പത്തനാപുരം: പ്രൊഫഷണല്‍ നാടകരംഗത്ത് ഗായകന്, നടന്, സംഗീതസംവിധായകന് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്ന ആലപ്പി ബെന്നി (72-ബെന്നി ഫെര്‍ണാണ്ടസ്) അന്തരിച്ചു. പത്തനാപുരം ഗാന്ധിഭവനിലെ പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ അന്തേവാസിയായിരുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
റോബര്‍ട്ട് ഫെര്‍ണാണ്ടസ്-ജയിന് ദമ്പതികളുടെ മകനായി ആലപ്പുഴയിലെ പൂങ്കാവില്‍ ജനിച്ച ബെന്നി അച്ഛനില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങളും ഹാര്‍മോണിയം വായനയും പരിശീലിച്ചത്. തുടര്‍ന്ന് നിരവധി ഗുരുക്കന്മാരുടെ കീഴില്‍ സംഗീതമഭ്യസിച്ചു. കാഥികന് വി. സാംബശിവന്റെ സംഘത്തില്‍ ഹാര്‍മോണിസ്റ്റായി കഥാപ്രസംഗവേദികളിലെത്തിയ ബെന്നി എം.എസ്. ബാബുരാജിന്റെ സഹായിയായി ചലച്ചിത്രരംഗത്തും പ്രവര്‍ത്തിച്ചു.
എം.ജി. സോമന്, ബ്രഹ്മാനന്ദന് തുടങ്ങിയവര്‍ക്കൊപ്പം തോപ്പില്‍ രാമചന്ദ്രന്‍പിള്ളയുടെ കായംകുളം കേരള തീയറ്റേഴ്സിലൂടെയാണ് നാടകരംഗത്തെത്തിയത്. പിന്നീട് സെയ്ത്താന്‍ ജോസഫിന്റെ ആലപ്പി തീയറ്റേഴ്സ്, കായംകുളം പീപ്പിള്‍ തീയറ്റേഴ്സ്, കൊല്ലം യൂണിവേഴ്സല്‍ തുടങ്ങിയ സമിതികളിലൂടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളവതരിപ്പിച്ചു. സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞ് ഭാഗവതരാണ് നാടകഗാന രംഗത്തേക്ക് ബെന്നിയെ കൈപിടിച്ചു കയറ്റിയത്. 1996 മാര്‍ച്ച് 10നുണ്ടായ അപകടത്തില്‍ ഇടതുകാല് മുറിച്ചുമാറ്റേണ്ടിവന്നതോടെ നാടകവേദിയോട് വിട പറഞ്ഞു. തുടര്‍ന്ന് അഞ്ഞൂറോളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നു.
15 കൊല്ലം മുമ്പ് രോഗബാധിതനായി ഗാന്ധിഭവനിലെത്തിയ ബെന്നി ഒന്നരവര്‍ഷത്തോളം അന്തേവാസിയായി കഴിഞ്ഞിരുന്നു. ഈ മാസം 14നാണ് അവശനിലയില്‍ ആലപ്പി ബെന്നിയെ ഗാന്ധിഭവനിലെത്തിക്കുന്നത്. മൃതദേഹം പുനലൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: