ശബരിമല: ശരണമന്ത്ര മുഖരിതമായ സന്ധ്യയില്‍ ശബരീശന് തങ്കയങ്കി ചാര്‍ത്തി ദീപാരാധന നടത്തി. ഭക്തലക്ഷങ്ങള്‍ തങ്കയങ്കി ചാര്‍ത്തിയ അയ്യപ്പനെ കണ്ട് മലയിറങ്ങി.
ശ്രീകോവിലില്‍ ദീപാരാധന നടക്കുമ്പോള്‍ തിരുമുറ്റവും പമ്പയും നിലയ്ക്കലുമെല്ലാം തീര്‍ത്ഥാടകരാല്‍ നിറഞ്ഞിരുന്നു. വൈകുന്നേരം 3.30ന് പമ്പയില്‍ നിന്ന് പുറപ്പെട്ട തങ്കയങ്കി അഞ്ചോടെ ശരംകുത്തിയിലെത്തി. തന്ത്രിയുടെ അനുജ്ഞ വാങ്ങി ശരംകുത്തിയിലെത്തിയ ദേവസ്വം അധികൃതരും പോലീസും ചേര്‍ന്ന് തങ്കയങ്കി ഘോഷയാത്രയെ സ്വീകരിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളോടെ സന്നിധാനത്തേക്ക് ആനയിച്ചു.
പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിലെത്തിയ ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സ്വീകരിച്ച് ബലിക്കല്‍പ്പുര വാതിലിലൂടെ സോപാനത്തെത്തിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരിയും ചേര്‍ന്ന് തങ്കയങ്കി ഏറ്റുവാങ്ങി ശ്രീകോവിലിലേക്ക് കൊണ്ടുപോയി. നടയടച്ച് ശബരീശ വിഗ്രഹത്തില്‍ തങ്കയങ്കി ചാര്‍ത്തി ദീപാരാധന നടത്തി. 41 ദിവസത്തെ മണ്ഡലകാലത്തിന് സമാപ്തി കുറിച്ച് ഇന്ന് രാവിലെ 10.30നും 11.30നുമിടെ മണ്ഡലപൂജ നടക്കും. മണ്ഡല പൂജയോടനുബന്ധിച്ച് രാവിലെ 9.45 വരെയേ ഭക്തര്‍ക്ക് നെയ്യഭിഷേകത്തിന് അനുമതിയുള്ളൂ.
ഇന്ന് രാത്രി 11ന് അടയ്ക്കുന്ന ക്ഷേത്രനട മകരവിളക്ക് ഉത്സവത്തിനായി ഡിസം. 30ന് വൈകിട്ട് അഞ്ചിനു വീണ്ടും തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: