ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയയുടെ മരുമകനും പ്രിയങ്കയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര ലണ്ടനിലെ ബംഗ്ലാവ് മോടി പിടിപ്പിച്ചത് കള്ളപ്പണം കൊണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രത്യേക കോടതിയില്‍ വെളിപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇ ഡിയുടെ വെളിപ്പെടുത്തല്‍.
ആയുധ വ്യാപാര ദല്ലാളും ലണ്ടനിലേക്ക് മുങ്ങിയ പിടികിട്ടാപ്പുള്ളിയുമായ സഞ്ജയ് ഭണ്ഡാരിയുമായി ചേര്‍ന്ന് സമ്പാദിച്ച പണം കൊണ്ടാണ് വാദ്ര ബംഗ്ലാവ് വാങ്ങിയത്. പിന്നീട് അത് മോടി പിടിപ്പിച്ച് വാസയോഗ്യവുമാക്കി. യുപിഎ കാലത്ത് ആയുധ ഇടപാടുകളുടെ മറവില്‍ കോടികള്‍ കോഴ വാങ്ങിയ സഞ്ജയ് ഭണ്ഡാരി വാദ്രയുടെ അടുത്ത കൂട്ടാളിയാണ്. ഈ ബന്ധത്തെക്കുറിച്ച് 2018 മുതല്‍ ഇ ഡി സജീവമായി അന്വേഷിക്കുന്നുണ്ട്. ഭണ്ഡാരിക്ക് വേണ്ടി പ്രവര്‍ത്തിച്ച എറണാകുളം സ്വദേശി സി.സി. തമ്പിയും വാദ്രയുടെ അടുത്തയാളാണെന്ന് ഇ ഡി കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കൂട്ടുപ്രതികളായ സി.സി. തമ്പി, സുമിത് ഛദ്ദ എന്നിവര്‍ക്കെതിരെ ഏജന്‍സി ഇന്നലെയാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. വാദ്രയും സി.സി. തമ്പിയും ഫരീദാബാദില്‍ വലിയതോതില്‍ ഭൂമി വാങ്ങിയതയായും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും കുറ്റപത്രത്തിലുണ്ട്.
സി.സി. തമ്പിയെ 2020 ജനുവരിയില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു. യുപിഎ ഭരണകാലത്ത് പ്രതിരോധ കരാറുകളില്‍ നിന്ന് ലഭിച്ച കമ്മിഷന് കൊണ്ട് ലണ്ടനിലും യുഎഇയിലും സംഘം സ്വത്തുക്കള്‍ വാങ്ങി കൂട്ടിയതായി ഇ ഡി കണ്ടെത്തിയിട്ടുണ്ട്. സഞ്ജയ് ഭണ്ഡാരിയെ ഭാരതത്തിന് കൈമാറാന്‍ യുകെ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അപ്പീലില്‍ വാദം നടക്കുകയാണ്. കേസില്‍ ഇതുവരെ 27 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: