ആക്ഷൻ ഹീറോ എന്ന നിലയിലേക്കെത്താൻ താൻ കടന്നുവന്ന വഴികൾ തുറന്നുപറഞ്ഞിരിക്കുകയാണ് അർനോൾഡ്. തന്റെ ബീ യൂസ്ഫുൾ: സെവൻ ടൂൾസ് ഫോർ ലൈഫ് എന്ന പുസ്തകത്തിലാണ് അർനോൾഡ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
കോനൻ ദ ബാർബേറിയൻ എന്ന ചിത്രത്തിലെ ഒരു രംഗത്തിനുവേണ്ടി ചത്ത ഒരു യഥാർത്ഥ കഴുകനെ പലതവണ കടിക്കേണ്ടിവന്നുവെന്ന് അർനോൾഡ് പറയുന്നു. ജോലിയോടുള്ള ആത്മാർത്ഥത കാരണം ആ വേദനാജനകമായ പ്രവൃത്തി ചെയ്തു. ഓരോ ടേക്കിനുശേഷവും മദ്യം ഉപയോഗിച്ച് വായ കഴുകിയെന്നും അർനോൾഡ് പറയുന്നു. സ്റ്റണ്ട് രംഗങ്ങൾ സ്വാഭാവികതയോടെ ചെയ്യാൻ ആഗ്രഹിച്ചിരുന്നതായി അർനോൾഡ് പറഞ്ഞു.
കോനൻ ദ ബാർബേറിയന്റെ ചിത്രീകരണത്തിനിടെ മുറിവുപറ്റി നാല്പത് തുന്നലുകൾ ഇടേണ്ടിവന്നു. അക്കാലത്ത് നല്ല സ്റ്റണ്ട് ഡ്യൂപ്പുകൾ ഇല്ലാതിരുന്നതിനാൽ കാൽമുട്ടുകളിലേയും കൈമുട്ടുകളിലേയും തൊലി ഇളകുന്നതുവരെ ഇഴഞ്ഞുപോകുംവിധമുള്ള രംഗങ്ങളിൽ അഭിനയിക്കാൻ നിർബന്ധിതനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദ സിക്സ്ത് ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വെള്ളത്തിൽവെച്ചുണ്ടായ അപകടത്തേക്കുറിച്ചും അർനോൾഡ് തുറന്നു പറയുന്നുണ്ട്.
“സ്വിമ്മിങ് പൂളിൽ നീന്തുന്ന വളരെ ലളിതമായ ഒരു രംഗമായിരുന്നു. പക്ഷേ ആ കുളത്തിന് ഒരു കവർ ഉണ്ടായിരുന്നു. നീന്താൻ തുടങ്ങിയ അതേസ്ഥലത്തുതന്നെ എത്തിയാൽ മതിയായിരുന്നു. പക്ഷേ എനിക്ക് ശ്വാസം കിട്ടാതെയായി. എന്നാൽ ഭാഗ്യവശാൽ സ്റ്റണ്ട് ഡബിൾ ആയ ബില്ലി ലൂക്കാസ് വരാനിരിക്കുന്ന അപകടം തിരിച്ചറിഞ്ഞ് രക്ഷപ്പെടുത്തുകയായിരുന്നുവെന്നും അർനോൾഡ് പറഞ്ഞു.
വെയ്റ്റ്ലിഫ്റ്റിംഗിന്റെ പ്രാധാന്യം തിരിച്ചറിയപ്പെട്ടതോടെ ഹോളിവുഡിൽ സ്റ്റണ്ട് ജോലികൾ ചെയ്യുന്നതിൽ കാര്യമായ മാറ്റം വന്നെന്ന് അർനോൾഡ് അഭിപ്രായപ്പെട്ടു. ഭാരോദ്വഹനം കൂടുതൽ ജനപ്രീതിയാർജിച്ചതോടെ സ്റ്റണ്ട് ഡബിൾ ജോലി ചെയ്യുന്നവർ കൂടിയെന്നും ഇത് അഭിനേതാക്കളുടെ അധ്വാനം കുറച്ചെന്നും താരം ചൂണ്ടിക്കാട്ടുന്നു. ഈ മാറ്റം തനിക്കും തന്റെ സമകാലീനരായ താരങ്ങൾക്കും കൂടുതൽ സുസ്ഥിരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം സമ്മാനിച്ചുവെന്നും അർനോൾഡ് തന്റെ പുസ്തകത്തിൽ എഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: