അയോധ്യ: ഒന്‍പതില്‍ ആറു ഗ്രഹങ്ങളും അനുകൂല രാശിയില്‍ വരുന്ന, പഞ്ചബാണങ്ങളുടെ ദോഷം തീണ്ടാത്ത പവിത്രമായ സഞ്ജീവനി മുഹൂര്‍ത്തത്തിലാണ് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ. ഉച്ചയ്ക്ക് 12 മണി 29 മിനിറ്റ് എട്ടു സെക്കന്‍ഡ് മുതല്‍ 12 മണി 30 മിനിറ്റ് 32 സെക്കന്‍ഡ് വരെ 84 സെക്കന്‍ഡ് വരുന്ന ഈ മുഹൂര്‍ത്തത്തെ മഹാകവി കാളിദാസനാണ് സഞ്ജീവനി എന്ന് അദ്ദേഹത്തിന്റെ പൂര്വകാലാമൃതം എന്ന ഗ്രന്ഥത്തില്‍ വിശേഷിപ്പിച്ചത്.
കാശിയിലെ വേദപണ്ഡിതനായ പണ്ഡിറ്റ് ഗണേശ്വര്‍ ശാസ്ത്രിയാണ് ബാലകരാമ പ്രാണപ്രതിഷ്ഠയുടെ മുഹൂര്‍ത്തം കുറിച്ചത്. ഇദ്ദേഹം തന്നെയാണ് രാമക്ഷേത്ര ശിലാന്യാസത്തിനും സമയം കുറിച്ചത്. ക്ഷേത്രപ്രതിഷ്ഠയ്ക്കു മാത്രമല്ല രാഷ്ട്ര പുരോഗതിയുടെ അടിക്കല്ലു പാകുന്നതിനും ഈ മുഹൂര്‍ത്തം ശുഭകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തെ വിശ്വഗുരു സ്ഥാനത്തേക്കു നയിക്കുന്ന ഏറ്റവും ശുഭകരമായ സംഭവമായി അയോധ്യയിലെ പ്രാണപ്രതിഷ്ഠ മാറും, അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗ ബാണം, മൃത്യു ബാണം, ചോര ബാണം, രാജ ബാണം, അഗ്നി ബാണം എന്നിവയുടെ ആഘാതം സഞ്ജീവനി മുഹൂര്‍ത്തം അതിജീവിക്കും. ഭഗവാന് ശ്രീരാമന്റെ ജന്മനക്ഷത്ര സമൂഹമായ പുനര്വസുവിനെ ആധാരമാക്കിയാണ് ശുഭമുഹൂര്‍ത്തം നിശ്ചയിച്ചത്.
പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി ചതുരം, വൃത്തം, പദ്മം, ത്രികോണം, ഷഡ്ഭുജം, ചന്ദ്രക്കല തുടങ്ങി ഒന്‍പത് ആകൃതിയിലുള്ള ഹോമകുണ്ഡങ്ങള്‍ തയാറാക്കും. ഒന്‍പതിടത്തും ഒരേ സമയം ചടങ്ങുകള്‍ നടക്കും. രാജ്യത്തെ എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്നും പുണ്യനദികള്, സമുദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിക്കുന്ന ജലം കൊണ്ട് ഭഗവാന് രാമന് അഭിഷേകം നടത്തും. ജലാധിവാസത്തിനായി ആയിരം സുഷിരങ്ങളുള്ള കലശമാണ് ഉപയോഗിക്കുക. ഇതിന്റെ നിര്‍മാണം കാശിയില്‍ പൂര്‍ത്തിയാകുന്നു.
ബാലകരാമനെ പ്രതിഷ്ഠിക്കുന്നത് നവരത്നങ്ങളും സപ്തധാന്യങ്ങളും പാകിയ പീഠത്തിലാകും. ഇവയും കാശി വിശ്വനാഥന്റെ മണ്ണില്‍ നിന്നാണ് എത്തിക്കുക. 108 കലശത്തില്‍ പഞ്ചഗവ്യവും കാശിയില്‍ നിന്നെത്തും.
വൈദിക സംഘം 26ന് അയോധ്യയിലേക്കു യാത്രയാകും. പ്രാണപ്രതിഷ്ഠയുടെ ആചാരപരമായ എല്ലാ ചടങ്ങുകളും പണ്ഡിറ്റ് ലക്ഷ്മികാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള അമ്പത്തൊന്ന് വേദപണ്ഡിതന്മാരാകും നയിക്കുക. നാലു വേദങ്ങളിലും പ്രാവീണ്യമുള്ള ഇവര്‍ക്കു പുറമേ കാഞ്ചിയില്‍ നിന്ന് ശുക്ല യജുര്‍വേദ പണ്ഡിതന്മാരുമെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: