കൊല്‍ക്കത്ത: ഭഗവദ് ഗീതയുടെ ആത്മാവ് തൊട്ടറിഞ്ഞും, ഒന്നിച്ചിരുന്ന് ഗീതോശ്ലോകങ്ങള് ചൊല്ലിയും ആയിരങ്ങള്‍ അണിനിരന്നപ്പോള്‍ കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നിന്നുയര്‍ന്ന കൃഷ്ണോപദേശത്തിന്റെ അലയടി രാജ്യമാകെ നിറഞ്ഞു.
ലോക്കോ കാന്തെ ഗീതാ പഥ് എന്ന പേരില്‍ ലാക്കോ കാന്തെ ഗീതാ പഥ സമിതിയാണ് സംഘടിപ്പിച്ചത്. സനാതന്‍ സംസ്കൃതി സദന്, മതിലാല്‍ ഭാരത് തീര്‍ത്ഥ സോവാ മിഷന് ആശ്രമം, അഖില ഭാരതീയ സംസ്കൃതി പരിഷദ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു വിശാല ഗീതാ സംഗമം. ഗീതാ ശ്ലോകങ്ങള്‍ ഉരുവിട്ട് ഒരു ലക്ഷത്തിലധികം പേര് പങ്കെടുത്തു. ദ്വാരകാ മഠത്തിലെ സ്വാമി സദാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി.
ലോക്കോ കാന്തെ ഗീതാ പഥിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. ഒരു ലക്ഷത്തിലധികം പേര് ഒന്നിച്ച് ഉറക്കെ ഗീതാശ്ലോകങ്ങള്‍ ഉരുവിടുന്നത് അവിസ്മരണീയമാണെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ജീവിതത്തിന്റെ പല മേഖലകളില്‍ നിന്നെത്തി ഇത്ര വിശാലമായി അണിനിരന്ന് ഗീത ചൊല്ലുന്നത് സാമൂഹ്യ സമരസതയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല നമ്മുടെ രാഷ്ട്രത്തിന്റെ മുന്നേറ്റത്തിന് വലിയ തോതില്‍ ഊര്‍ജം പകരുകയും ചെയ്യും, പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പാരമ്പര്യം, വിജ്ഞാനം, ആത്മീയ ഔന്നിത്യം എന്നിവയുടെ മഹത്തായ സംഗമമാണ് നമ്മുടെ സംസ്കാരം. സാംസ്കാരിക വൈവിധ്യവും ഒരുമയുമാണ് നമ്മുടെ കരുത്ത്. മഹാഭാരത ഘട്ടം മുതല്‍, സ്വാതന്ത്ര്യ പ്രക്ഷോഭ കാലവും കടന്ന് ഇന്നും ഭഗവദ് ഗീത എല്ലാവരുടേയും പ്രചോദനമായി തുടരുന്നു. ജീവിതം പ്രായോഗിക തലത്തില്‍ വിജയകരമായി എങ്ങിനെ മുന്നോട്ടു നയിക്കാം എന്നാണ് ഗീത നമ്മെ ഉപദേശിക്കുന്നത്. വിജയത്തിലേക്കുള്ള നിരവധി മാര്‍ഗങ്ങളാണ് ഗീത തുറന്നിടുന്നത്, പ്രധാനമന്ത്രി പറഞ്ഞു.
ജ്ഞാനം, കര്‍മം, ഭക്തി എന്നിങ്ങനെ പല വഴികള്‍ ഗീത കാണിച്ചു തരുന്നുണ്ട്. വഴികള്‍ പലതെങ്കിലും ജീവിത പുരോഗതി എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ് അവ ചെന്നെത്തുന്നത്. ഗീതാ പാഠങ്ങള്‍ കാലത്തേയും സമയത്തേയും അതിജീവിക്കുന്നു. ലോകം എന്ത്, ഒരാളുടെ ആത്മാവ് എന്ത്, ഈ പ്രപഞ്ചം എന്ത് എന്നീ ഉള്‍ക്കാഴ്ചകള്‍ തരുന്നു, ആശംസാ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: