ആലപ്പുഴ: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ സര്‍ക്കാര്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിന് അവഗണന. വന്‍കിട സ്വകാര്യ ആശുപത്രികളില്ലാത്ത ആലപ്പുഴയിലെ സാധാരണക്കാരുടെ ഏകാശ്രയമാണ് വണ്ടാനത്തെ മെഡി. കോളേജ് ആശുപത്രി. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവുമൂലം വന്‍ പ്രതിസന്ധി നേരിടുന്ന ഇവിടെ എട്ടു പുതിയ തസ്തികകള്‍ മാത്രമാണ് അനുവദിച്ചത്.
ഇടുക്കിയില്‍ 50ഉം എറണാകുളത്ത് 43ഉം പുതിയ തസ്തികകള്‍ അനുവദിച്ചപ്പോഴാണു ആലപ്പുഴയെ അവഗണിച്ചത്. ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ പരാജയപ്പെട്ടെന്നാണ് ആക്ഷേപം. സംസ്ഥാനത്താകെ 56 അസോസിയേറ്റ് പ്രഫസര്‍മാരുടെ പുതിയ തസ്തിക സൃഷ്ടിച്ചപ്പോള്‍ ആലപ്പുഴയ്ക്കു രണ്ടുമാത്രമാണു ലഭിച്ചത്. 88 പുതിയ അസിസ്റ്റന്റ് പ്രഫസര്‍മാരില്‍ ആലപ്പുഴയ്ക്കു ലഭിച്ചത് നാലുപേരെയാണ്. 99 സീനിയര്‍ റസിഡന്റുമാരെ അനുവദിച്ചപ്പോള്‍ ഇവടെ ലഭിച്ചത് വെറും രണ്ടുപേരും.
രോഗികളുടെ എണ്ണത്തിനനുസരിച്ചു ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തതാണ് ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ പ്രധാന പ്രതിസന്ധി. ആലപ്പുഴ പട്ടണത്തിലെ പരിമിതികളില്‍നിന്ന് 2010ല്‍ മെഡിക്കല്‍ കോളജ് പൂര്‍ണമായും വണ്ടാനത്തെ വിശാലമായ സമുച്ചയത്തിലേക്കു മാറിയിട്ടും പുതുതായി തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് വിനിയോഗിച്ച് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് തുറന്ന് ഒരു വര്ഷമാകാായിട്ടും ഇവിടേക്കും പുതുതായി ആരെയും നിയമിച്ചില്ല.
50 തീവ്രപരിചരണമുള്പ്പെടെ 250 കിടക്കകള്‍, എട്ട് അത്യാധുനിക ഓപ്പറേഷന് തിയേറ്ററുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ എന്നിവ പുതിയ ബ്ലോക്കില്‍ ഉണ്ട്. അതേസമയം മതിയായ ഡോക്ടര്‍മാരെയും സ്റ്റാഫിനെയും നിയമിക്കാതെയാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: