അയോധ്യ: അത്ഭുതം…. ആവേശം….. ആഹ്ലാദം… രാമനഗരിയുടെ ആതിഥ്യം നുകര്‍ന്നപ്പോള്‍ രാമേശ്വരത്തുനിന്നും മധുരയില്‍ നിന്നും വടപളനിയില്‍ നിന്നുമൊക്കെ എത്തിയ യുവാക്കളുടെ പ്രതികരണം… രാമായണ കഥ പഠിക്കണം, രാമക്ഷേത്രത്തിന്റെ സമരചരിത്രം ഗ്രാമങ്ങള്‍ തോറും പറയണം…. അയോധ്യ എന്തൊരു അത്ഭുത ദൃശ്യമാണ്, മധുരയില്‍ നിന്നെത്തിയ നിയമവിദ്യാര്‍ത്ഥി നാഗനാഥന്റെ വാക്കുകള്‍…
കേന്ദ്രസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടന്ന കാശി തമിഴ് സംഗമത്തില്‍ പങ്കെടുക്കാനെത്തിയ തമിഴ് സംഘമാണ് ഒരു രാത്രിയും പകലും അയോധ്യ സന്ദര്‍ശിക്കാനെത്തിയത്. തമിഴ്നാട്ടിലെ വിവിധ സ്‌കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നുമായി 212 വിദ്യാര്‍ത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. താത്കാലികക്ഷേത്രത്തിലെ ബാലകരാമവിഗ്രഹവും ഹനുമാന്‍ഗഡി ക്ഷേത്രവും കണ്ടുതൊഴുത സംഘം അയോധ്യയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളും മനസിലാക്കിയാണ് മടങ്ങിയത്. ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രസാദം നല്കി. സരയൂ തീരത്ത് ദീപോത്സവം കണ്ടതിന് ശേഷമാണ് തമിഴ്‌നാട്ടിലേക്ക് ഇവര്‍ വണ്ടികയറിയത്. തമിഴ്‌നാട്ടില്‍ നിന്ന് ഏഴ് ഘട്ടങ്ങളിലായ് തീര്‍ത്ഥാടക സംഘം അയോധ്യയിലെത്തുമെന്ന് സംഘത്തെ നയിച്ച അദ്ധ്യാപിക റിങ്കുദാദ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍, ഗ്രാമീണര്‍, ഗവേഷകര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന 212 പേര്‍ അടങ്ങുന്നതാകും സംഘം. 31നാണ് അവസാന ബാച്ച് അയോധ്യയിലെത്തുക. രാമജന്മഭൂമിയില്‍ കാലൂന്നാനായതിന്റെ അഭിമാനത്തിലാണ് വിദ്യാര്‍ത്ഥികളെന്ന് റിങ്കുദാദ പറഞ്ഞു. അയോധ്യയുടെ സംസ്‌കാരം അറിയാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് എന്‍ജിനീയറിങ് വിദ്യാര്‍ഥി ആകാശ് രംഗ് പറഞ്ഞു. ഞാനിവിടെ നേരത്തെ വന്നിട്ടുണ്ട്, ഇപ്പോള്‍ ആകെ മാറിയിരിക്കുന്നു, രാമക്ഷേത്രം പൂര്‍ത്തിയാകുന്നു. എന്റെ രാമന്‍ വരുന്നു… അതിശയിപ്പിക്കുന്ന ആഘോഷമാണ് അയോധ്യയില്‍ ഒരുങ്ങുന്നത്, ആകാശ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: