സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി കേരളം ജോതക്കളായതിന്റെ സന്തോഷത്തിന് ഇന്ന് അന്‍പതു വയസ്സ്. 1973 ഡിസംബര്‍ 27 നാണ് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ കണ്ണൂര്‍ താളിക്കാവ് സുബ്രഹ്മണ്യം എന്ന നായകന് മണിയുടെ ഹാട്രിക്കില്‍ കരുത്തരായ റെയില്‍വേസിനെ 3-2ന് തോല്‍പ്പിച്ചാണ് കേരളം കന്നി സന്തോഷ് ട്രോഫി കിരീടം നേടിയത്. സ്വന്തം മണ്ണില്‍ കേരളം ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകുമ്പോള്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് ഇന്നു കാണുന്നത്രയും സജ്ജമായതായിരുന്നില്ല. ചൂളമരവും മുളയുംകൊണ്ട് പണിതീര്‍ത്ത താല്‍ക്കാലിക ഗാലറിയിലായി അന്ന് സാക്ഷ്യം വഹിക്കാനെത്തിയത് അരലക്ഷത്തിലേറെ കാണികളാണ്. അവര്‍ക്ക് മുന്നില്‍ കാലമെത്ര കടന്നുപോയാലും മായാത്ത കളിവിരുന്ന് സമ്മാനിച്ചാണ് ഇരുടീമുകളും മൈതാനത്ത് നിന്ന് പിരിഞ്ഞത്.
1957 ഹൈദരാബാദ് സന്തോഷ് ട്രോഫി മത്സരങ്ങളിലാണ് ആദ്യമായി കേരളമെന്ന നിലയില്‍ നമ്മുടെ സംസ്ഥാനം ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ തുടങ്ങിയത്. മികച്ച കളിക്കാര്‍ ടീമിലുണ്ടായിട്ടും സന്തോഷ് ട്രോഫി കേരളത്തിന് കിട്ടാക്കനിയായിരുന്നു. 1973ല്‍ എറണാകുളം സന്തോഷ് ട്രോഫിക്ക് ആതിഥേയമരുളുമ്പോള് കേരളത്തിന് കലാശപ്പോരിലേക്കുള്ള സാധ്യതകള്‍ പോലും നിരീക്ഷകര്‍ ആരുംതന്നെ നല്‍കിയിരുന്നില്ല. ഏലൂര്‍ ഫാക്ടിന്റെയും (എഫ്എസിടി) കളമശേരി പ്രീമിയര്‍ ടയേഴ്സിന്റെയും കളിക്കാര്‍ മുഖ്യമായും അണിനിരന്ന കേരള ടീമിനെ പരിശീലിപ്പിച്ചത് തഞ്ചാവൂരില്‍നിന്നും കൊച്ചിയിലെത്തിയ മുന്‍ ഒളിമ്പ്യന്‍ സൈമണ്‍ സുന്ദര്‍രാജായിരുന്നു. ഒരു ശരാശരി ടീമിനെ വിജയിക്കുന്ന യൂണിറ്റാക്കി മാറ്റിയെടുക്കുവാന്‍ സൈമണ്‍ സുന്ദര്‍രാജിന് കഴിഞ്ഞതാണ് കേരളത്തിന്റെ ഉജ്വല നേട്ടത്തില്‍ എടുത്തു പറയേണ്ടത്. പ്രായോഗിക പാഠങ്ങള്‍ പടിപടിയായി നടപ്പില്‍ വരുത്തിയ സുന്ദര്‍രാജ് കേരളത്തിന്റെ താരങ്ങള്‍ക്ക് ആത്മവിശ്വാസമുയര്‍ത്തുന്നതില്‍ മികച്ച പങ്കുവഹിച്ചു. 4-2-4 എന്ന ആക്രമണത്തിലൂന്നയുള്ള കളിയാണ് സൈമണ്‍ സുന്ദര്‍രാജ് തന്റെ ശിഷ്യന്മാര്ക്ക് പകര്‍ന്നു നല്‍കിയത്. കളിക്കാര്‍ക്ക് അവരുടെ റോളുകള്‍ കൃത്യമായി നിര്‍വഹിക്കുവാന്‍ കോച്ച് പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി അന്നത്തെ താരങ്ങള്‍ പറയുന്നു. സീനിയര്‍ താരങ്ങളുടെ പരിചയസമ്പത്തും ജൂനിയര്‍ കളിക്കാരുടെ ആവേശവും ഊര്‍ജവും സമന്വയിപ്പിച്ച് മൈതാനത്ത് നടപ്പാക്കിയപ്പോള്‍ സുന്ദര്‍ രാജിന്റെ ടീമിനൊപ്പം വിജയങ്ങള്‍ വന്നുചേരാന്‍ തുടങ്ങി.
ഗ്രൂപ്പ് തലത്തില്‍ ആദ്യമത്സരത്തില്‍ ദല്‍ഹിയോട് 1-1 ന് സമനില പാലിക്കേണ്ടിവന്ന മത്സരത്തില്‍ തുടക്കത്തില്‍തന്നെ ഒന്നാം ഗോളിക്ക് പരിക്കു പറ്റിയത് കേരളത്തിന് ഒരു തിരിച്ചടിയായിരുന്നു. ഇന്ത്യന്‍ ഇന്റര്‍നാഷണലും പ്രീമിയര്‍ ടയേഴ്സ് താരവും, പില്ക്കാലത്ത് കാലിക്കറ്റ് സര്‍വ്വകലാശാലയെ പരിശീലകനെന്ന നിലയില്‍ നിരവധി വിജയങ്ങളില്‍ എത്തിച്ച തൃശൂര്‍ നിവാസി വിക്ടര്‍ മഞ്ഞിലയായിരുന്നു ഒന്നാം ഗോളി. പകരമിറങ്ങിയ സേതുമാധവന് മണിപ്പൂരിനെ 3-1 ന് തകര്‍ത്ത അടുത്ത മത്സരത്തില്‍ പരിക്കുപറ്റി. തുടര്‍ന്നുള്ള കളികളില്‍ കേരളത്തിന്റെ വല കാക്കാന്‍ കെഎസ്ഇബി താരം ജി. രവീന്ദ്രന്നായര്ക്കായിരുന്നു ചുമതല. കര്‍ണാടകയെ 4-3ന് തോല്‍പ്പിച്ചതോടെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
ക്വാര്‍ട്ടറില്‍ ഒളിമ്പ്യന്‍ മൊയ്തീന് പരിശീലിപ്പിച്ച ആന്ധ്രയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. ഇത് കേരളത്തിന്റെ ടീമിന് ആത്മവിശ്വാസവും വിജയതൃഷ്ണയും ഇരട്ടിപ്പിച്ചു. സെമിഫൈനലില്‍ മഹാരാഷ്ട്രക്കെതിരെ 2-1 വിജയത്തോടെ കേരളം ഫൈനലിലെത്തി. രണ്ടാമത്തെ സെമിഫൈനലില്‍ സുഭാഷ് ഭൗമിക്കിന്റെ നേതൃത്വത്തില്‍ താരങ്ങള്‍ അണിനിരന്ന ബംഗാള്‍ ടീമിന്റെ സന്തോഷ് ട്രോഫി ഹാട്രിക് മോഹങ്ങള്‍ റെയില്‍വേസ് തകര്‍ക്കുകയും ചെയ്തു.
ഫൈനലിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കാല്പന്തു പ്രേമികളുടെ ഒഴുക്കായിരുന്നു. തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തെ തിരമാലകളാക്കി മണി റെയ്ല്വേസിനെതിരെ ആദ്യ നിറയൊഴിച്ചു. നജിമുദ്ദീന്‍ നല്കിയ പാസ് നെഞ്ചില്‍ നിയന്ത്രിച്ച മണി ഞൊടിയില്‍ റെയില്‍വേ പോസ്റ്റിലേക്ക് തൊടുത്തത് തടയുവാന്‍ ഗോളി കമല്ഘോഷിന് കഴിഞ്ഞില്ല. രണ്ടാമത്തെ ഗോളിന് തുടക്കം മുതലേ മണി കാരണക്കാരനായി. റെയില്‍വേയുടെ ഭട്ടാചാര്‍ജി മണിയെ ഫൗള്‍ ചെയ്തു. തുടര്‍ന്നു ലഭിച്ച കിക്ക് എടുത്തത് രത്നാകരനായിരുന്നു. ഗോളി കമല്‍ഘോഷ് ആ പന്ത് പുറത്തേക്ക് തട്ടിയത് കൃത്യമായി നായകന് മണിയുടെ കാല്ക്കലെത്തി. മറ്റൊന്നും നോക്കാതെ മണി പോസ്റ്റിനകത്തേക്ക് പന്ത് തട്ടിയിട്ടതോടെ കേരളത്തിന്റെ ലീഡുയര്‍ന്നു.
രണ്ട് ഗോളുകള്‍ക്ക് പിന്നിലായതോടെ നായകന് ബിശ്വാസിന്റെ നേതൃത്വത്തില്‍ റെയില്‍വേസ് പ്രത്യാക്രമണം കടുപ്പിച്ചു. വിശാഖപട്ടണംകാരന് ചിന്നറെഡ്ഡിയിലൂടെ റെയില്‍വേ ഒരു ഗോള്‍ മടക്കി. വീണ്ടും മണിയുടെ ഉൗഴം. നജിമുദ്ദീനില്നിന്നും ഉപനായകന്‍ ടി.എ. ജാഫറിന് കിട്ടിയ പന്ത് മണിക്ക് നല്‍കിയത് കൃത്യമായി വലയ്ക്കകത്താക്കി കേരളത്തിന്റെ നായകന് സന്തോഷ് ട്രോഫി ഫൈനലില്‍ ഹാട്രിക്കോടെ വിജയമുറപ്പിച്ചു. അവസാന വിസിലിന് എട്ടു മിനിറ്റുകള്‍ക്കു മുമ്പ് ദിലീപ് പാലിമിലൂടെ റെയില്‍വേ രണ്ടാമത്തെ ഗോള്‍ നേടി. ഒടുവില്‍ കളിയുടെ അവസാന നിമിഷത്തില്‍ തന്റെ കൈകളിലെത്തിയ പന്ത് നീട്ടിയടിക്കുവാന് കേരളത്തിന്റെ ഗോള്‍വല കാക്കുവാന്‍ ഭാഗ്യം ലഭിച്ച ജി. രവീന്ദ്രന്‍നായര്‍ തുടങ്ങുമ്പോള്‍ റഫറിയുടെ ലോങ് വിസില്‍. കേരളത്തിന് നടാടെ സന്തോഷ് ട്രോഫി. നായകന് മണിയുടെ ഹാട്രിക്കിന് ഇടയാക്കിയ ഗോള്‍ ഇന്നും രവീന്ദ്രന്‍നായരുടെ കൈകളില്‍ ഭദ്രമായുണ്ട്.
സന്തോഷ് ട്രോഫി നേടിയ കേരള ടീം: ജി. രവീന്ദ്രന്‍നായര്‍ (ഗോള്‍കീപ്പര്‍), കെ.പി. രത്നാകരന്, കെ.വി. ഉസ്മാന്‍കോയ, ബി. ദേവാനന്ദ്, സി.സി.ജേക്കബ്, ടി.എ. ജാഫര്‍ (ഉപനായകന്‍), പി.പി. അബ്ദുള്‍ ഹമീദ്, എ. നജിമുദ്ദീന്‍, കെ.പി. വില്യംസ്, ടി.കെ.എസ്. മണി (നായകന്), എം.ആര്. ജോസഫ്. സുവര്‍ണനേട്ടം കൊയ്ത ആ ടീമിലെ 11 പേരും ജീവിതത്തില്‍ നിന്നും തന്നെ വിടപറഞ്ഞിരിക്കുന്നു. അ്ക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലായി ക്രിസ്മസ് തലേന്ന് വിടപറഞ്ഞ ടി.എ. ജാഫറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: