പത്തനംതിട്ട : നിലയ്ക്കലില്‍ ഭക്തര്‍ക്കായുള്ള അരവണ വിതരണം നിലച്ചു. അരവണ കണ്ടയ്നര്‍ തീര്‍ന്നതാണ് കാരണം. മണ്ഡലപൂജ നടക്കുന്ന 27 വരെ നല്‍കാനുള്ള അപ്പത്തിന്റെയും അരവണയുടെയും ഉത്പാദനം പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചിരുന്നതാണ്.
ഒരു ദിവസം ശരാശരി 25000 ടിന് അരവണയാണ് നിലയ്ക്കലില്‍ ഉത്പാദിപ്പിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ട് 6.30നാണ് അരവണ വിതരണം നിര്‍ത്തി വെച്ചത്. ഒരു ടിന് അരവണയ്ക്ക് 65 രൂപയാണ് വില.
ശര്‍ക്കരയുടെ ക്ഷാമംമൂലം ശനിയാഴ്ച രാവിലെ സന്നിധാനത്തെ അരവണ ഉത്പാദനം നിര്‍ത്തിവെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഭക്തര്‍ക്ക് അരവണ നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതിനിടയിലാണ് നിലയ്ക്കലില്‍ കണ്ടെയ്നറും തീര്‍ന്നത്. സന്നിധാനത്ത് പ്രതിദിനം രണ്ട് ലക്ഷത്തി എഴുുപതിനായിരത്തോളം ടിന് അരവണയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്.
കൂടുതല്‍ ശര്‍ക്കരയെത്തിക്കാന്‍ കരാറുകാരനോട് ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ്, അധികം ശര്‍ക്കര ശേഖരിക്കുന്നതിനായി ടെന്‍ഡറും വിളിച്ചു. വരുംദിവസങ്ങളില്‍ ഭക്തരുടെ തിരക്കുകൂടുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ അരവണയുടെ കരുതല്‍ശേഖരം കൂട്ടേണ്ടതുണ്ട്.
ദിനംപ്രതി നാലുലോഡ് ശര്‍ക്കരയാണ് ഇപ്പോള്‍ എത്തിക്കുന്നത്. ഏകദേശം മൂന്നേകാല്‍ ലക്ഷം ടിന് അരവണയാണ് പ്രതിദിനം ഭക്തര്‍ക്ക് നല്‍കുന്നത്. ഉടന്‍ കൂടുതല്‍ ശര്‍ക്കര എത്തിച്ച് ആവശ്യത്തിനുള്ള അരവണ തയ്യാറാക്കിത്തുടങ്ങുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: