വിശാലമായ നാലര ഏക്കറില്‍ വ്യാപിച്ചു കിടക്കുന്നതാണ് കാന്തള്ളുര്‍ വലിയശാല ശ്രീമഹാദേവക്ഷേത്രം. ചേര-ചോള രാജവംശങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളുടെ ചരിത്രം ‘കാന്തള്ളൂര്‍’ എന്ന പേരില്‍ ഒളിഞ്ഞു കിടക്കുന്നു. കാന്തള്ളൂര്‍ എന്ന പേരില്‍ ഒരു വലിയ തുറമുഖം പണ്ട് വിഴിഞ്ഞത്തുണ്ടായിരൂന്നതായി രേഖകളില്‍ കാണുന്നു. കാന്തള്ളൂര്‍ എന്നൊരു ക്ഷേത്രവും ഇവിടെ ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന വിഗ്രഹം, തിരുവനന്തപുരത്തേക്കു കുടിയേറിപ്പാര്‍ത്ത ബ്രാഹ്മണര്‍ വലിയശാലയില്‍ പ്രതിഷ്ഠിച്ചതായി അനുമാനിക്കുന്നു.
ആത്മീയം, വിദ്യാദ്യാസം, സൈനികം എന്നീ മേഖലകളില്‍ ഖ്യാതി നേടിയിരുന്ന ആഗോള നിലവാരം പുലര്‍ത്തുന്ന ഒരു സര്‍വകലാശാല വലിയശാലയിലെ മഹാദേവര്‍ ക്ഷേത്രത്തോടനുബന്ധിച്ചു പ്രവര്‍ത്തിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ ‘നളന്ദ’ എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. ഈ ശാലയുടെ പരിധിയില്‍ വലിയശാല, ചിന്നശാല, പണ്ഡകശാല, ചാലക്കമ്പോളം, ചെമ്പുപണിശാല മുതലായ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നു.
‘ഉദ്യോതന സൂരി’ എ.ഡി. 8ാം നൂറ്റാണ്ടില്‍ രചിച്ച ‘കവലയമാല’ എന്ന കൃതിയില്‍ ഈ വിവരണം രേഖപ്പെടുത്തിയിട്ടുണ്ട്. ‘അനന്തശയന നഗരി’യുടെ (തിരുവനന്തപുരം) ഹൃദയഭാഗത്ത് സ്ഥാപിക്കപ്പെട്ട സര്‍വ്വകലാശാലയില്‍ വിദേശരാജ്യങ്ങളില്‍ നിന്നുവരെ (67 രാജ്യങ്ങളില്‍ നിന്നും) വിവിധ വിഷയങ്ങള്‍ അഭ്യസിക്കാന്‍ വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു. ‘അനന്തപുരി വര്‍ണ്ണനം’ എന്ന കൃതി, ‘മതിലകം ചുരുണകള്’ എന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്ര രേഖകര്‍, ‘തിരുവിതാംകൂര്‍ ചരിത്രം,’ ‘ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരിസ്’ എന്നീ ആധികാരിക രചനകളില്‍ വലിയശാല മഹാദേവര്‍ക്ഷേത്ര സവിശേഷതയും പ്രാധാന്യവും എടുത്തുപറയുന്നുണ്ട്.
1200 വര്‍ഷത്തോളം പഴക്കം വരുന്ന മഹാക്ഷേത്രമാണിത്. എ.ഡി. 1266 മുതല്‍ 1316 വരെയുള്ള കാലഘട്ടത്തില്‍ വേണാടു രാജവംശത്തിലെ പ്രതാപവാനായ ഭരണാധികാരിയായിരുന്നു രവിവര്‍മ്മ സംഗ്രാമധീരന്. അദ്ദേഹത്തിന്റെ സാമ്രാജ്യം കാഞ്ചീപുരം വരെ നീണ്ടു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് കാന്തള്ളൂര്‍ വലിയശാലമഹാദേവര്‍ ക്ഷേത്രം പുതുക്കി പണിതത്. അതോടൊപ്പം സ്വന്തം പ്രതിമ പടിഞ്ഞാറു ദര്‍ശനം വരത്തക്ക രീതിയില്‍ കിഴക്കേ കല്‍ത്തൂണില്‍ സ്ഥാപിച്ചു. സൂര്യന്റെ പോക്കുവെയില്‍ ഈ ശിലാരൂപത്തില്‍ പതിക്കുമ്പോള്‍ ശിലയില്‍ ചുവന്ന നിറം പ്രകടമാകാറുണ്ട്. ശിലയുടെ പ്രത്യേകതയാണ് അത്.
കാലാന്തരത്തില്‍ ഈ ക്ഷേത്രം ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരിച്ചിരുന്ന എട്ടര യോഗത്തിന്റെ നിയന്ത്രണത്തിലായി. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പൂനര്‍നിര്‍മ്മാണത്തിനുശേഷം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് നവീകരിച്ച ക്ഷേത്രങ്ങളിലൊന്നാണ് കാന്തള്ളൂര്‍ വലിയശാല മഹാദേവക്ഷേത്രമാണെന്ന് മതിലകം രേഖകളില്‍ കാണുന്നു.
എട്ടുവീട്ടില്‍പിള്ളമാരും മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവും തമ്മിലുള്ള ശത്രുതയാണ് പേരും പ്രശസ്തിയുമാര്‍ജിച്ചിരുന്ന ഈ മഹാക്ഷേത്രത്തിന്റെ അധഃപതനത്തിന് കാരണമായത്. കുടമണ്‍പിള്ളയുടെ നേതൃത്വത്തില്‍ എട്ടുവീട്ടില്‍ പിള്ളമാര്‍ ദുഷ്ടലാക്കോടെ നടത്തിയ നിഷേധാത്മക ചടങ്ങുകള്‍ ക്ഷേത്രത്തില്‍ ഭീതിയുടെയും അശാന്തിയുടെയും നിഴലുകള്‍ സൃഷ്ടിച്ചു.
ആദ്യകാലത്ത് വിഴിഞ്ഞം കാന്തള്ളൂര്‍ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠയാണ് ബ്രാഹ്മണര്‍ ഇവിടെയും പ്രതിഷ്ഠിച്ചത്. എന്നാല്‍ മഹാരാജാവിനോടു ശത്രുതയുള്ള ഒരു കൂട്ടര് ഈ സന്നിധിയിലെ ശക്തിയെ ദുര്‍ശക്തിയാക്കി മാറ്റി രാജാവിനെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ചതായി പറയപ്പെടുന്നു. അതിന്റെ ഫലമായി ക്ഷേത്രത്തിനും നാടിനും പല രീതിയിലുള്ള കഷ്ടനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. അതു പരിഹരിക്കുന്നതിന് മഹാരാജാവ് പ്രസ്തുത ശിവന്റെ ശക്തി ക്ഷയിപ്പിക്കുന്നതിനുവേണ്ടി ബ്രാഹ്മണമുഖ്യന്മാരും താന്ത്രിക മുഖ്യന്മാരുമായി കൂടിയാലോചിച്ച് മഹാപണ്ഡിതന്മാരുടെ ആശിര്‍വാദത്തോടുകൂടി ശിവക്ഷേത്രത്തിന്റെ ഇടതുഭാഗത്ത് തിരുവെങ്കിടപെരുമാള്‍ എന്നു പൊതുവെ അറിയപ്പെടുന്ന വിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം പണികഴിപ്പിച്ചു. എ.ഡി. 1749 ല്‍ ഈ വിഗ്രഹം കടുംശര്‍ക്കര യോഗത്താല്‍ പുനര്‍നിര്‍മ്മാണം ചെയ്തതായി രേഖകള്‍ കാണാം.
വിഷ്ണുക്ഷേത്രത്തിനു മുന്നിലെ നമസ്കാരമണ്ഡപത്തിന്റെ മച്ചില്‍ തൂങ്ങിക്കിടക്കുന്ന കല്ലില്‍ തീര്‍ത്ത സര്‍പ്പവും അതിനെ ബന്ധിച്ചിരിക്കുന്ന ചങ്ങലയും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
മൂലക്ഷേത്രത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്നതിനായി പ്രസ്തുത ശിവക്ഷേത്രത്തിന്റെ വലതുഭാഗത്ത് മറ്റൊരു ശിവക്ഷേത്രം പണികഴിപ്പിച്ച് ആരാധിച്ചുപോരുന്നു. എന്നാല്‍ മൂലശിവക്ഷേത്രത്തിന്റെ മുന്നില്‍ മാത്രമേ നന്ദിയെ പ്രതിഷ്ഠിച്ചതായി കാണുന്നുള്ളു.
നന്ദിയുടെ ചൈതന്യം ഇവിടെയില്ലായെന്നും അത് തളിയില്‍ മഹാദേവക്ഷേത്രത്തിലേക്ക് പോയതായും പഴമക്കാര്‍ പറയുന്നു. ക്ഷേത്രങ്ങളുടെ ചൈതന്യം ഇന്നത്തെ നിലയില്‍ ക്ഷേത്രത്തിനകത്ത് ഒതുങ്ങി നില്‍ക്കുകയാണ്. വിധിപ്രകാരമുള്ള മാറ്റങ്ങള്‍ ചെയ്താല്‍ മാത്രമേ ഭക്തജനങ്ങള്‍ക്കും നാടിന്റെ അഭിവൃദ്ധിക്കും ഗുണകരമായി ഭവിക്കുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: