരു തുന്നല്‍ മെഷീന്‍ വാങ്ങി നല്കിയിരുന്നു. ഞങ്ങള്‍ തുണി വെട്ടിക്കൊടുക്കാനും മറ്റുമായി അച്ഛനോടൊപ്പം അവിടെ പോകുമായിരുന്നു, ശങ്കര്‍ ലാല്‍ പറയുന്നു.
ബാലക രാമന്‍ സ്വന്തം കൊട്ടാരത്തിലേക്ക് വരുന്നതിന്റെ ആഘോഷമാണ് മനസ് നിറയെ. തര്‍ക്കമന്ദിരത്തിന്റെ താഴികക്കുടത്തിന് കീഴില്‍ ഞങ്ങള്‍ പ്രഭുവിനെ കണ്ടിട്ടുണ്ട്. തുണി കെട്ടി മറച്ച സാധാരണ കൂരയ്‌ക്ക് കീഴിലും കണ്ടിട്ടുണ്ട്. പിന്നീട് യോഗിജി മുഖ്യമന്ത്രിയായപ്പോള്‍ അതൊരു താത്കാലിക ക്ഷേത്രമായി. ഇപ്പോഴിതാ രാമന് രാജധാനിതന്നെ ഒരുങ്ങുന്നു… വല്ലാത്ത ആവേശമാണ് മനസ്സില്‍… ശങ്കര്‍ലാല്‍ പറയുന്നു.
1994ലാണ് അച്ഛന്‍ മരിച്ചത്. അതിനുശേഷം ഞങ്ങള്‍ രണ്ടുപേരും ഇതേ ജോലിയില്‍ തുടര്‍ന്നു. ഭഗവാന്‍ രാമന്‍ മഞ്ഞവസ്ത്രമാണ് ധരിക്കുക. 51 ഇഞ്ചാണ് ബാലക രാമവിഗ്രഹത്തിന്റെ ഉയരം. പ്രാണപ്രതിഷ്ഠാ വേളയില്‍ മഞ്ഞവസ്ത്രത്തിന് മുകളില്‍ അദ്ദേഹം വെള്ളപ്പട്ട് ധരിക്കും. പിന്നെ ഓരോദിവസം വസ്ത്രത്തിന്റെ നിറം മാറും.
ഞായറാഴ്ച പിങ്ക്, തിങ്കളാഴ്ച വെള്ള, ചൊവ്വാഴ്ച ചുവപ്പ്, ബുധനാഴ്ച പച്ച, വ്യാഴാഴ്ച മഞ്ഞ, വെള്ളിയാഴ്ച ക്രീം നിറമുള്ള വസ്ത്രങ്ങള്‍, ശനിയാഴ്ച നീല എന്നിങ്ങനെയാണ് രാമന് തുന്നുന്ന വസ്ത്രങ്ങളുടെ നിറം, ശങ്കര്‍ലാല്‍ പറഞ്ഞു. ചടങ്ങിനുള്ള പ്രത്യേക വസ്ത്രത്തില്‍ സ്വര്‍ണ്ണ നൂലില്‍ നവരത്‌നങ്ങള്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്. രാമന്റെ വസ്ത്രങ്ങള്‍ക്കും മഹത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച തയ്യല്‍ക്കാര്‍ വസ്ത്രങ്ങള്‍ കൈമാറിയെന്ന് രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക