മങ്കൊമ്പ്: കാവാലം തട്ടാശേരി പാലം നിര്‍മാണം വൈകുന്നതിനെതിരെ നാട്ടുകാര്‍ വീണ്ടും പ്രക്ഷോഭത്തിന്. പാലത്തിനായി ബജറ്റില്‍ തുക അനുവദിച്ച് ഏഴര വര്‍ഷം പിന്നിട്ടിട്ടും പാലം നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. കാവാലം പഞ്ചായത്തിന്റെ ഇരുകരകളിലായി മണിമലയാറിനു കുറുകെയാണു പാലം നിര്‍മിക്കുന്നത്. കോട്ടയം ആലപ്പുഴ ജില്ലകളിലേക്കു വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന പാലത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പിനു വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്.
പ്രതിഷേധങ്ങള്‍ക്കും നിവേദനങ്ങള്‍ക്കുമൊടുവില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഒന്നാമത്തെ ബജറ്റില്‍ പണം അനുവദിച്ചു. പാലത്തിനായുള്ള സ്ഥലം കൈമാറി ഏഴു മാസം പിന്നിട്ടിട്ടും ടെന്‍ഡര്‍ നടപടി പോലും നടന്നിട്ടില്ല. പൂര്‍ണമായും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷമേ നിര്‍മാണം ആരംഭിക്കാനാകൂവെന്ന നിലപാടിലാണു പൊതുമരാമത്ത് വകുപ്പ് അധികൃതര്‍. പാലത്തിനായുള്ള മുഴുവന്‍ സ്ഥലവും ഏറ്റെടുത്ത് ഏഴു മാസം മുന്‍പു കൈമാറിയതായി റവന്യു വകുപ്പ് അധികൃതര്‍ പറയുന്നു.
പാലം നിര്‍മാണത്തിനുള്ള നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതിനെതിരെ കാവാലം പാലം സമ്പാദക സമിതിയുടെ നേതൃത്വത്തില്‍ പദ്ധതി പ്രദേശത്തു ജനുവരി 27നും 28നും 18 മണിക്കൂര്‍ രാപ്പകല്‍ സമരം നടത്താന്‍ തീരുമാനിച്ചു. 31നു വൈകിട്ട് സമരപ്രഖ്യാപനവും നടത്തും. നേരത്തെ പ്രതീകാത്മക പാലം തീര്‍ക്കല്‍ സമരവും കാല് ലക്ഷത്തിലധികം പേരുടെ ഒപ്പു ശേഖരിച്ചു നടത്തിയ ഭീമഹര്‍ജി സമര്‍പ്പണവുമടക്കം നടത്തിയിരുന്നു.
മെയ് മാസത്തില്‍ ടെന്‍ഡര്‍ ചെയ്യുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഏതാനും ഭൂവുടമകള്‍ക്കു നഷ്ടപരിഹാരത്തുക നല്‍കാനുമുണ്ട്. പാലം സമ്പാദക സമിതിയുടെ ആലോചനാ യോഗത്തില്‍ കണ്‍വീനര്‍ ഹരികൃഷ്ണന് കാവാലം, അഭിലാഷ് രാജ്, ജോസഫ് ജോസഫ് മൂലയില്‍, പി.ആര്.വിഷ്ണുകുമാര്‍, സെബാസ്റ്റ്യന്‍ കാവാലം, സിനുരാജ്, ആര്.രാജേഷ്കുമാര്‍, എ.അജേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: