ഗുവാഹത്തി: നീതിന്യായരംഗത്തെ സ്ഥാപനവല്‍ക്കരണവും വ്യവസായവല്‍ക്കരണവും സാധാരണക്കാരന് നീതി നിഷേധിക്കുന്നുവെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്വല്‍ ഫുയാന്‍ പറഞ്ഞു. സാധാരണക്കാരന്‍ നീതിനിര്‍വ്വഹണ സംവിധാനത്തില്‍ നിന്നും അകറ്റപ്പെട്ടാല്‍ നിയമവാഴ്ച തന്നെ തകരുന്ന അവസ്ഥയുണ്ടാവും.
എല്ലാവര്‍ക്കും നീതി എന്നത് തുല്യതയുടെ ഭാഗമാണ്, നീതിക്കായി കോടതികളെ സമീപിക്കുന്നവര്‍ക്ക് കൃത്യമായും സമയബന്ധിതമായും അത് ലഭ്യമാക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. അഖിലഭാരതീയ അധിവക്താ പരിഷത്ത് ദേശീയ കൗണ്‍സില്‍ യോഗം ഗുവാഹത്തി ഐഐടി കാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീതി നിര്‍വ്വഹണ സംവിധാനം സുതാര്യവും സമയബന്ധിതവുമാകണമെങ്കില്‍ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തണം. നീതിനിര്‍വ്വഹണ സംവിധാനത്തില്‍ അഭിഭാഷകര്‍ക്ക് വലിയ പങ്കാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അഭിഭാഷകര്‍ക്കെതിരെ അടുത്തിടെ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അഭിഭാഷക സംരക്ഷണ നിയമം നിര്‍മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ അധിവക്താ പരിഷത്ത് ദേശീയ പ്രസിഡന്റ് അഡ്വ. കെ. ശ്രീനിവാസ മൂര്‍ത്തി അധ്യക്ഷത വഹിച്ചു. ഗുവാഹത്തി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുസ്മിത ഫുക്കാന്‍ ഖാന്‍ഡ് മുഖ്യാതിഥി ആയിരുന്നു. ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഡി. ഭരത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പരമ്പരാഗത തര്‍ക്ക പരിഹാര വ്യവസ്ഥ എന്ന വിഷയത്തില്‍ ഗുവാഹത്തി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കല്യാണ്‍ ആര്‍. സുരാന മുഖ്യപ്രഭാഷണം നടത്തി.
നാഗാലാന്‍ഡ് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. സമുദ്രഗുപ്ത കാശ്യപ്, മേഘാലയ നാഷണല്‍ ലോ യുണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ. ഉമേശ്വരി ധകര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. അടിസ്ഥാന സൗകരങ്ങള്‍ വികസിപ്പിക്കുക, കോടതി നടപടിക്രമങ്ങള്‍ ജനകീയമാക്കുക, മോട്ടോര്‍ വാഹന നിയമത്തില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനുള്ള കാലപരിധിയില്‍ കാലഹരണ ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് അനുവദിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഡിസം. 29 വരെ നടക്കുന്ന നാഷണല്‍ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി. ആര്‍. മുകുന്ദ പ്രഭാഷണം നടത്തുമെന്നും അഭിഭാഷക പരിഷത്ത് സംസ്ഥാന പ്രസിഡന്‍് ഡോ. രാജേന്ദ്രകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: