ഇംഗ്ലണ്ടിലെ ആല്‍ഡര്‍ഷോട്ടിലെ തെരുവു നാടകവേദി. ഹന്ന എന്ന ഗായിക പാടി അഭിനയിക്കുന്നു. കാണികള്‍ ഹരം പിടിച്ചിരുന്നു. പൊടുന്നനെ ഗായികയുടെ ശബ്ദം നിലച്ചു. വളരെ പ്രയാസപ്പെട്ട് അവര്‍ പാടാന്‍ ശ്രമിച്ചു. പക്ഷെ പുറത്തുവന്നത് അപസ്വരം. കാണികള്‍ കൂകി വിളിച്ച് ബഹളം വച്ചു. ഗായിക ഏതാനും. നിമിഷം അമ്പരന്ന് നിസഹായമായി വേദിയില്‍ നിന്നു. പിന്നീടവര്‍ നിലവിളിച്ചുകൊണ്ട് അണിയറയിലേക്ക് ഓടിക്കയറി. കാണികള്‍ ക്ഷുഭിതരായി. അവരെ ശാന്തരാക്കാന്‍ നാടക മാനേജര്‍ ഒരു വഴി കണ്ടെത്തി. ഗായികയ്‌ക്കൊപ്പം വന്ന അവരുടെ കൊച്ചുമകനെ വേദിയിലെത്തിച്ചു.
അമ്മയുടെ ഗാനാഭിനയത്തിന്റെ തകര്‍ച്ച നേരില്‍ക്കണ്ട മകന്‍ എന്തു ചെയ്യണമെന്നറിയാതെ തെല്ലുനേരം പകച്ചു നിന്നു. പിന്നീട് എന്തൊക്കെയോ കാട്ടിക്കൂട്ടി. മാത്രമല്ല സ്വന്തം ശബ്ദം നഷ്ടപ്പെട്ടതറിഞ്ഞ് ഭയചകിതയായി വിലപിച്ച അമ്മയെ അരങ്ങില്‍ അവതരിപ്പിച്ചു. കാണികള്‍ കൈയടിച്ചു. അവര്‍ എറിഞ്ഞുകൊടുത്ത നാണയത്തുട്ടികള്‍ സങ്കടം ഉള്ളിലടക്കി അവന്‍ പെറുക്കിയെടുത്തു.
അത് അമ്മയുടെ അവസാനത്തെ നാടകാഭിനയമായിരുന്നു. പിന്നീടവര്‍ കടന്നുപോയത് വിഭ്രാന്തിയുടെ തീവ്രമായ അവസ്ഥയിലേക്ക്. അന്നു മകന് 5 വയസ്. തെരുവു നാടകവേദി സൃഷ്ടിച്ചെടുത്ത ആ ബാലന്‍ പിന്നീട് ആമുഖം വേണ്ടാത്ത ചലച്ചിത്ര പ്രതിഭയായി. പേര് ചാര്‍ളി ചാപ്ലിന്‍.
ജനനം ചേരിയില്‍
1889 ഏപ്രില്‍ 16ന് ലണ്ടനിലെ ചേരി പ്രദേശത്തെ ഒരു ദരിദ്ര കുടുംബത്തില്‍ ജനനം. ചാള്‍സ് സ്‌പെന്‍സര്‍ ചാപ്ലിന്‍ എന്നു മുഴുവന്‍ പേര്. അച്ഛന്‍ മികച്ച നടനായിരുന്നുവെങ്കിലും അമിത മദ്യപാനത്താല്‍ 37-ാം വയസില്‍ മരിച്ചു. ദാരിദ്ര്യവും അനിശ്ചിതത്വവും അവഗണനയും നിറഞ്ഞ സാഹചര്യത്തിലാണ് ചാപ്ലിനും ജ്യേഷ്ഠന്‍ സിഡ്‌നിയും കുട്ടിക്കാലം തള്ളിനീക്കിയത്.
സ്വരം നഷ്ടപ്പെട്ടതോടെ തൊഴിലും ഇല്ലാതായ അമ്മ കുടുംബം പുലര്‍ത്താന്‍ നന്നേ ക്ലേശിച്ചു. ഇടക്കാലത്ത് മക്കളെ അനാഥാലയത്തിലാക്കി. 9-ാം വയസില്‍ ചാപ്ലിന്റെ പഠനം അവസാനിച്ചു. വിറകു കടയിലെ സഹായിയായും പത്രവിതരണക്കാരനായും ജോലി ചെയ്ത് അമ്മയെ സഹായിച്ചു. ഇതിനിടെ അമ്മ കടുത്ത ഭ്രാന്തിന് അടിപ്പെട്ടു. 12-ാം വയസില്‍ ചാപ്ലിന്‍ നടനായി വേഷം കെട്ടി. വൈകാതെ മികച്ച ബാല നടനായി. 19 വയസായപ്പോഴേക്കും ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഹാസ്യനാടക നടന്‍ എന്ന പേര് നേടിയെടുത്തു.
സിനിമയിലേക്ക്
1913ല്‍ ചാപ്ലിന്‍ അമേരിക്കയിലെത്തി. നിശബ്ദ സിനിമകളുടെ കാലം. ആദ്യ ചിത്രം ‘മേക്കിങ് എ ലിവിങ്’ (1914). മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സംവിധായകന്‍ ചാപ്ലിനോട് അടുത്തത് ഒരു ഹാസ്യരംഗമാണെന്നും അതിനു പറ്റിയ മേക്കപ്പ് ചെയ്തു വരാനും നിര്‍ദേശിച്ചു. എന്തു വേഷമാണ് വേണ്ടതെന്നു ആശങ്കപ്പെട്ടെങ്കിലും ഒരു പ്രത്യേക വേഷത്തിന്റെ രൂപരേഖ മനസില്‍ രൂപപ്പെട്ടു. അയഞ്ഞ കാലുറയും വലിയ ഷൂസുകളും കൈയില്‍ ഒരു വടിയും. കറുത്ത ചെറിയ തൊപ്പി. ആകപ്പാടെ പരസ്പര ബന്ധമില്ലാത്ത വസ്ത്രധാരണവും രൂപവും. മേമ്പൊടിക്ക് ഒരു മുറിമീശ കൂടി ഫിറ്റ് ചെയ്തതോടെ സ്വന്തം പ്രതിരൂപം കണ്ണാടിയില്‍ കണ്ട് ചാപ്ലിന്‍ തന്നെ പൊട്ടിച്ചിരിച്ചുപോയി. സ്വന്തം നിലയില്‍ രൂപകല്പന ചെയ്ത ഈ വേഷമാണ് പില്‍ക്കാലത്തെ ചാപ്ലിന്റെ സ്ഥിരം കഥാപാത്രമായ ‘ട്രാമ്പ്’ (ഊരുതെണ്ടി) ആയി പ്രസിദ്ധി നേടിയത്. ഭാഷകള്‍ക്കതീതമായി അത് ലോകത്തെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
യഥാര്‍ത്ഥത്തില്‍ ചാപ്ലിന്‍ പുതിയ വേഷമോ കഥാപാത്രത്തെയോ ഒന്നുമല്ല സൃഷ്ടിച്ചത്. മറിച്ച് ബാല്യകാലത്തെ തന്റെ വികൃതവും ദരിദ്രവുമായ ജീവിതത്തെ അതിനു യോജിച്ച ഒരു വേഷത്തില്‍ പുനരവതരിപ്പിക്കുകയായിരുന്നു. നല്ല മനസും സദ്ഗുണങ്ങളുമുള്ള ‘ട്രാമ്പ്’ പിന്നീട് ചാപ്ലിനെ ലോകപ്രശസ്തനാക്കി. ‘മേബല്‍സ് സ്‌ട്രേഞ്ച് പ്രെഡിക്കമെന്റ്’ (1914) എന്ന ചിത്രത്തിലാണ് ഈ വേഷം ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
‘ദ കിഡ്’- ചാപ്ലിനെ വിഖ്യാതനാക്കിയ 1921ലെ നിശബ്ദചിത്രമാണിത്. 4 വയസുള്ള ജാക്കി കൂഗനാണ് ചാപ്ലിനോടൊപ്പം അഭിനയിച്ചത്. 68 മിനിറ്റാണ് ദൈര്‍ഘ്യം. കൂഗന്‍ പിന്നീട് വലിയ നടനായി.
തെരുവില്‍ അലയുന്ന ഊരുതെണ്ടിയും അയാള്‍ക്കൊപ്പമുള്ള കുട്ടിയും തമ്മിലുള്ള അസാധാരണമായ സ്‌നേഹബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. സ്വന്തം കുട്ടിക്കാലത്തെ വേദനാജനകമായ അനുഭവങ്ങളാണ് ദ കിഡില്‍ ചാപ്ലിന്‍ അവതരിപ്പിച്ചത്. തമാശകളേക്കാളേറെ സങ്കടങ്ങള്‍ക്കാണ് സിനിമയില്‍ പ്രാധാന്യം നല്‍കിയത്.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചലച്ചിത്രമായി ചാപ്ലിന്‍ തിരഞ്ഞെടുത്തത് ദ ഗോള്‍ഡ് റഷ് (1925) ആണ്. സ്വര്‍ണ ഖനനവുമായി ബന്ധപ്പെട്ട പ്രമേയം. ചാപ്ലിന്റെ കഥാപാത്രം വിശപ്പു മൂലം സ്വന്തം ഷൂ ഭക്ഷിക്കുന്ന പ്രസിദ്ധമായ ദൃശ്യം ഈ സിനിമയിലാണ്.
ഹിറ്റലറെ പേടിപ്പിച്ചു….
എല്ലാവരേയും ചിരിപ്പിച്ച ചാപ്ലിന്‍ ഒരാളെ ശരിക്കും പേടിപ്പിച്ചു. പേടിച്ചത് നിസാരക്കാരനൊന്നുമല്ല. ലോകത്തെ കിടുകിട വിറപ്പിച്ച സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍.
ഒരു സിനിമയാണ് ഹിറ്റ്‌ലറെ ഭയപ്പെടുത്തിയത്. ഫാസിസത്തിനെതിരെയുള്ള ചാപ്ലിന്റെ ആക്ഷേപഹാസ്യപരമായ ഒരു ആക്രമണം. ‘ദ ഗ്രേറ്റ് ഡിക്ടേറ്റര്‍’ (1940) എന്ന് സിനിമയുടെ പേര്. ഇരട്ട വേഷമാണ് ചാപ്ലിന് ചിത്രത്തില്‍. ഹിറ്റ്‌ലറെപ്പോലെയുള്ള ഒരു ഏകാധിപതിയായും അതേ ഛായയുള്ള സമാധാനപ്രിയനായ ഒരു ക്ഷുരകനും അഡനോയിഡ് ഹിങ്കല്‍ എന്ന ഏകാധിപതി അപകടത്തില്‍പ്പെട്ട് വിദൂരത്തായിരിക്കുമ്പോള്‍ അതേ രൂപമുള്ള ക്ഷുരകന്‍ ഭരണാധികാരിയാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചാപ്ലിന്‍ സ്വന്തം ശബ്ദത്തില്‍ സംസാരിച്ച ചിത്രം കൂടിയാണിത്. ചാപ്ലിന്‍ കഥാപാത്രം നടത്തുന്ന 5 മിനിറ്റ് നീളുന്ന വീഞ്ഞപ്പെട്ടി പ്രസംഗവും പ്രസിദ്ധമാണ്. ഹിറ്റ്‌ലറുടെ ആക്രോശം പോലും തനിമയോടെ ചിത്രത്തില്‍ പകര്‍ത്തപ്പെട്ടു.
ചാപ്ലിനും ഹിറ്റ്‌ലറും തമ്മിലുള്ള സമാനതകളും ശ്രദ്ധേയമാണ്. പ്രായത്തില്‍ 4 ദിവസത്തെ സീനിയോറിറ്റി ചാപ്ലിനാണ്. മുഖഛായയില്‍ ചെറിയ സാമ്യം. ചാപ്ലിന്റെ സ്ഥിരം വേഷമായ ട്രാമ്പിനും ഹിറ്റ്‌ലര്‍ക്കും ഒരേ ടൂത്ത് ബ്രഷ് മീശ. ജര്‍മനിയില്‍ ചാപ്ലിന്റെ സിനിമകള്‍ ഹിറ്റ്‌ലര്‍ നിരോധിച്ചിരുന്നു. ചാപ്ലിന്റെ കോമാളി വേഷങ്ങള്‍ക്ക് ഹിറ്റ്‌ലറുമായുള്ള സാമ്യം തന്നെ കാരണം. ഈ തിരോധാനത്തെപ്പറ്റി അറിഞ്ഞപ്പോഴാണ് ഹിറ്റ്‌ലറെപ്പറ്റിത്തന്നെ ഒരു സിനിമയെടുക്കാന്‍ ചാപ്ലിന്‍ തുനിഞ്ഞത്. ഈ സിനിമ ഹിറ്റ്‌ലര്‍ രഹസ്യമായി വരുത്തി കാണുകയുണ്ടായെന്ന് പറയപ്പെടുന്നു.
നാസി തടങ്കല്‍ പാളയങ്ങളിലെ യഥാര്‍ത്ഥ ഭീകരതയെപ്പറ്റിയറിഞ്ഞിരുന്നുവെങ്കില്‍ തനിക്ക് ഈ ചിത്രം നിര്‍മിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് ആത്മകഥയില്‍ ചാപ്ലിന്‍ എഴുതുകയുണ്ടായി.
ചാപ്ലിന്റെ അമ്മ
ചാപ്ലിന്‍ പില്‍ക്കാലത്ത് മഹാനടനായതോ ലോകം മുഴുവന്‍ അദ്ദേഹത്തെ അംഗീകരിച്ചതോ ചിത്തഭ്രമം ബാധിച്ച അമ്മയ്‌ക്ക് മനസിലാക്കാനായില്ല. 1928 ആഗസ്ത് 28ന് ഹന്ന അന്തരിച്ചു. അമ്മയെ കാണാന്‍ എത്തിയപ്പോഴൊക്കെ കണ്ട നൊമ്പരപ്പെടുത്തിയ കാഴ്ചകള്‍ വേദനയോടെ ചാപ്ലിന്‍ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മരണശേഷവും ചിരിപ്പിച്ചു
വിട്ടുപിരിഞ്ഞിട്ടും തമാശ ചാപ്ലിന്റെ പിന്നാലെ കൂടി. സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ച് 1977 ഡിസംബര്‍ 25നായിരുന്നു അന്ത്യം. സംസ്‌കാരത്തിനുശേഷം 2 മാസം പിന്നിട്ട ശേഷം കോര്‍ഷിയര്‍ വെവിലെ കല്ലറയില്‍ നിന്ന് മൃതദേഹം മോഷ്ടിക്കപ്പെട്ടു. മോഷ്ടാക്കള്‍ ചാപ്ലിന്റെ വിധവ ഊന ഒനീലുമായി ബന്ധപ്പെട്ടു.
ആറു ലക്ഷം ഡോളര്‍ നല്‍കിയാല്‍ ഭൗതികദേഹം വിട്ടു നല്‍കാമെന്നറിയിച്ചു. ഊന ആവശ്യം നിരസിച്ചപ്പോള്‍ തുക പകുതിയായി കുറയ്‌ക്കാന്‍ അവര്‍ തയാറായി.
എന്നിട്ടും ഊന വഴങ്ങിയില്ല. ഫോണ്‍ വിളികള്‍ ചോര്‍ത്തി സ്വിസ് പോലീസ് മോഷ്ടാക്കളെ പിടികൂടി. അങ്ങനെ മരണാനന്തര കോമഡിയും ആസ്വദിച്ച് ചാപ്ലിന്‍ കല്ലറയില്‍ മടങ്ങിയെത്തി.
1991 സപ്തംബര്‍ ഇരുപത്തിയേഴിന് ഊനയും വിടപറഞ്ഞു.
ചാപ്ലിന്‍ പറഞ്ഞത്
മഴയത്ത് നടക്കാനായിരുന്നു എനിക്കിഷ്ടം. കാരണം ഞാന്‍ കരയുന്നത് ആരും കാണില്ലല്ലോ.
ജീവിതം ക്ലോസപ്പില്‍ ഒരു ദുരന്തമാണ്. ലോങ് ഷോട്ടില്‍ ഒരു തമാശയും.
ചിരിയില്ലാത്ത ദിനങ്ങളൊക്കെയും പാഴ് ദിനങ്ങളാണ്.
നാം ഒരുപാട് ആലോചിക്കുന്നു. അനുഭവിക്കുന്നത് തീരെ കുറച്ചു മാത്രം.
എന്റെ വേദന മറ്റൊരാള്‍ക്ക് തമാശയ്‌ക്ക് കാരണമായേക്കും. പക്ഷെ എന്റെ ചിരി ഒരിക്കലും വേറൊരാളുടെ വേദനയ്‌ക്ക് കാരണമാകരുത്.
ഈ ദുഷിച്ച ലോകത്ത് ഒന്നും ശാശ്വതമല്ല. എന്തിന്, നമ്മുടെ പ്രതിസന്ധികള്‍ പോലും.
പ്രതിസന്ധിയെന്താണെന്ന് കുട്ടിക്കാലത്ത് എനിക്കറിഞ്ഞുകൂടായിരുന്നു. കാരണം ഞങ്ങളുടെ ജീവിതമാകെ പ്രതിസന്ധികളിലായിരുന്നു.
അവസാനം എല്ലാം ഒരു തമാശയാണ്.
ദൈവവുമായി എനിക്കു യാതൊരു പിണക്കവുമില്ല. എന്റെ വഴക്കെല്ലാം മനുഷ്യരോടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക