കല്‍പ്പറ്റ: കാനഡയില്‍ മെഡിക്കല്‍ കോഡിങ് ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്നു 18 ലക്ഷത്തോളം രൂപ തട്ടിയ വിദേശ പൗരന് അറസ്റ്റില്‍. ബെംഗളൂരുവില്‍ ഡിജെ പ്രോ
ഗ്രാമറായി ജോലി ചെയ്യുന്ന നൈജീരിയക്കാരന് മോസസിനെയാണ് (30) കല്‍പ്പറ്റ സൈബര്‍ പോലീസ് പിടികൂടിയത്. സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുള്‍ ഷുക്കൂര്‍, കെ. റസാഖ്, കെ.സി. അനൂപ് എന്നിവരടങ്ങുന്ന സംഘം ബംഗളൂരു മര്‍ഗോവന ഹള്ളിയില്നിന്നു ശനിയാഴ്ച രാത്രിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് ജില്ലാ പോലീസ് മേധാവി പദം സിങ് പറഞ്ഞു.
കല്‍പ്പറ്റ സ്വദേശിനിയായ യുവതി ജോലി ആവശ്യത്തിന് വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത ഡാറ്റ ഉപയോഗപ്പെടുത്തിയാണ് ഒക്ടോബറില്‍ മോസസ് തട്ടിപ്പ് നടത്തിയത്. വിസ ഉറപ്പുനല്‍കിയ മോസസ് കാനഡയിലേക്കുള്ള വിമാന ടിക്കറ്റ് അടക്കം ലഭ്യമാക്കിയാണ് യുവതിയുടെ വിശ്വാസം ആര്‍ജിച്ചത്. പലപ്പോഴായി 17 ലക്ഷത്തിലധികം രൂപ ബാങ്ക് അക്കൗണ്ടില്‍ കൈപ്പറ്റിയ മോസസ് കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോഴാണ് യുവതിക്കും വീട്ടുകാര്‍ക്കും പന്തികേട് തോന്നിയത്. പിന്നീട് പരിശോധനയിലാണ് മോസസ് ജോലിയുമായി ബന്ധപ്പെട്ടു ലഭ്യമാക്കിയ രേഖകള്‍ വ്യാജമാണെന്നു ബോധ്യപ്പെട്ടത്. വൈകാതെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മോസസ് ഉദ്യോഗാര്‍ഥിക്ക് വാട്സ് ആപ് സന്ദേശം അയയ്ക്കുന്നതിനു ഉപയോഗിച്ച ഫോണിന്റെ ഐപി അഡ്രസ് കണ്ടെത്താനായതാണ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഐപി അഡ്രസ് പരിശോധിച്ച പോലീസ് ഇയാള്‍ ബെംഗളൂരുവിലുണ്ടെന്ന് സ്ഥിരീകരിച്ചു. അവിടെ എത്തിയ പോലീസ് സംഘം മൂന്നു ദിവസം ശ്രമിച്ചാണ് പ്രതിയെ വലയിലാക്കിയത്.
മോസസില്നിന്നു രണ്ട് ലാപ്ടോപ്പും നാല് മൊബൈല്‍ ഫോണും 15 സിം കാര്‍ഡുകളും കണ്ടെത്തിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. വ്യാജ രേഖകള്‍ ഉപയോഗിച്ച് എടുത്തതാണ് സിം കാര്‍ഡുകള്‍. യുവതിയെ തട്ടിച്ചെടുത്തതില്‍ 11.6 ലക്ഷം രൂപ മോസസ് നൈജീരിയയിലെ അക്കൗണ്ടിലേക്കും ആറ് ലക്ഷം രൂപ ഇന്ത്യന്‍ അക്കൗണ്ടിലേക്കും മാറ്റിയതായി പോലീസ് കണ്ടെത്തി. തട്ടിപ്പില്‍ കുടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതടക്കം കാര്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. 2016 മുതല്‍ ബെംഗളൂരുവില്‍ താമസിച്ചുവരുന്നയാളാണ് മോസസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: