തൃശൂര്‍: തൃശൂര്‍ പൂരം എക്സിബിഷന് തറവാടക കുറയ്ക്കുക എന്നതല്ല, തറവാടക ഈടാക്കാനേ പാടില്ലെന്ന് നടന് സുരേഷ് ഗോപി. ഭക്തരില്‍ നിന്നും ഒരു തരത്തിലുള്ള വാടകയും ഈടാക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂര്‍ പൂരം നടത്തിപ്പിന് ആവശ്യമായ ചെലവ് കണ്ടെത്താന്‍ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ സംഘടിപ്പിക്കുന്ന പൂരം എക്സിബിഷനുള്ള പന്തല്‍ കെട്ടാനുള്ള തറവാടകയാണ് കൊച്ചിന് ദേവസ്വം ബോര്‍ഡ് ഇക്കുറി ആറിരട്ടി വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം 39,000 രൂപ മാത്രമായിരുന്ന തറവാടകയാണ് ഇക്കുറി രണ്ടേക്കാല്‍ കോടി രൂപയാക്കി ഉയര്‍ത്തിയത്.
ഇതിനിടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.കെ. സുദര്ശന് വേണ്ടിവന്നാല്‍ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ ഇല്ലെങ്കിലും തൃശൂര്‍ പുരം നടത്തുമെന്നും വെല്ലുവിളിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹം പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ പൂരത്തിന്റെ കണക്ക് പുറത്തുവിടണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. കുടയ്ക്കും മേളത്തിനും വെടിക്കെട്ടിനും ഉള്‍പ്പെടെ എല്ലാറ്റിനും സ്പോണ്‍സര്‍ഷിപ്പ് ഉള്ളപ്പോള്‍ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ക്ക് തൃശൂര്‍ പൂരം നടത്തിപ്പിന് ചെലവേയില്ല. കഴിഞ്ഞ വര്‍ഷം എക്സിബിഷനില്‍ നിന്നും രണ്ടു കോടി രൂപയില്‍ അധികംവരുമാനം ലഭിച്ചു. ഈ തുക എവിടെപ്പോയി എന്നും സുദര്ശന് ചോദിക്കുന്നു.
ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കുന്നതില്‍ ആയിരിക്കണം ദേവസ്വത്തിന്റെ ശ്രദ്ധ. അല്ലാതെ ക്ഷേത്ര ആചാരങ്ങള്‍ സംരക്ഷിക്കുന്ന വിശ്വാസികളെ കൊള്ളയടിക്കുന്നത് ആകരുത് ദേവസ്വംബോര്‍ഡിന്റെ ലക്ഷ്യം എന്നും സുരേഷ് ഗോപി പ്രതികരിച്ചു. പൂര വിവാദത്തിനിടയില്‍ തൃശൂരില്‍ എത്തിയ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: