കൊച്ചി : വൈഗ കൊലക്കേസിലെ പ്രതി കുട്ടിയുടെ പിതാവ് സനു മോഹന്‍ ജീവപര്യന്തം. എറണാകുളം പ്രത്യേക പോക്സോ കേസ് ജഡ്ജി കെ സോമനാണ് വിധി പറഞ്ഞത്.
പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. വിവിധ വകുപ്പുകളിലായി 28 വര്‍ഷം തടവും 1,70,000 രൂപ പിഴയും കോടതി വിധിച്ചു. 70 വയസുള്ള മാതാവിനെ നോക്കാന്‍ ആളില്ലെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും സനു മോഹന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
2021 മാര്‍ച്ച് 21 നാണ് കേസിനാധാരമായ സംഭവം. കളമശേരി മുട്ടാര്‍ പുഴയില്‍ 11കാരിയായ വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കടബാധ്യത മൂലം മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആദ്യ വിവരം. പിതാവിന്റെ മൃതദേഹത്തിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല.
തുടര്‍ന്ന് വൈഗയെ പുഴയിലെറിഞ്ഞശേഷം സനുമോഹന് കടന്നുകളഞ്ഞെന്ന് വ്യക്തമായി. ഒരു മാസത്തിന് ശേഷം കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് സനുമോഹന് പിടിയിലായതോടെയാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മകളെ മദ്യം നല്‍കിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പുഴയില്‍ എറിയുകയായിരുന്നു.
കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ക്ക് പുറമേ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവെയ്ക്കല്‍, ലഹരിക്കടിമയാക്കല്‍, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയും പ്രതിക്കെതിരെ ചുമത്തിയിരുന്നു. 240 പേജുള്ള കുറ്റപത്രമാണ് തൃക്കാക്കര പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: