അയോധ്യ: കാശി വിശ്വനാഥക്ഷേത്രത്തെയും ഗംഗാനദിയെയും ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ മാതൃകയില്‍ അയോധ്യയിലും പദ്ധതി. രാമക്ഷേത്രനിര്‍മാണം പൂര്‍ത്തിയാകുന്നതിന് പിന്നാലെ ഇതും യാഥാര്‍ത്ഥ്യമാകും. 2021ല്‍ത്തന്നെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മുന്നോട്ടുവച്ച പദ്ധതിയാണിത്. എണ്ണൂറ് കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
സരയൂ നദിയെ രാമക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന തരത്തിലാവും അയോധ്യയിലെ ഭ്രമണപഥം രൂപപ്പെടുത്തുന്നത്. തീര്‍ത്ഥാടകര്‍ക്ക് സരയുവില്‍ മുങ്ങിനിവര്‍ന്ന് രാം കി പൈദി, രാജഗത് വഴി രാമക്ഷേത്രദര്ശനത്തിന് എത്താന്‍ പാകത്തിനാകും ഭ്രമണപഥം വിഭാവനം ചെയ്യുന്നത്. രാമക്ഷേത്രത്തിന് പുറത്തുള്ള പ്രദക്ഷിണവഴിയായി ഇത് മാറും. 2024ല്‍ ഇതും പൂര്‍ത്തിയാകും.
അയോധ്യ, കാശി, മഥുര തീര്ത്ഥകേന്ദ്രങ്ങളെ മുന്‍നിര്‍ത്തി തീര്‍ത്ഥാടന സംവിധാനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതികള്‍. നേരത്തെ വാരാണസിയില്‍ ഗംഗാ-കാശി കോറിഡോര്‍ പൂര്‍ത്തിയായിരുന്നു. അയോധ്യ, മിര്‍സാപൂര്‍, മഥുര, ബറേലി എന്നിവിടങ്ങളിലെ ക്ഷേത്ര ഇടനാഴികളും തീര്ത്ഥാടനപദ്ധതിയുടെ ഭാഗമായി നേരത്തെതന്നെ യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതാണ്.
തൊള്ളായിരം കോടി രൂപ ചെലവിലാണ് വാരാണസി കോറിഡോര്‍ പൂര്‍ത്തിയാക്കിയത്. 2019ല്‍ കല്ലിട്ട പദ്ധതി 2021 ഡിസംബര്‍ 13ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മഥുരയില്‍ ശ്രീകൃഷ്ണജന്മഭൂമി ക്ഷേത്രത്തെയും വൃന്ദാവനത്തെയും ബന്ധിപ്പിച്ച് ബങ്കേബിഹാരി ഇടനാഴിയാണ് മറ്റൊരു പ്രധാനപദ്ധതി. പദ്ധതിക്ക് നവംബര്‍ 20ന് അലഹബാദ് ഹൈക്കോടതി അനുമതിയും നല്കി. ഇടനാഴി നിര്‍മ്മാണത്തിന്റെ ഭാഗമായി, നഗരത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: