ആലപ്പുഴ: നവകേരളാ സദസില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചവരെ ക്രൂരമായി തല്ലിച്ചതച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും, അംഗരക്ഷകരും അടുത്ത ദിവസം മൊഴി നല്‍കുന്നതിനായി ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. കേസിലെ തുടര്‍നടപടിയെന്ന നിലയിലാണ് നിര്‍ദേശം. ക്രിസ്മസിന് ശേഷമുള്ള ദിവസം എത്തിച്ചേരാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പരാതിക്കാരായ കെഎസ്യു ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവല്‍ കുര്യാക്കോസ് എന്നിവരോടും മൊഴി നല്കാന് എത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗണ്മാന് അനില്‍കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന് സന്ദീപ് കൂടാതെ കണ്ടാലറിയാവുന്ന മൂന്ന് അംഗരക്ഷകരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. നവകേരളായാത്രക്കിടെ ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപത്താണ് വടി ഉപയോഗിച്ച് പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്. തോമസിന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയും അജയ് ജ്യുവലിന്റെ കൈ ഒടിയുകയും ചെയ്തിരുന്നു. ഗണ്‍മാനെതിരെ നേതാക്കള്‍ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയാറായില്ല. ഗണ്മാന് ചെയ്തത് ഡ്യൂട്ടിയാണെന്ന റിപ്പോര്‍ട്ടാണ് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് മര്‍ദ്ദനമേറ്റവര്‍ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയും കോടതി കേസെടുക്കാന്‍ ഉത്തരവിടുകയും ചെയ്തത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സൗത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. ഗണ്മാന് ചെയ്തത് ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിക്കും തിരിച്ചടിയായിരുന്നു കോടതി ഉത്തരവ്.കോടതി ഇടപെട്ടതോടെ കേസുമായി ബന്ധപ്പെട്ട നടപടികള്‍ ഊര്‍ജ്ജിതമായെങ്കിലും മുഖ്യമന്ത്രിയുടെ ഗണ്‍മാനായി അനില്‍ തുടരുന്നതിനാല്‍ പോലീസില്‍ സമ്മര്‍ദവും ശക്തമാണ്. മുഖ്യമന്ത്രി ശക്തമായി പിന്തുണയ്ക്കുന്ന ഗണ്‍മാനെതിരെ പോലീസ് നടപടി ഏതുരീതിയില്‍ മുന്നോട്ട് പോകുമെന്നത് കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: