എടത്വാ: കുട്ടനാട്ടിലെ താറാവു കര്‍ഷകര്‍ക്ക് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നവംബര്‍. ഡിസംബര്‍ മാസങ്ങള്‍ കണ്ണുനീരിന്റേതാണ്. പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്നതോടെ ആയിരക്കണക്കിന് താറാവുകളെയാണ് കൊന്നൊടുക്കി കത്തിക്കുന്നത്. നഷ്ടങ്ങള്‍ക്കും ആശങ്കള്‍ക്കും ഒടുവില്‍ നല്ല ഒരു ക്രിസ്മസ് കാലമാണ് ഇത്തവണ കടന്നുപോകുന്നത്. കുട്ടനാടന്‍ ബ്രാന്‍ഡ് താറാവുകളായ ചാര, ചെമ്പല്ലി ഇനത്തില്‍പെട്ട താറാവുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു.
ക്രിസ്മസ് – ന്യൂ ഇയര്‍ സമയങ്ങളിലാണ് കുട്ടനാട്ടിലെ വിപണി പൊതുവെ സജീവമാകുന്നത്. ചാര, ചെമ്പല്ലി താറാവുകളില്‍ നിന്നുള്ള മുട്ടകള്‍ കര്‍ഷകര്‍ തന്നെ സംഭരിച്ച് ജില്ലയിലെ പള്ളിപ്പാട്, ചെന്നിത്തല പ്രദേശങ്ങളിലെ ഹാച്ചറുകളില്‍ വിരിയിച്ച് കുഞ്ഞുങ്ങളെ വളര്‍ത്തിയെടുത്താണ് ക്രിസ്മസ് – ന്യൂ ഇയര്‍ സീസണില്‍ വിപണികളില്‍ എത്തിക്കുന്നത്. മുട്ടയും വന്‍തോതില്‍ വിറ്റഴിഞ്ഞു. ഇറച്ചിത്താറാവുകള്‍ ജോഡിക്ക് 650 മുതല്‍ 700 രൂപ വരെ ഈടാക്കുന്നുണ്ട്. ബ്രാന്‍ഡ് താറാവുകള്‍ക്ക് പുറമെ പാലക്കാട്, തമിഴ്നാട് മേഖലയില്‍ നിന്ന് സീസണ് സമയങ്ങളില്‍ വന്‍തോതില്‍ താറാവുകളെ കൂട്ടനാട്ടില്‍ എത്തിക്കാറുണ്ട്.
2014 ല്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ നിര്‍ജ്ജീവാവസ്ഥയിലായ താറാവ് വിപണി ഇക്കുറി സജീവമാണ്. കഴിഞ്ഞ സീസണില്‍ ജില്ലയിലെ തകഴി, കരുവറ്റ, ചെറുതന, പള്ളിപ്പാട് പ്രദേശങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ലക്ഷക്കണക്കിന് താറാവുകളെ കൊന്നൊടുക്കേണ്ടി വന്നു. പുതുവത്സരത്തിനും നല്ല വില്‍പ്പനയാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: